രചന : പ്രസീദ.എം.എൻ ദേവു ✍️
ലോകമറിയുമ്പോൾ
രണ്ടു പേരും
സൂക്ഷ്മമായി
കൊണ്ടു പോവുന്ന ഒന്ന്,
പ്രണയമാണോ
സൗഹൃദമാണോ
അതിനപ്പുറത്തുള്ളതെന്തോ
ആണോ അങ്ങനത്തെ ഒന്ന്,
പെട്ടെന്ന് നിലച്ചു പോയാൽ ,
നിശബ്ദമായാൽ
അവസാന നിദ്ര പൂകിയാൽ
പിന്നീടെന്തുണ്ടാവും ?
അവരുടെ ലോകം
തന്നെ കീഴ്മേൽ മറയും ,
ഒന്നു ചിരിക്കാൻ കഴിയാത്ത
ചുണ്ടുകളെ
പറിച്ചെറിയാൻ പാകത്തിൽ
പിളർത്തി വെയ്ക്കും,
ഒന്നു കരയാൻ പോലും
ആവാത്ത കണ്ണുകളെ
പിഴുതെറിയാൻ വേഗത്തിൽ
തുറുപ്പിച്ചു നിർത്തും,
നെഞ്ചിലൊരു കല്ലെടുത്ത് വെച്ച്
ചുറ്റിക കൊണ്ടടിക്കും പോലെ
തകർന്നു പോവും ,
ചങ്ങലക്കണ്ണിയാലുരസ്സി
രണ്ടു കാൽപാദങ്ങൾ
ചലിക്കാതാവും ,
അവസാനത്തെ വിരലരക്ഷവും
ഭ്രാന്തെടുത്ത് പുലമ്പും,
ലോകമറിയുന്ന
ഒരാണും , പെണ്ണും
പ്രേമിച്ചാലും
കാമിച്ചാലും
മോശം മോശമെന്നു
നാട്ടുവർത്തമാനം വരും.
വീട്ടിലുള്ളോര്
താൻപോരിമയുടെ
കണക്കെടുത്ത് പായും,
ബന്ധത്തിലുള്ളോര്
മൂക്കത്ത് വിരല് വെയ്ക്കും.
ഇഷ്ടമുള്ളവർ തമ്മിലെന്തുണ്ടായാലും
അത് ലോകമേറ്റു പിടിക്കും.
ഉപദേശിക്കും,
പേടിപ്പെടുത്തും,
പിൻത്തിരിപ്പിക്കും,
അവിഹിതമെന്ന്
പേര് ചാർത്തും.
ലോകത്തെ അറിയുന്ന
രണ്ടു പേർക്ക് തമ്മിൽ
ആത്മബന്ധം പാടില്ലെന്ന്
പറഞ്ഞു വെച്ച തത്ത്വചിന്തകരെ,
ലോകമറിയാൻ
നിങ്ങളിൽ ഇനി
എന്തവസരം !!
