രചന : പ്രിയ ബിജു ശിവ കൃപ ✍️
അവർ എന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു വിഹരിക്കുന്നവരാണ്.. ദുഷ്ടരായും നന്മയുള്ളവരായും ഒക്കെ അവർ ചിത്രീകരിക്കപ്പെടുന്നു.
എന്താണെന്ന് അറിയില്ല..എന്റെ എഴുത്തുകളിലെല്ലാം യക്ഷികൾ പ്രതികാരദാഹമുണ്ടെങ്കിലും നന്മയുള്ളവരാണ്…
അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാം
പണ്ടൊക്കെ കേട്ടിട്ടുള്ള കഥകളിൽ നിരപരാധിയാണോ അപരാധിയാണോ എന്ന് നോക്കാതെ മനുഷ്യരെ ഭക്ഷിക്കുന്ന യക്ഷികളെയാണ് കണ്ടു വരുന്നത്…
അതുകേട്ടിട്ടാവാം കുട്ടിക്കാലത്ത് രാത്രിയിൽ ഇറയത്തിരിക്കാൻ പോലും പേടിയായിരുന്നു.. ഇരുട്ടിൽ പുതപ്പു തല വഴി മൂടി കണ്ണും ഇറുക്കിയടച്ചു കിടക്കും.. ഇടയ്ക്കെങ്ങാനും കണ്ണു തുറന്നാലോ പേടിച്ചു വിറയ്ക്കും…
പാലമരം എന്ന് കേൾക്കുമ്പോൾ തന്നെ അന്ന് മുട്ടിടിയ്ക്കുമായിരുന്നു… പിന്നീട് ആരോ പറഞ്ഞു തന്നു. എഴിലം പാലയിലാണ് യക്ഷി ഉള്ളതെന്ന്.
അതോടെ പാലമരം കാണുമ്പോൾ ഇലകൾ നോക്കും… പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ എഴിലം പാലമരം തിരിച്ചറിയാനായി….
അങ്ങനെയിരിക്കെ ഒരു അവധി ദിവസം. അന്നെനിക്ക് കഷ്ടിച്ച് പതിനഞ്ചു വയസ്സുണ്ടാകും.
കുറച്ചു അപ്പുറത്തുള്ള വലിയ റബ്ബർ തോട്ടത്തിൽ റബ്ബർ ചുള്ളികൾ പെറുക്കാനായി പോയി…
റബ്ബർ തോട്ടമാണെങ്കിലും ഇടയ്ക്ക് കശുമാവ്, എഴിലം പാല, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ നിൽപ്പുണ്ട്..
അന്നൊക്കെ പഴുത്ത കശുമാങ്ങ ഉപ്പും കൂട്ടി കഴിക്കാറുണ്ട്. ഇപ്പോഴും അതോർക്കുമ്പോൾ വായിൽ വെള്ളം നിറയും. അങ്ങനെ ഞാനും രണ്ടുമൂന്നു കൂട്ടുകാരും ഒക്കെയുണ്ട്…
റബ്ബർ തോട്ടമാണെങ്കിലും ഭയങ്കര കാട് പോലെ തോന്നുന്ന വിജനത… അടുത്തെങ്ങും വീടുകളുമില്ല.. വിറകുകമ്പുകൾ പെറുക്കിക്കൂട്ടുന്നതിനിടയിൽ ഞാനൊരു ശബ്ദം കേട്ടു..
ആരോ നടക്കുന്ന ശബ്ദം കേട്ടു.. കരിയിലകൾ ഞെരിഞ്ഞമരുന്നു പാദസരം കിലുങ്ങുന്നുമുണ്ട്..
ഞാൻ വിചാരിച്ചു കൂടെയുള്ള കൂട്ടുകാരിൽ ആരെങ്കിലും ആയിരിക്കുമെന്ന്. തിരിഞ്ഞു നോക്കിയപ്പോ ആരുമില്ല.
എന്റെ തോന്നലാണെന്ന് കരുതി വീണ്ടും വിറകു ശേഖരിക്കാൻ തുടങ്ങി… അതാ പിന്നെയും കേൾക്കുന്നു…
ഇത്തവണ എന്റെ ഉള്ളിൽ ഭയം തോന്നി…
അമ്മ പ്രേത്യേകം പറഞ്ഞതാണ്… ഈ ഭാഗത്തു വരരുതെന്ന്.. അന്ന് പിന്നെ അനുസരണ കൂടുതലാണല്ലോ പിള്ളേർക്ക് 😂
ആ ഭാഗത്തു തന്നെ പോയി. അമ്മ എന്താവും അങ്ങനെ പറഞ്ഞതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല..
“പ്രിയക്കുട്ടീ”
മധുരമുള്ള ശബ്ദത്തിൽ തന്റെ പേര് വിളിക്കുന്നതാരാണെന്നോർത്ത് തിരിഞ്ഞു നോക്കി. കയ്യിൽ കുറെ വിറക് കമ്പുകളുമായി ഒരു സുന്ദരി ചേച്ചി.
