കുഞ്ഞിന്റെ ദുഃഖം കുഞ്ഞു ദുഃഖമായി തള്ളുന്ന വർത്തമാനമാണ് അവന്റെ ഭാവിദു:ഖം
കുഞ്ഞിന്റെ ഇഷ്ടം കുട്ടിത്തമായി ചിരിച്ചു തള്ളുന്ന നമ്മുടെ ഭാവിസ്വപ്നമാണ് അവന്റെ വർത്തമാന നഷ്ടം.
പിറവിയുടെ പെരുങ്കഥ
തൊട്ടെണ്ണുന്ന നമ്മുടെ
ഏട്കഥകളിൽത്തന്നെ ഒട്ടാൻ കഴുത്ത് വലിച്ചടുപ്പിച്ചപ്പോഴാണ് അവന് കഥയില്ലാതായത്.
ചുടുകാട് കാച്ചിയ
ഇടവഴികളായിരുന്നു നമ്മൾ
കരിന്തിരി കത്തിയ കരിവിളക്കുകളായിരുന്നു
എങ്കിലും മക്കൾ ഒന്നാമത് എത്തിയില്ലെങ്കിൽ നമ്മളെങ്ങനെ അന്യന്റെ മുഖത്തുനോക്കും?
കണിമോളുടെ “എ പ്ലസും”
കനകയുടെ ഒന്നാം ചാട്ടവും കത്രീനയുടെ കലാ തിലകവും കണ്ടുപഠിക്കെടി എന്ന് പറഞ്ഞ് കരിന്തേളുകൾ കരിവിഷം കുത്തിയിറക്കിയപ്പോഴാണ് അവർ കരിവേഷങ്ങളായി മാറിയത്.
മറ്റുള്ളവരെപ്പോലെ ആയിത്തീരുക എന്നതാണ് ജീവിതത്തിന്റെ അർത്ഥമെന്നവർ കണ്ടുപിടിച്ചതും മത്സരത്തിന്റെ അഭിനിവേശം കൊണ്ടുപിടിച്ചതുമാണ് അവരെ യന്ത്ര മനുഷ്യരാക്കിയത്.
അതിഥികൾവീടുവിട്ടിറങ്ങി-
യെന്നുറപ്പുവരുത്തിയാലുടൻ
അവരുടെ കുറ്റം പറച്ചിലും കാർക്കിച്ചു തുപ്പലും കണ്ടു പഠിച്ചതാണ് അവനിൽ നടനസ്നേഹം ഉടലെടുക്കുവാൻ ഇടയാക്കിയത്.
അരുത് അരുത് എന്ന് കേട്ടു
കേട്ട് അത് സ്വന്തം പേര് എന്ന്
കരുതി കരുതിയാണ് അവൻ അരുതാത്തവൻ ആയി മാറിയത്.
തമ്മിൽ തമ്മിൽ മുട്ടുമെന്ന്
കരുതി മാറ്റി നട്ട തൈകളുടെ
താഴ് വേരുകൾ മണ്ണിനടിയിൽ വച്ച് കണ്ടുമുട്ടിയപ്പോഴാണ് അവൻ പ്രണയം അറിഞ്ഞത്.
മടുപ്പകറ്റുവാൻ പടർന്നു മുട്ടി മുട്ടിയാണ് അവൻ പ്രണയത്തിന്റെ രാജകുമാരനായി മാറിയത്.
അവഗണിക്കപ്പെട്ട കളിപ്പാട്ടങ്ങളാക്കി നോക്കി നിർത്തി അങ്കം വെട്ടി വെട്ടി വീടു മതിയാവാഞ്ഞ് വക്കീലാഫീസുകൾ കയറിയിറങ്ങുന്ന തന്തയും തള്ളയുമാണ് അവനെ താന്തോന്നിയാക്കിയത്.
യുദ്ധങ്ങളെല്ലാം ചിതറിത്തെറിച്ചു അവനിലേക്ക് വീണു നിസ്സഹായതയുടെ പര്യായമായപ്പോഴാണ് അവന്റെ നിഴലിനെ അപകർഷതാ ബോധം ഉൾവലിച്ച് ചെറുതാക്കി മാറ്റിയത്.
ഭയപ്പെടുത്തി ഭയപ്പെടുത്തി ദൈവത്തെ ഉള്ളിൽ കടത്താനുള്ള ഉപബോധമനസിന്റെ ഉപ്പിലിട്ട പാരമ്പര്യ അച്ചാറുകൾ നിരന്തരം വിളമ്പിയാണ് അവന് വിശ്വാസം ഭയാനകമായത്.
ദൈവത്തിനു നിലവാരം നിശ്ചയിച്ചു മാർക്കിട്ട് നൽകിയ അളവ് കോലുകളാണ് അവനെ മതത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ദൈവത്തെ പ്രതിഷ്ഠിക്കുവാനും മറ്റവനെ ശത്രുവായിക്കാണാനുംഇടയാക്കിയത്.
വാത്സല്യവും സ്നേഹപ്രകടനവും ഭാവി ചൂഷണത്തിനുള്ള സ്ഥിരനിക്ഷേപങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജീവിതം തന്നെ ചൂഷണമാക്കുവാൻ അവൻ പരിശീലിച്ചു തുടങ്ങിയത്.
വീട്ടിൽ കിട്ടാത്തത് നാട്ടിൽ കിട്ടാൻ വേണ്ടിയാണവൻ കൂട്ടം കൂടിയത്
അങ്ങനെയാണവൻ വെട്ടുകിളികളുടെ ഇരയായി മാറിയത്.
നിങ്ങളവന് ഒത്തിരിയൊത്തിരി ഉപദേശിച്ചു കൊടുത്തിട്ടും അവൻ കേട്ടില്ല
പക്ഷേ, നിങ്ങളെയവൻ കണ്ടുപഠിച്ചപ്പോഴാണ് അവനിങ്ങനെയായത് ;
അവൻ നിങ്ങളെ അനുസരിക്കുകയല്ല …. അനുകരിക്കുകയായിരുന്നു!

By ivayana

Leave a Reply

Your email address will not be published. Required fields are marked *