രചന : അഫ്സൽ ബഷീർ തൃക്കോമല✍️
ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു.സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് .അദ്ദേഹത്തിന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന ബോധ്യത്തിലാണ് സർക്കാർ1985 മുതൽ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചത് . എന്നാൽ 1965 മുതൽ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യുവാക്കളെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയിലേക്ക് ചേര്‍ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു .പിന്നീട് 1985 അന്താരാഷ്ട്ര യുവജന വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും
1999 ല്‍ ലിസ്ബനില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിൽ ആദ്യമായി തീരുമാനം കൈക്കൊള്ളുകയും ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് .
1863 ജനുവരി 12 ന് കൽക്കട്ടയിലെ സിംലയിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും പുരാണപണ്ഡിതയായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമത്തെ മകനായി സ്വാമി വിവേകാനന്ദൻ ജനിച്ചു.
യഥാർത്ഥ പേര് ‘നരേന്ദ്രനാഥ് ദത്തൻ’ എന്നാണ്.മെട്രോപൊളിറ്റൻ സ്കൂളിൽ തന്റെ ഏഴാം വയസ്സിൽ ചേർന്നു. അതിനുശേഷം 1879-ൽ ഹൈസ്കൂൾ പഠനം ഒന്നാം ക്ലാസോടെ പാസായി. തുടർന്ന് പ്രസിഡൻസി കോളേജിൽ ചേർന്ന് പഠിച്ചു. പരന്ന വായനയിലൂടെ കൂടുതൽ അറിവ് സമ്പാദിച്ചു. ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പാശ്ചാത്യ തത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു.വായ്പാട്ടും ഹിന്ദി, ഉർദു, പേർഷ്യൻ സംഗീതങ്ങളും ഉപകരണ സംഗീതവും പഠിച്ചിട്ടുള്ള അദ്ദേഹം മികച്ച ഒരു ഗായകനുമായിരുന്നു .1881-ൽ ശ്രീരാമകൃഷ്ണ പരമഹംസനുമായുള്ള കൂടിക്കാഴ്ചയിൽ “ആത്മാർത്ഥമായി ഈശ്വരദർശനത്തിന് ആഗ്രഹിക്കുന്നവന് ഈശ്വരൻ പ്രത്യക്ഷപ്പെടും”എന്ന തന്റെ ചോദ്യത്തിനുള്ള പ്രാഥമിക ഉത്തരം ലഭിച്ചതോടെ ആത്മീയഗുരുവായി ശ്രീരാമകൃഷ്ണ പരമഹംസനെ കാണുകയും വിവേകാനന്ദനിൽ തന്റെ പിൻഗാമിയെ ശ്രീരാമകൃഷ്ണ പരമഹംസൻ കണ്ടെത്തുകയും ചെയ്തു.
ഈശ്വരനെ കാണാൻ സാധിക്കുമോ?, ജീവിതത്തിന്റെ അർത്ഥമെന്താണ്? തുടങ്ങി പ്രപഞ്ചത്തിനേയും ഈശ്വരനെയും പൂർണ്ണമായും അറിയുക എന്ന ലക്ഷ്യത്തിൽ ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഭാരതപര്യടനത്തിനായി1888 ൽ അദ്ദേഹം പുറപ്പെട്ടു.
വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു ആദ്യത്തെ യാത്ര. തെക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ട അദ്ദേഹം1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ ഏറെ പ്രസക്തമാണ്. ചട്ടമ്പിസ്വാമികളാണ് ചിന്മുദ്രയുടെ രഹസ്യം അദ്ദേഹത്തിന് വെളിപ്പെടുത്തികൊടുത്തത് എന്ന് പറയപ്പെടുന്നുണ്ട് . കേരളത്തിലെ ജാതി വ്യവസ്ഥയിലും അനാചാരങ്ങളിലും അസ്വസ്ഥനായ അദ്ദേഹം”കേരളം ഭ്രാന്താലയം” ആണെന്ന് പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം 1892 ഡിസംബെർ 25,26,27 ദിവസങ്ങളിൽ ധ്യാനനിരതനായി ഇരുന്നു. ഈ പാറയാണ് പിന്നീട് വിവേകാനന്ദപ്പാറ ആയി മാറിയത്. അക്കാലത്ത് ചിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച് അറിവുണ്ടായിരുന്ന ചില ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത് അദ്ദേഹത്തെ സമീപിച്ചപ്പോൾ ആ പണം പാവപ്പെട്ടവർക്ക് നൽകാൻ സ്നേഹ ബുദ്ധിയാ ഉപദേശിച്ചു .
