മനുഷ്യചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് നമ്മുടെ ആയുർദൈർഘ്യത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ. ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ്, കൃഷി ആരംഭിച്ച കാലഘട്ടത്തിൽ മനുഷ്യന്റെ ശരാശരി ആയുസ്സ് വെറും 18 മുതൽ 25 വയസ്സുവരെ മാത്രമായിരുന്നു. എന്നാൽ ഇന്ന് നാം 80-90 വയസ്സുകളെക്കുറിച്ച് സംസാരിക്കുന്നു. ഈ മാറ്റത്തിന് പിന്നിൽ ജൈവശാസ്ത്രവും ശാസ്ത്രപുരോഗതിയും ഒത്തുചേരുന്ന വലിയൊരു കഥയുണ്ട്.

ശരാശരിയുടെ കെണി

പഴയകാലത്തെ 18 വയസ്സ് എന്നത് എല്ലാവരും ആ പ്രായത്തിൽ മരിച്ചിരുന്നു എന്നല്ല അർത്ഥമാക്കുന്നത്. അക്കാലത്ത് ശിശുമരണ നിരക്ക് വളരെ കൂടുതലായിരുന്നു. ജനിക്കുന്ന പകുതി കുട്ടികളും അഞ്ചു വയസ്സിനു മുമ്പ് മരണപ്പെട്ടിരുന്നു. ഈ കടമ്പ കടന്നുകിട്ടുന്നവർ അക്കാലത്തും 40-50 വയസ്സുവരെ ജീവിച്ചിരുന്നു. അതായത്, പ്രകൃതി മനുഷ്യനെ രൂപകൽപ്പന ചെയ്തിരിക്കുന്നത് കുറഞ്ഞത് 50 വർഷമെങ്കിലും ജീവിക്കാനാണ്.

പ്രകൃതിയുടെ ‘ജൈവ പ്രോഗ്രാം’

മനുഷ്യശരീരത്തിന്റെ ഡിസൈൻ പരിശോധിച്ചാൽ പ്രകൃതി നമുക്ക് നൽകിയിട്ടുള്ള ആയുസ്സിന്റെ സൂചനകൾ ലഭിക്കും.
ഒരു സ്ത്രീയുടെ ജീവിതകാലത്ത് ഏകദേശം 500 അണ്ഡങ്ങൾ പുറത്തുവിടാനുള്ള ശേഷിയുണ്ട്. പ്രതിമാസം ഒരു അണ്ഡം വെച്ച് പുറത്ത് വിടുമ്പോൾ അത് കാണിക്കുന്നത് ഉദ്ദേശം 50 വയസ്സുവരെയുള്ള പ്രത്യുൽപാദന കാലയവാണ്.അത്രയും കാലം അവൾ ജീവിക്കണമെന്ന് പ്രകൃതി നിശ്ചയിച്ചിരുന്നു എന്നാണ്.
പുരുഷന്മാർക്ക് 70-80 വയസ്സുവരെയും ബീജോത്പാദന ശേഷിയുണ്ട്. ഗോത്രത്തിന്റെ സംരക്ഷകനായും അറിവ് പകർന്നു നൽകുന്നവനായും പുരുഷൻ ദീർഘകാലം നിലനിൽക്കേണ്ടത് വംശത്തിന്റെ ആവശ്യമായിരുന്നു.
പക്ഷെ ഇടക്ക് ഇടക്ക് ഉണ്ടാകുന്ന മാരക പകർച്ച വ്യാധികൾ,മറ്റ്‌ രോഗങ്ങൾ,പ്രകൃതി ദുരന്തങ്ങൾ,നീണ്ട് നിന്ന യുദ്ധങ്ങൾ തുടങ്ങിയവ ഈ ഭൗതിക സാഹചര്യങ്ങൾ ഇതില്ലാതാക്കി. ഹാർഡ് വയർ
ഉണ്ടെങ്കിലും സോഫ്റ്റ്‌ വയർ പ്രശ്നക്കാരനായി

വേട്ടയാടലിൽ നിന്ന് കൃഷിയിലേക്ക്

കൃഷി തുടങ്ങിയതോടെ മനുഷ്യൻ ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കി. ഇത് ജനസംഖ്യ വർദ്ധിപ്പിച്ചെങ്കിലും വ്യക്തികളുടെ ആരോഗ്യത്തെ ബാധിച്ചു. ധാന്യങ്ങൾ മാത്രമുള്ള ഭക്ഷണരീതി പല്ലുതേയ്മാനത്തിനും വിളർച്ചയ്ക്കും കാരണമായി. കഠിനമായ അധ്വാനം നട്ടെല്ലിന് തേയ്മാനമുണ്ടാക്കി. എങ്കിലും വേട്ടയാടി നടന്ന കാലത്തേക്കാൾ കൂടുതൽ ഭക്ഷണവും സുരക്ഷിതത്വവും ലഭിച്ചതോടെ മനുഷ്യവർഗ്ഗം ഭൂമിയിൽ പടർന്നു പന്തലിച്ചു.

സ്ത്രീ-പുരുഷ ആയുസ്സിലെ വ്യത്യാസം

മിക്കവാറും എല്ലാ കാലഘട്ടങ്ങളിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നു. ഇതിന് ജൈവികമായ കാരണങ്ങളുണ്ട്:
സ്ത്രീകൾക്ക് രണ്ട് X ക്രോമസോമുകൾ (XX) ഉള്ളത് ഒരു ബാക്കപ്പ് ആയി പ്രവർത്തിക്കുന്നു.
ഈസ്ട്രജൻ ഹോർമോൺ സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിച്ചു.
അണുബാധകളെ ചെറുക്കാൻ സ്ത്രീശരീരം പുരുഷശരീരത്തേക്കാൾ വേഗത്തിൽ പ്രതികരിച്ചു കാരണം അധികം x ക്രോമസോം അതിന് അവളെ സഹായിച്ചു.

ഇലോൺ മസ്കും. ജൈവ പ്രോഗ്രാമും

ഇന്ന് ഇലോൺ മാസ്‌കിനെപ്പോലുള്ളവർ പറയുന്നത് മനുഷ്യന്റെ ആയുസ്സ് എന്ന ‘പ്രോഗ്രാമിനെ’ നമുക്ക് നീട്ടാൻ കഴിയുമെന്നാണ് പറയുന്നത്.ഡി.എൻ.എ എഡിറ്റിംഗിലൂടെയും പുതിയ സാങ്കേതികവിദ്യകളിലൂടെയും 150 വയസ്സുവരെ ജീവിക്കുക എന്നത് ഭാവിയിൽ അസാധ്യമാകില്ല. അമിതമായ ജനസംഖ്യയെ നേരിടാൻ കൃത്രിമ ആഹാരസാധനങ്ങളും അന്യഗ്രഹവാസവും (Space Colonization) വഴിയൊരുക്കുമെന്നും കരുതപ്പെടുന്നു.
10,000 വർഷം മുമ്പുള്ള 18 വയസ്സിൽ നിന്ന് ഇന്നത്തെ 80 വയസ്സിലേക്കുള്ള ദൂരം മനുഷ്യന്റെ ഇച്ഛാശക്തിയുടെ അടയാളമാണ്. പ്രകൃതി നൽകിയ ആ ജൈവ പ്രോഗ്രാമിനെ ശാസ്ത്രത്തിലൂടെ നാം ഇനിയും തിരുത്ത് എന്ന കാര്യത്തിൽ സംശയമില്ല.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *