രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
പ്രാർത്ഥനാ പുലരികൾ ചേർന്നുണർത്തുന്നിതാ-
യാർദ്രസ്മിതം; സ്നേഹപൂർണ്ണമാം ജീവിതം
അർത്ഥമറിഞ്ഞു,പ്രകൃതിതൻ പ്രകൃതമായ്,
ഹൃദയത്തുടിപ്പുണർത്തുന്ന പ്രഭാമയം.
ദൈവാർദ്ര ചിന്തയുണർത്തിയീ ഞങ്ങളിൽ
പ്രാർത്ഥനാപൂർണ്ണമാക്കീ നിത്യ പുലരികൾ
കൃത്യമായലിൻ കിരണമായ് ഹൃദ്യമായ്
കർത്തവ്യബോധമുണർത്തിയാ, സ്തുത്യകം.
നന്മയായുദയം പകർന്നതാം ഹൃദയമേ,
സുകൃജന്മത്തിൻ മഹനീയ രൂപമേ,
സഹനാർദ്രമെങ്കിലുമുണർവ്വിൻ പ്രകാശമായ്
കരളുകൾക്കാശ്വാസ സുസ്മിതാനന്ദമായ്
നിറയുവാനാകുന്ന പ്രകൃതിയാണാ, മനം;
കരളുകൾക്കുന്മേഷമേകുന്ന കൗതുകം.
മഹനീയ ഹൃദയ രൂപത്തിലല്ലാതെനി-
ക്കുണരില്ലയാർദ്രസ്മിതം; പിതാവിൻ മുഖം,
സഹനീയരൂപം പകർന്ന കാലങ്ങളിൽ
കരുത്തുനൽകി,ത്തിരിച്ചെത്തിച്ച സൂര്യകം;
മാതൃകാഹൃദയങ്ങളല്ലാതെയില്ലയെൻ
സാധ്യതാലോകം നുകരുവാനുലകിലും;
കലാകാരനായതിൻ ഹേതുത, ന്നാ,മനം
കാരുണ്യമേ, കവിയായതിൻ കാരണം.
സത്യവിശ്വാസമുണർത്തിയ വക്‌ത്രമെൻ
ഹൃത്തിൽപ്പതിച്ചിതര സമുദായ സുസ്മിതം
സ്നേഹസ്സമാധാന വർത്തനം സ്തുത്യമായ്
കർത്തവ്യനിരതനാക്കുന്നതാം വൈഭവം,
വേദനാരഹിതമായ് മാറുമാ, ജീവിത-
മാതൃകാഹൃദയമനുദിനം നുകരുകിൽ
ശുഭസൂചകങ്ങൾതന്നോരോ പ്രകാശവും
ഹൃത്തിൽപ്പകർത്തിയുണർത്തിയെൻ മാനസം.
കരളുണർത്തുന്നതാം കരുണാർദ്ര കാവ്യമായ്
കമനീയ ഹൃദയമുണരുന്നൂ മഹിതമായ്;
പ്രാർത്ഥനാ പുലരികൾ ചേർന്നുണർത്തുന്നിതാ-
യാർദ്രസ്മിതം; സ്നേഹപൂർണ്ണമാം ജീവിതം.
ഹൃദ്യമായോരോ വിചാരവുമനുദിനം
സദ്യപോലാസ്വദിച്ചാഹ്ലാദ ബാല്യകം;
ഹൃദയതിരുമുറിവുകളേകി ചില കാലവും;
അതിജീവനത്തിന്നുദയമാ-യാ,മനം.
[സെക്രട്ടേറിയറ്റ് PR ചേംബറിൽ നടന്ന, എന്റെ പുസ്തക പ്രകാശനത്തിൽ പ്രിയ മാതാപിതാക്കൾ പ്രശസ്ത കവി ശ്രീ. ചുനക്കര രാമൻകുട്ടി അവർകളോടൊപ്പം – ഒരു ഫയൽ ചിത്രം]