എന്നാൽ 1893-ൽ അദ്ദേഹത്തിന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിന്റെ നിർബന്ധത്തിനു വഴങ്ങി വിവേകാനന്ദൻ എന്ന പേര് സ്ഥിരമായി സ്വീകരിക്കുകയും രാജാവ് നൽകിയ ടിക്കറ്റിൽ ചിക്കാഗോയിലേക് പോകുവാൻ തീരുമാനിക്കുകയും ചെയ്തു 1893 ജനുവരി 12-ന് മുംബൈ തുറമുഖത്തുനിന്ന് പെനിൻസുലാർ എന്ന കപ്പലിൽ ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂർ, ഹോങ്കോങ്ങ്, ചൈന, ജപ്പാൻ, കാനഡതുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.കാനഡയിലെ വാൻകൂവറിൽ
നിന്ന് ചിക്കാഗോയിലെത്തി.
കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനത്തിന്റെ
അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ അനുകൂലമായ മറുപടിയല്ല ലഭിച്ചത്.
പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും അദ്ദേഹം അവിടെ വച്ച് പരിചയത്തിലായ ജെ. എച്ച്. റൈറ്റ് സംഘാടകർക്ക് ഈ “ഇന്ത്യക്കാരനായ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചുചേർത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം “
എഴുതിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ചിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്.
1893 സെപ്റ്റംബർ11ന് കൊളംബസ് ഹാളിൽ നടത്തിയ “അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരേ. നിങ്ങൾ ഞങ്ങൾക്കു നൽകിയ ആവേശപൂർവവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാൻ എഴുന്നേൽക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദംകൊണ്ടു നിറയുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സന്ന്യാസി പരമ്പരയുടെ പേരിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു.മതങ്ങളുടെ മാതാവിന്റെ പേരിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു; സർവ വർഗ വിഭാഗങ്ങളിലുംപെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു” എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം ലോക ശ്രദ്ധ നേടി .
പ്രസംഗത്തിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ ആകാര സൗന്ദര്യം സംഘാടകരെ ആകർഷിച്ചിരുന്നു.
17 ദിവസങ്ങൾ നീണ്ടു നിന്ന മത സമ്മേളനത്തിൽ പ്രധാനമായും 8 പ്രസംഗങ്ങൾ അദ്ദേഹം നടത്തി. പ്രസംഗത്തിന് സമയ പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും കൂടുതൽ സമയം അദ്ദേഹത്തിന് നല്കിയിരുന്നു. മാത്രമല്ല ആദ്യ പ്രസംഗത്തിന് ശേഷം സദസ്യരെ പിടിച്ചിരുത്താൻ അദ്ദേഹത്തിന്റെ പ്രസംഗം സമ്മേളനത്തിന്റെ ഒടുവിലേക്ക് നീട്ടി വെക്കുവാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ” ദി ന്യൂയോര്ക്ക് ഹെറാൾഡ് “മത സമ്മേളനത്തിലെ മഹാനായ വ്യക്തി സ്വാമി വിവേകാന്ദനാണെന്നുള്ളതിൽ സംശയമില്ല” എഴുതിയതും ചരിത്രം .