ഒരു പരിചയവും തോന്നുന്നില്ല…
” എന്നെ അറിയുമോ നിനക്ക് “
” ഇല്ല…”
“ഞാൻ അക്കരെ ഉള്ളതാ… ഇടയ്ക്ക് ഇവിടെ വരും വിറക് പെറുക്കാൻ.. ഞാൻ മിക്കപ്പോഴും നിന്നെ കാണാറുണ്ട്. അപ്പോഴൊക്കെ വിചാരിക്കും ഒന്ന് സംസാരിക്കണമെന്ന്… “
” ചേച്ചീടെ പേര് എന്താ “
” എന്റെ പേര് സുമ… “
” ചേച്ചിക്ക് എങ്ങനെ എന്റെ പേര് അറിയാം “
” അതൊക്കെ അറിയാം.. നീയൊരു ദിവസം അക്കരെ കാവിൽ പാട്ടുപാടിയിട്ടുണ്ടല്ലോ ഉത്സവത്തിന്..അന്ന് മനസ്സിലായി പേര് “
ഞാൻ സന്തോഷത്തോടെ ചിരിച്ചു.
താഴെ നിന്നും കൂട്ടുകാർ വിളിക്കുന്ന ഒച്ച കേട്ടു.
” ഞാൻ പോകട്ടെ “
” ഇനിയെന്നാ വരുന്നേ “
” നാളെയും വരാം “
യാത്ര പറഞ്ഞു ഞാൻ ഓടിപ്പോയി…
താഴെയെത്തിയിട്ട് മുകളിലേക്ക് നോക്കിയപ്പോൾ ചേച്ചിയെ കണ്ടില്ല..
വീട്ടിൽ വന്നു ഞാൻ അമ്മയോട് സുമ ചേച്ചിയെ കണ്ട കാര്യം പറഞ്ഞു.
അപ്പോഴത്തെ അമ്മയുടെ നോട്ടം കണ്ടു ഞാൻ അമ്പരന്നു. ഭയന്നു
വിളറിയ മട്ടിൽ.
” ങ്ങാ നീ പോയി കുളിക്കാൻ നോക്ക് “
ഗൗരവത്തിൽ പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയി..
കുളി കഴിഞ്ഞു വന്നു നിലവിളക്ക് കൊളുത്തി സന്ധ്യനാമം ചൊല്ലി ഞാനും അനുജത്തിയും ചേച്ചിയും…
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂടി ഇരുന്ന സമയത്ത് അമ്മ ഒരു ചെറിയ ഫോട്ടോ ആൽബം എടുത്തുകൊണ്ടുവന്നു.
അതിൽ ഉണ്ടായിരുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹ ഫോട്ടോ എന്നെ കാണിച്ചു…
“ഇതിനെയാണോ നീ കണ്ടത്”
“ആണല്ലോ.. ഇതല്ലേ സുമചേച്ചി.
” എന്റെ ദേവി…
എന്റെ പെങ്കൊച്ചേ നിന്നോട് ഞാൻ പ്രേത്യേകം പറഞ്ഞതല്ലേ ആ ഭാഗത്തേക്കൊന്നും അബദ്ധത്തിൽ പോലും പോകരുതേയെന്ന്…
ആ സ്ഥലത്തെക്കുറിച്ച് നിനക്കെന്തറിയാം. ഇവളെക്കുറിച്ച് നിനക്ക് എന്തറിയാം..
ആ പെണ്ണ് നീ ജനിക്കുംമുൻപേ മരിച്ചുപോയതാ. അവിടെ കൊന്നുകൊണ്ടിട്ടതാ… അവളെ ഇതുപോലെ പലരും കണ്ടിട്ടുണ്ട്… ഒരാൾ പേടിച്ചു വീണതാ പിറ്റേമാസം അയാൾ മരിച്ചു.
ഞാൻ ഞെട്ടിപ്പോയി… ഈശ്വര എന്താ ഈ കേൾക്കുന്നെ.. ഞാൻ കണ്ടത് യക്ഷിയെ ആയിരുന്നോ… എന്റെ ദേഹം കിടുകിടാ വിറച്ചു…
” നാളെ ഈ പെണ്ണിനെ കൊണ്ടുപോയി തിരുമേനിയെകൊണ്ട് ഒരു ചരട് ജപിച്ചു കെട്ടിക്കണം
വരാന്തയിൽ കാലും നീട്ടിയിരുന്ന അമ്മൂമ്മ പറഞ്ഞു.
ഞാൻ വേറെ ഏതോ ലോകത്തിലെന്നപോലെ ഇരുന്നു.. എന്റെ മനസ്സിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒന്ന്…
ഞാനും അനുജത്തിയും കൂടിയാണ് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നെ.. പാതിരാത്രി ഞാനൊരു സ്വപ്നം കണ്ടു….
അതിസുന്ദരിയായി നിൽക്കുന്ന സുമചേച്ചി. പെട്ടെന്ന് രൂപം മാറുന്നു. കോമ്പല്ലുകളിൽ രക്തം ഇറ്റിറ്റു വീഴുന്നു.. കണ്ണുകളിൽ ക്രൂരഭാവം.. അലറിക്കൊണ്ട് അവൾ എന്റെ നേരെ കുതിച്ചു…
ആ രാത്രിയിൽ എന്റെ അലറിക്കരച്ചിൽ ആ ചുറ്റുവട്ടത്തുള്ള വീടുകളിൽ വിളക്കുകൾ തെളിയാൻ തക്ക വണ്ണം ഉയർന്നുകേട്ടു….

