ആകുലതയെന്തിനാ,യാരാമപുലരിപോൽ
ആജന്മ രമ്യമാം പ്രകൃതിപോലുണരുക
ആചാര്യ ഹൃദയവാക്യങ്ങൾ സ്മരിക്കുക;
ആദരമായുദയപ്രദീപം തെളിക്കുക.

ആജാനമനോഹരമോരോ പ്രഭാതവും
ആചന്ദ്രതാരം തുടരുവാൻ പ്രേരകം
ആജീവനാന്തം നുകരുവാനെങ്കിലും
ആപാദമധുരമാക്കുന്നുദയ ഗ്രാമ്യകം.

ആട്ടക്കഥപോൽ മനസ്സിലാകില്ലാദ്യം
ആത്മപരിശോധയാവശ്യമനുദിനം
ആ ദിവ്യനാം തമ്പുരാന്റെയനുഗ്രഹം
ആത്മവിശ്വാസമുയർത്തും; പ്രഭാമയം.

ആനുകൂല്യത്തിൻ മഹാഫലം ജീവിതം
ആനന്ദമാക്കാൻ ശ്രമിക്ക,നാം സാദരം
ആനുഗത്യം നമുക്കേകുന്നു പിൻബലം
ആന്തരാർത്ഥങ്ങൾ കുറിക്കുന്നു ദൈവകം.

ആപതിക്കാൻ ശ്രമിക്കുന്നവർക്കുള്ളിലും
ആദിത്യകിരണമായുണരാൻ ശ്രമിക്കണം
ആ ദിവ്യഹൃദയമായുണരുന്ന പുലരി പോൽ
ആമൂർധപാദം പകർന്നേകയാദരം.

ആയാസമില്ലാതെ,യുദയവാനിൽ സദാ-
ആദിത്യശക്തിയാൽ പാറില്ല പറവകൾ
ആയുർബലത്തോതളക്കാതെ സ്തുത്യമായ്
ആത്മാർത്ഥമായി വർത്തിക്കണം; മർത്യകം.

ആദരണീയരായുള്ളവർ കൃത്യമായ്
ആയോജനത്താലുയർത്തീ; സ്വജീവിതം
ആയോധനമല്ല; ജീവിതം, ചിന്തതൻ
ആരാമശോഭ പകരുന്നതാം കാവ്യകം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *