രചന : വൈഗ ക്രിസ്റ്റി ✍️
നടന്നു ക്ഷീണിക്കുവാനില്ലാത്ത
മരുഭൂമികൾ…
ഉറക്കം കെടുത്തുന്ന
രാത്രിമഴകൾ …
ഒരടി കൂടി വച്ചാൽ
പൊട്ടിത്തെറിക്കുന്ന മട്ടിലെൻ്റെ
ഹൃദയമിടിപ്പും
നടക്കാനാളില്ലാത്ത
ഇടവഴിയാകുന്നു ഞാൻ
ഓർമ്മകളിൽ
മാത്രം ജീവിക്കുന്ന ഒരു ചാറ്റൽമഴ…
പിന്നിലേക്ക് മാത്രം നടക്കുന്ന
ഘടികാര സൂചികളുള്ള
ഒരു കുഞ്ഞു മുറിയിൽ
ഞാനിപ്പൊഴും കാത്തിരിക്കുന്നു
ഇനിയുമെത്താത്ത
എൻ്റെ ഭൂതകാലത്തെ ,
എൻ്റെ ജനനത്തെ
ഗർഭപാത്രത്തിലെ എൻ്റെ ഉറക്കത്തെ …
അതിനുമപ്പുറം
എൻ്റെ പൂർവ്വജന്മത്തെ …
കാലം തെറ്റിയ
എൻ്റെ ജീവിതത്തോട്
ഞാൻ ,
ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു
പിന്നോട്ട് മാത്രം
ചലിക്കുന്ന പാദങ്ങളുമായി
കുതിപ്പിൻ്റെ
ആകാശത്തിലേക്ക്
പിറന്നു വീണതിന് ,
എന്നോട് ക്ഷമിക്കുക
എൻ്റെ ജീവിതമേ !
