രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ഈശ്വരാനുഗ്രഹത്തിൻ മഹിത ഭൂവിതിൽ
ഈണമോടൊഴുകുന്നയരുവിയായ്, പുഴകളായ്
ഈരണം ചെയ്തിടുന്നോരോ പ്രഭാതവും
ഈ ദിവ്യ നന്മാർദ്ര ഗ്രാമീണ മഹിമകൾ.
ഈഹാമൃഗത്തിൻ സ്വഭാവമില്ലായ്കയാൽ
ഈശാചലംപോലെളിമതൻ മനസ്സുകൾ
ഈർഷ്യയില്ലാതെ വസിക്കുന്ന ജനതകൾ
ഈശ്വരാധീനം; തുടരുന്നു കവിതകൾ.
ഈശാവാസ്യ,പാരായണം ചെയ്യുവോർ
ഈ ഗ്രാമസുകൃതമായിന്നും വസിക്കയാൽ
ഈദൃക്ത നന്മോദയത്തിൻ തുടർച്ചപോൽ
ഈടുറ്റ രചനകൾ തുടരുന്നു യുവതകൾ.
ഈദുമെൻ പൊന്നോണവും ദിവ്യ ക്രിസ്മസ്സും
ഈപ്സിതാനുഗ്രഹാനന്ദമായ് സർവ്വരും
ഈവണ്ണമാഘോഷമാക്കുന്നു വർണ്ണമായ്;
ഈശ്വര ചൈന്യമേറ്റുന്ന പുലരിയായ്.
ഈടകം പോലെ ത,ന്നാർദ്ര ഗ്രാമങ്ങൾതൻ
ഈണമാകുന്നതാണോരോ തൃ സന്ധ്യയും
ഈക്ഷണം തോന്നുന്നതില്ലെയാരാധന;
ഈക്ഷകനറിയുന്നു ദിവ്യമാം ചേതന.
ഈശ്വരാനുഗ്രഹത്തിൻ ഗ്രാമ്യ കാവ്യമായ്
ഈറൻ നിലാവായലിഞ്ഞു പാടുന്നിതേൻ
ഈ വർണ്ണ മുകിലുപോലാരമ്യ ഗ്രാമവും;
ഈഡിതാനന്ദമാം താരാഗണങ്ങളും.
ഈരമോടോരോന്നുണർത്തുന്നു വാനിടം
ഈരണംചെയ്തുണർത്തുന്നപരി നന്മകം
ഈർഷ്യാലുവാക്കുന്നതില്ലയെൻ ഗ്രാമ്യകം
ഈണമോടിങ്ങനെയൊഴുകുന്നു സാദരം..

