രചന : വലിയശാല രാജു ✍️
നമ്മുടെ ആധുനിക നീതിന്യായ വ്യവസ്ഥ തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ സത്യം തെളിയിക്കാൻ അവലംബിച്ചിരുന്നത് ദൈവനിശ്ചയമെന്ന് വിശ്വസിച്ചിരുന്ന അതിക്രൂരവും വിചിത്രവുമായ പരീക്ഷകളെയായിരുന്നു. ഇതിന്റെ പ്രധാന കേന്ദ്രമായിരുന്നു കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം.
കൈമുക്കൽ അഗ്നിപരീക്ഷയുടെ ക്രൂരത
സാധാരണക്കാർക്കും നായർ സമുദായത്തിൽപ്പെട്ടവർക്കും ഇടയിലുള്ള കുറ്റാരോപിതർക്ക് നൽകിയിരുന്ന പരീക്ഷയായിരുന്നു ‘കൈമുക്കൽ’. മോഷണമോ ചാരിത്ര്യലംഘനമോ ആരോപിക്കപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കാൻ ഈ മാർഗ്ഗമാണ് ഉണ്ടായിരുന്നത്.
ക്ഷേത്രത്തിലെ പ്രത്യേക മണ്ഡപത്തിൽ വെച്ച് ഒരു വലിയ ചെമ്പ് പാത്രത്തിൽ നെയ്യ് തിളപ്പിക്കും. അതിലേക്ക് ഒരു ലോഹവിഗ്രഹമോ നാണയമോ ഇടും. കുറ്റാരോപിതൻ തിളക്കുന്ന നെയ്യിൽ കൈമുക്കി അത് പുറത്തെടുക്കണം.
അതിന് ശേഷം കൈ തുണി കൊണ്ട് ചുറ്റി സീൽ ചെയ്യും.
മൂന്ന് ദിവസത്തിന് ശേഷം കെട്ട് അഴിച്ച് പരിശോധിക്കുമ്പോൾ കൈപ്പത്തിയിൽ പൊള്ളലേറ്റാൽ അയാൾ കുറ്റവാളിയാണ്. പൊള്ളലില്ലെങ്കിൽ നിരപരാധിയായി പ്രഖ്യാപിക്കും. മിക്കപ്പോഴും കടുത്ത പൊള്ളലേൽക്കുന്ന പ്രതികൾക്ക് അംഗവൈകല്യമോ മരണമോ വരെ സംഭവിക്കുമായിരുന്നു.
ബ്രാഹ്മണർക്കുള്ള ‘തുലാഭാര പരീക്ഷ’
ബ്രാഹ്മണർ കുറ്റാരോപിതരാകുമ്പോൾ അവർക്ക് ശാരീരിക പീഡനമേൽക്കാത്ത മറ്റൊരു രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിനെ ‘ഘടസർപ്പം’ അല്ലെങ്കിൽ തുലാപരീക്ഷ എന്ന് വിളിക്കുന്നു.
കുറ്റാരോപിതനെ ഒരു തുലാസിന്റെ
ഒരു തട്ടിലും മറുതട്ടിൽ കല്ലുകളും മണ്ണും വെച്ച് തുലനം ചെയ്യും. തുടർന്ന് ഇയാളുടെ കുറ്റം എഴുതിയ പനയോല തലയിൽ കെട്ടിവെക്കും.
രണ്ടാമത് തൂക്കി നോക്കുമ്പോൾ ഓലയുടെ ഭാരം കാരണം തട്ട് താഴേക്ക് പോകുകയാണെങ്കിൽ അയാൾ കുറ്റവാളിയാണെന്ന് വിധിക്കും. ഭാരം കുറഞ്ഞുവെന്നോ തുല്യമാണെന്നോ തോന്നിയാൽ അയാൾ നിരപരാധിയാണ്.
99%വും ബ്രാഹ്മണന്റെ തട്ട് താഴുകയില്ല. മറ്റൊരു കാര്യം എന്ത് കുറ്റം ചെയ്താലും ബ്രാഹ്മണന് വധശിക്ഷയില്ല.
പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ സമ്പ്രദായം സജീവമായിരുന്നു. എന്നാൽ 1834-ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ മഹാരാജാവ് ഈ പ്രാകൃത രീതി നിർത്തലാക്കാൻ ഉത്തരവിട്ടു. ശാസ്ത്രീയമായ അന്വേഷണ രീതികളിലേക്കും കോടതി സംവിധാനങ്ങളിലേക്കും തിരുവിതാംകൂർ മാറുന്നതിന്റെ തുടക്കമായിരുന്നു ഇത്.
ഇന്നും അവശേഷിക്കുന്ന അടയാളം.
ശുചീന്ദ്രം ക്ഷേത്രത്തിൽ ചെന്നാൽ ആ പഴയ നീതിന്യായ വ്യവസ്ഥയുടെ ശേഷിപ്പുകൾ ഇന്നും കാണാം. നെയ്യ് തിളപ്പിച്ചിരുന്ന ആ വലിയ ചെമ്പ് ഉരുളികളും, ബ്രാഹ്മണരെ തൂക്കി നോക്കിയിരുന്ന തുലാസും ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ചരിത്രത്തിന്റെ ഭീകരവും എന്നാൽ കൗതുകകരവുമായ ആ കാലഘട്ടത്തെ ഈ വസ്തുക്കൾ ഓർമ്മിപ്പിക്കുന്നു.
മനുഷ്യാവകാശങ്ങൾക്കും നീതിക്കും ഇന്ന് നാം നൽകുന്ന പ്രാധാന്യം എത്ര വലുതാണെന്ന് ശുചീന്ദ്രത്തെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയിൽ നിന്ന് നിയമവാഴ്ചയിലേക്കുള്ള കേരളത്തിന്റെ വളർച്ചയുടെ വലിയൊരു അടയാളമാണ് ശുചീന്ദ്രം ക്ഷേത്രം.

