വൈറൽ മീഡിയ ✍️
ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക എന്നതല്ല മറിച്ച് വിവേകത്തോടെ ശരിയായവ തിരഞ്ഞെടുക്കുക എന്നതാണ് പ്രമേഹരോഗികളടക്കമുള്ളവർ ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. രാവിലെ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പാക്ക്‌ചെയ്ത ജ്യൂസുകൾ, മധുരം ചേർത്ത ചായ, കാപ്പി എന്നിവ പെട്ടെന്ന് ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയും ദിവസം മുഴുവൻ ക്ഷീണത്തിനും ഊർജക്കുറവിനും കാരണമാവുകയും ചെയ്യും.
പഞ്ചസാരയില്ലാത്തവ കഴിക്കുന്നത് ജലാംശം, ദഹനം, ഇൻസുലിൻ സെൻസിറ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കും. ദിവസം ശരിയായി തുടങ്ങാനും അത് സഹായിക്കും. രാവിലെ കുടിക്കാവുന്ന ഷുഗർഫ്രീ ആയ ചില പാനീയങ്ങൾ പരിചയപ്പെടാം.
ഇളം ചൂടുവെള്ളത്തിൽ നാരങ്ങനീരൊഴിച്ച് കുടിക്കാം
”ദീർഘനേരത്തെ ഉറക്കത്തിന് ശേഷം ശരീരത്തിന് ജലാംശം നൽകാനും ദഹനത്തെ പിന്തുണയ്ക്കാനും ഇളം ചൂടുവെള്ളത്തിൽ നാരങ്ങനീരൊഴിച്ച് കുടിക്കുന്നത് സഹായിക്കുമെന്നാണ് ഡയറ്റീഷ്യൻ സുഖ് സബിയ പ്രീത് കൗർ ഒബ്രോയി ഹെൽത്ത് ഷോട്ട്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
നാരങ്ങ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. എന്നാൽ വെള്ളം വിഷാംശം പുറന്തള്ളാനും ഉപാപചയത്തെ സാവധാനത്തിൽ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. വയറു വീർക്കുന്നത് കുറയ്ക്കാനും രാവിലെ ഉന്മേഷവും ഊർജസ്വലതയും നൽകാനും ഈ പാനീയം സഹായിക്കും.
ഗ്രീൻ ടീ
പ്രമേഹ രോഗികൾക്ക് കുടിക്കാവുന്ന മറ്റൊരു പ്രഭാത പാനീയമാണ് ഗ്രീൻ ടീ. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ഇൻഫ്‌ളമേഷൻ കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും. കോക്ക്രെയിൻ ഡാറ്റാബേസ് ഓഫ് സിസ്റ്റമാറ്റിക് റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഗ്രീൻ ടീ ഫാറ്റ് ഓക്‌സിഡേഷനും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. പഞ്ചസാരയോ തേനോ ചേർക്കാതെ കഴിക്കുമ്പോൾ, ഇതിൽ കലോറി ഉണ്ടാകില്ല. കൂടാതെ ഗ്ലൂക്കോസ് വർധിപ്പിക്കാതെ തന്നെ ഉന്മേഷം മെച്ചപ്പെടുത്തും.
കറുവപ്പട്ട വെള്ളം
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ കറുവപ്പട്ട വെള്ളം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ‘കറുവപ്പട്ട കഷ്ണങ്ങൾ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവച്ച് രാവിലെ കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഗ്ലൂക്കോസ് അളവ് സ്ഥിരപ്പെടുത്താനും സഹായിച്ചേക്കും,’ ഡയറ്റീഷ്യൻ പറയുന്നു. സ്വാഭാവികമായി ചൂടാവാൻ കഴിയുന്നതിനാൽ മികച്ച രക്തയോട്ടത്തിനും ദിവസാരംഭത്തിൽ കൂടുതൽ ശ്രദ്ധയും ഊർജവും നൽകാനും കറുവപ്പട്ട വെള്ളം സഹായിക്കും.
ഹെർബൽ ടീ
ചാമോമൈൽ, പുതിന, അല്ലെങ്കിൽ ഇഞ്ചി ചായ പോലുള്ള മധുരം ചേർക്കാത്ത ഹെർബൽ ചായകൾ മറ്റ് ഓപ്ഷനുകളാണ്. ഈ ചായകൾ ദഹനത്തെ പിന്തുണയ്ക്കുകയും സമ്മർദം കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഇഞ്ചി ചായ രക്തയോട്ടം വർധിപ്പിക്കാനും പ്രഭാതത്തിലെ ക്ഷീണം കുറയ്ക്കാനും സഹായിച്ചേക്കാം. ഇത് പ്രമേഹം നിയന്ത്രിക്കുന്ന ആളുകൾക്ക് ആശ്വാസകരമായ ഒരു തിരഞ്ഞെടുപ്പാണ്.
പച്ചക്കറികൾകൊണ്ടുള്ള ജ്യൂസുകൾ
വെള്ളരി, ചീര, ചുരയ്ക്ക, സെലറി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചക്കറി ജ്യൂസുകൾ ഉന്മേഷദായകവും പോഷകഗുണമുള്ളതുമാണ്. ഉപ്പ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാതെ തയ്യാറാക്കുമ്പോൾ, അവ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ നൽകുന്നു. സയന്റിഫിക് റിപ്പോർട്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പച്ചക്കറികൊണ്ടുള്ള പാനീയങ്ങൾക്ക് ഉപാപചയത്തെയും ദഹനത്തെയും പിന്തുണയ്ക്കാൻ കഴിയുമെന്നു വ്യക്തമാക്കുന്നു.
ബ്ലാക്ക് കോഫി
പഞ്ചസാരയോ ക്രീമോ ചേർക്കാതെ കഴിക്കുന്ന ബ്ലാക്ക് കോഫി, മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് നല്ലതാണ്. കഫീന്റെ അളവ് കാരണം ഇത് ഉണർവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നു. ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച 2023-ലെ ഒരു പഠനം അനുസരിച്ച് കോഫി ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ഉലുവ വെള്ളം
പ്രമേഹം നിയന്ത്രിക്കാൻ പരമ്പരാഗതമായി ശുപാർശ ചെയ്യുന്ന ഒരു പാനീയമാണ് ഉലുവ വെള്ളം. ‘ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ഇൻസുലിൻ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഡയറ്റീഷ്യൻ സബിയ പറയുന്നു.
ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വെറും വയറ്റിൽ, കുതിർത്ത ഉലുവ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.