1894-ൽ ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി അദ്ദേഹം സ്ഥാപിച്ചു. പിന്നീട് ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് .പ്രസംഗത്തിൽ”വിഭാഗീയതയും മൂഢമായ കടുംപിടിത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കൈയടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ടു നിറച്ചിരിക്കുന്നു. അതിനെ മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാൽ, അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാർഥം ഇന്നു പുലർകാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റെയും വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗർമനസ്സ്യങ്ങളുടെയും മരണമണിയായിരിക്കട്ടെ എന്നു ഞാൻ അകമഴിഞ്ഞ് ആശിക്കുന്നു”
അദ്ദേഹം ഉയർത്തിക്കാട്ടിയത് നൂറ്റി മുപ്പതു വർഷത്തിന് ഇപ്പുറം വർത്തമാനകാലത്തു പോലും പ്രസക്തമാണ്
പൊട്ടക്കിണറ്റിലെ തവളയുടെ കഥയും ഈ പ്രസംഗങ്ങളിൽ ഉദാഹരിച്ചിട്ടുണ്ട് “എല്ലാ മതങ്ങളും കിണറ്റിലെ തവളകളെ പോലെയാണെന്നും അതിനപ്പുറം ലോകമില്ലെന്ന് കരുതുന്നവരാണെന്നും “പറഞ്ഞു ഓരോ ഇന്ത്യക്കാരനും ഏറ്റവും പ്രധാനം മതമല്ലെന്നും ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനമാണെന്നും ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു . സമ്മേളനത്തിന്റെ അവസാന ദിനം സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് “പോരടിക്കാതെ,
സഹായിക്കുക”എന്ന ആഹ്വാനത്തോടെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ ലോകത്തു ഒരു പുതു ചരിത്രം രചിക്കുകയായിരുന്നു .
“നമ്മുടെ നാടിന് ഇന്നാവശ്യം ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് ” എന്ന്
ഉല്ബോധിപ്പിച്ച ഇന്ത്യയിലെ മുഴുവൻ
ജനങ്ങളുടെയും സ്വത്തായ ജാതി
മത ചിന്തകൾക്ക് അതീതനായ ആ
സന്യാസി ശ്രേഷ്ഠൻ ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരമാണ് .അദ്ദേഹത്തിന്റെ കൃതികൾ പലഭാഗത്തായി നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും സ്വരൂപിച്ചതും ,പ്രധാനമായും നാലു യോഗങ്ങളായ രാജ യോഗം കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിവയെ സംബന്ധിച്ചവയാണ്. ഇന്നും അടിസ്ഥാനഗ്രന്ഥങ്ങളായി ഇതെല്ലാം ഉപയോഗിക്കുന്നുമുണ്ട് .അദ്ദേഹം പല സുഹൃത്തുക്കൾക്കായി പലപ്പോഴായി എഴുതിയ കത്തുകളും ആത്മീയവും സാഹിത്യവുമായ മൂല്യങ്ങൾ ഉള്ളവയാണ്.നിരവധി കീർത്തനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുമുണ്ട് .
1902 ജൂലൈ 4 ന്
നാൽപ്പത് വർഷം ജീവിക്കില്ലെന്ന അദ്ദേഹത്തിന്റെ തന്നെ പ്രവചനം ഫലിച്ചു മഹാസമാധിയടഞ്ഞു.
ആധുനിക കാലത്തെ ഭൗതികവാദവും നിരീക്ഷണ പാടവവും ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയൊന്നും മത തത്വങ്ങൾക്കെതിരല്ലെന്നും ഭാരത സംസ്കാരത്തെ പൂർണ്ണമായും ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിക്കുക കൂടി ചെയ്തു ലോകത്തു ഇന്ത്യയുടെ യശസ്സുയർത്തിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനം തന്നെയാണ് ഈ ദിനത്തിന് ഏറ്റവും
അനുയോജ്യമായതെന്നതിൽ രണ്ടു പക്ഷമില്ല.
