കൂട്ടു വെട്ടി
പിരിഞ്ഞിട്ടുമെന്തേ
ഓർമ്മയിൽ വന്നു
കൂട്ടിരിക്കുന്നു നീ.
എത്ര യാദൃശ്ചികം
അന്നു കണ്ടു നാം
“പ്രേമ”മല്ലാത്തൊരു
സ്നേഹം വിതച്ചതും.
കരിനിഴൽ വീഴ്ത്തിയും
പ്രളയം പടുത്തും
നൂറു മേഘങ്ങളൊറ്റ
തുരുത്തിലേകനാക്കുമ്പൊഴും,
നീ പിരിഞ്ഞില്ല
കരുതലായ് മൗനമേ
വിട പറഞ്ഞെന്റെ
ഇണയകലുമ്പൊഴും.
ഇല്ലിവിടെ
കൂട്ടിനർത്ഥം ചമപ്പവർ
സ്നേഹമെന്നക്ഷര
കൂട്ടിന്റെ നേരിനെ,
രണ്ടുപേർ
ലിംഗഭേദികൾ
തമ്മിലൊന്നായ്
നടക്കുന്ന കൂട്ടിനെ.
വഴികളേറെ
വിജനമാണെങ്കിലും
ഒപ്പം നടക്കുന്നെന്നോർമയിൽ
നൂറുനോവുകൾ കൊണ്ടു
മുറിവേറ്റ പക്ഷികൾ.
വേനൽ പാകിയ
നിഴൽക്കൂത്തു പാവകൾ
മാഞ്ഞു പോകുന്നിരുൾക്കൂട്ടു –
കൂടുന്ന പകലിലും.
കാറ്റു വന്നലച്ചsർത്തുന്നു
പൂവുകൾ
നന്മപൂത്തുവിടരുന്ന
ചില്ലയിൽ.
നീയsർന്നു പോയ്
സൗമ്യമായ് കാലമേ
മോഹമാകും
വസന്തം കഴിഞ്ഞ നാൾ.
ദീർഘമേറുന്ന
സമയ ദൂരങ്ങളിൽ
ഇടയളക്കുന്ന
സൂചിമുനകളിൽ
കാത്തിരിക്കും
ഹൃദയതാളങ്ങളായ്
മുടന്തിനീങ്ങുന്നെൻ
ഓർമ്മയും, ചിന്തയും.
മൗനമായെന്നെ
തൊട്ടുണർത്തുന്നാർദ്ര
വരികളായ്
നൂറ് മുകുളം വിടർത്തുവാൻ
ഇഷ്ടമല്ലത് സ്നേഹിതേ
എന്നിൽ നീ
കടലുപോലെയളന്നിട്ട
സാന്ത്വനം.

By ivayana