അദ്ദേഹത്തെ ഒരു ജനവിഭാഗത്തിനോ പ്രസ്ഥാനത്തിനോ ഏറ്റെടുക്കാൻ കഴിയില്ല കാരണം ഹാർഡ്‌വേഡ് സർവകലാശാലയുടെപൗരസ്ത്യ തത്വ ചിന്താ വകുപ്പിന്റെ തലവനാകാൻ ക്ഷണിച്ച അദ്ദേഹം
വിനയപൂർവം നിരസിച്ചതും സാഹിത്യമുൾപ്പടെ സമസ്ത മേഖലയിലും കൈയ്യൊപ്പുള്ള അദ്ദേഹത്തെ കുറിച്ച് രവീന്ദ്ര നാഥ ടാഗോർ പറഞ്ഞത് “ഇന്ത്യയെ അറിയാൻ വിവേകാന്ദനെ അറിഞ്ഞാൽ മതി “എന്നാണ്.
സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പൊതു മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വർധിപ്പിക്കാമെന്ന് ഈ ദിനം പരിശോധിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ പതിനഞ്ചു വയസു മുതൽ ഇരുപത്തിയഞ്ചു വയസുവരെയുള്ളവരെയാണ് യൂവജനങ്ങൾ എന്ന് പറയുന്നത് ആഗോള ജനസംഖ്യയുടെ പതിനാറു ശതമാനത്തോളം വരുന്ന യുവ ജനങ്ങളിൽ ഭൂരി ഭാഗവും തൊഴിൽ രഹിതരാണ് .മാത്രമല്ല
അസ്ഥിരമായ തൊഴിൽ
മേഖലകളിൽ ജോലി ചെയ്യുന്നവരും ,
വിദ്യാഭ്യാസത്തെ വേണ്ട വിധം വിനിയോഗിക്കാത്തവരുമാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ് .
കൂണ് പോലെ മുളച്ചു നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പണം വാങ്ങി വിവിധ ബിരുദങ്ങൾ പഠിപ്പിക്കുകയും കുറഞ്ഞ മാർക്കിൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് യുവജനങ്ങളുടെ ഭാവി തുലാസിലാക്കിയെന്നു പറയാതെ വയ്യ. അറുനൂറു ദശ ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ ആവശ്യമായുള്ളത് .ശുഭ്രവർണ്ണ ജോലികളുടെ പുറകെ നടന്നു കാലം കഴിച്ചുകൂട്ടാൻ വിധിക്കപെട്ടവരായി ഓരോ തലമുറയെയും മാറ്റുന്നതിൽ ഭരണ കൂടത്തിന്റെ പങ്കും ചെറുതല്ല .ഒപ്പം അരാഷ്ട്രീയ വാദികളുടെ ജല്പനങ്ങളിൽ യുവ തലമുറ വളരെ പെട്ടന്ന് ആകൃഷ്ടരാകുകയും ഒരു കാലത്തും നടപ്പിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ വക്താക്കളാക്കി അവരെ മാറ്റാൻ ശ്രമിക്കുന്നതും വർത്തമാന കാല ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നു .ഇന്ത്യയെ ഒരു ശക്തമായ രാജ്യമാക്കി മാറ്റുക എന്ന പ്രമേയമാണ് 2025 ലെ ദേശീയ യുവജനദിനം മുന്നോട്ടുവെയ്ക്കുന്നത് .
അതിനാവശ്യമായ
എന്ത് മുൻകരുതലുകൾ സർക്കാർ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നു എന്ന് തുറന്നു പറയട്ടെ .
ലോകത്തിലെ ഏറ്റവും കൂടുതൽ മാനവ വിഭവ ശേഷിയുള്ള ഇന്ത്യ രാജ്യത്തു രാഷ്ട്രീയവും മത സാമൂദായിക വിഷയങ്ങളിലും വൈര്യനിര്യാതന ബുദ്ധിയോടെ എതിർ പക്ഷത്തുള്ളവരെ തെരുവിൽ നേരിടുന്നതും ഉന്മൂലനം ചെയ്യുന്നതും നേതൃത്വങ്ങൾ അതിനു പ്രേരിപ്പിക്കുന്നതും ആർഷ ഭാരത സംസ്കാരത്തിന് എതിരാണ്, മാത്രമോ അന്താരാഷ്ട്ര തലത്തിൽ നാടിന്റെ യശസ്സില്ലാതാക്കുന്നതാണ് .
കേരളത്തിലെ യുവജനങ്ങൾ മഹാവ്യാധി കാലത്തും , ദുരന്തമുഖങ്ങളിലും അനിർവചനീയമായ മഹാ സാന്നിധ്യമായി മാറുന്നതും ,വലിയ പ്രകൃതി ക്ഷോഭ ഘട്ടങ്ങളിൽ നാം നേരിട്ട് അത് കണ്ടറിഞ്ഞതുമാണ് .അപ്പോഴും സ്വന്തമായി ജോലി കണ്ടു പിടിക്കുന്നതിലും മാന്യമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിലും പുറകോട്ടു പോകുന്നതിലെ വൈരുധ്യവും തിരിച്ചറിയേണ്ടതുണ്ട് .
യുവാക്കളുടെ ഇടയിൽ പരന്ന വായന നഷ്ടപ്പെട്ടതും സമൂഹ മാധ്യമങ്ങളിൽ അനാവശ്യ ഇടപെടലുകളും ഇന്റർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും പുകവലിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വർധിത വീര്യമുള്ള മറ്റു ലഹരി പാതാർത്ഥങ്ങളുടെ ഉപയോഗവും ഇക്കൂട്ടരെ സാമൂഹിക വ്യവസ്ഥകളിൽ നിന്ന് പുറകോട്ടടിച്ചിട്ടുണ്ട് .സ്വന്തം കുടുംബത്തിലുള്ളവരെ വരെ വകവരുത്തുകയും സദാചാര വിരുദ്ധ പ്രവർത്തന ങ്ങൾ പോലും യാതൊരു മടിയുമില്ലാതെ ചെയ്യുകയും നാടിനെ ഭീതിയിൽ നിർത്തുകയും ചെയ്യുക വഴി നാടിനു ശാപമായി ഒരു കൂട്ടം യുവാക്കൾ മാറുന്നു എന്നത് ഭയപെടുത്തുന്നുണ്ട് .
കഴിഞ്ഞ നാളുകളിൽ മഹാവ്യാധിയുടെ പ്രഹര ശേഷിയെ തുടർന്ന് പൂർണ്ണമായോ ഭാഗികമായോ ഓരോ വ്യക്തിക്കും നഷ്ടങ്ങളുടെ വ്യാപ്തി കൂടുകയും തൊഴിലവസരങ്ങൾ ഇല്ലാതാകുകയും ചെയ്തതും ഡിജിറ്റൽ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ കടന്നു വരവ് മൂലം അലസതയിലേക്ക് യുവതലമുറ കൂപ്പുകുത്തിയതും ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .
കക്ഷി രാഷ്ട്രീയത്തിലും മത സാമൂദായിക മേഖലകളിലും വയോ വൃദ്ധരായ ആളുകൾ അധികാര സ്ഥാനങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കാതെ അർഹരായ യുവജനങ്ങൾക്ക് വേണ്ടി വഴിമാറി കൊടുക്കാൻ തയ്യാറാകണം .തെറ്റുകൾ തിരുത്തി കൂടുതൽ ഊർജ്ജസ്വലതയോടെ യുവ ജനത ചിന്തിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രാദേശികം മുതൽ അന്താരാഷ്ട്ര വിഷയങ്ങളിൽ വരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു തലമുറയായി വളർന്നു വരികയും ചെയ്യും എന്ന പ്രത്യാശിക്കാം.
“ഓരോ ആത്മാവും ലീനമായി ദൈവികമാണ്”
“എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.”
“ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാൻ നിബോധതാ “
യുവജന ദിനാശംസകൾ..

