ആഹാരം അമൃതാണ് എന്ന് വിശ്വസിക്കുന്ന മലയാളിക്ക്, അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധ മരണങ്ങൾ വലിയൊരു ഞെട്ടലാണ് നൽകുന്നത്. കൊല്ലത്ത് രണ്ട് ജീവനുകൾ പൊലിഞ്ഞ വാർത്ത കേവലം ഒരു അപകടമായല്ല, മറിച്ച് നമ്മുടെ ഭക്ഷണ സംസ്‌കാരത്തിൽ കടന്നുകൂടിയ വിനാശകരമായ അശ്രദ്ധയുടെ ഓർമ്മപ്പെടുത്തലായി വേണം കാണാൻ. അടുക്കളകളിലും ഹോട്ടൽ മേശകളിലും പതിയിരിക്കുന്ന അദൃശ്യരായ കൊലയാളി ബാക്ടീരിയകളെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭക്ഷണത്തെ വിഷമയമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്. കേവലം വയറിളക്കത്തിൽ തുടങ്ങി, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മിനിറ്റുകൾക്കുള്ളിൽ സ്തംഭിപ്പിക്കാൻ വരെ ശേഷിയുള്ള വിഷാംശങ്ങൾ ഇവ പുറപ്പെടുവിക്കുന്നു.
പ്രകൃതിയിലെ ഏറ്റവും മാരകമായ വിഷങ്ങളിൽ ഒന്നായ ‘ബോട്ടുലിനം ടോക്സിൻ’ ഉത്പാദിപ്പിക്കുന്നത് ക്ലോസ്ട്രിഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ബാക്റ്റീരിയയാണ്. മണ്ണിലും ശരിയായി സംസ്കരിക്കാത്ത ടിന്നിലടച്ച ഭക്ഷണങ്ങളിലും വായുരഹിതമായ സാഹചര്യത്തിൽ ഇവ അതിവേഗം വളരുന്നു. ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷാംശം മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് (Nervous System) നേരിട്ട് ബാധിക്കുന്നത്. പേശികളെ തളർത്തുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടുകയും ‘ബോട്ടുലിസം’ എന്ന അവസ്ഥയിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്നു.

മറ്റൊന്നാണ് ബാസില്ലസ് സെറിയസ് (Bacillus cereus).സാധാരണയായി അരിയിലും അന്നജം അടങ്ങിയ ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഇവ ചൂടിനെ അതിജീവിക്കാൻ ശേഷിയുള്ള ‘സ്പോറുകൾ’ നിർമ്മിക്കുന്നു. പാകം ചെയ്ത ചോറ് മുറിയിലെ താപനിലയിൽ ദീർഘനേരം ഇരിക്കുമ്പോൾ ഈ ബാക്ടീരിയകൾ പെരുകുകയും മാരകമായ വിഷാംശം പുറത്തുവിടുകയും ചെയ്യുന്നു. ഇത് കരളിന്റെ പ്രവർത്തനം പെട്ടെന്ന് നിർത്തുന്ന ‘അക്യൂട്ട് ലിവർ ഫെയിലിയർ’ (Acute Liver Failure) എന്ന അവസ്ഥയിലേക്ക് നയിക്കാം.

മുട്ട, പച്ചമാംസം എന്നിവയിലൂടെ വളരുന്ന സാൽമൊണല്ല (Salmonella) എന്ന സൂക്ഷ്മണു മറ്റൊരു ഭീകരനാണ്.ഇതിന്റെ സാന്നിധ്യമുള്ള പച്ചമുട്ടകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസ് പോലുള്ള വിഭവങ്ങൾ മണിക്കൂറുകളോളം പുറത്തുവെക്കുന്നത് അവയെ ഒരു സ്ലോ പോയിസണായി മാറ്റുന്നു. കുടലിലെ ആവരണത്തെ നശിപ്പിക്കുകയും രക്തത്തിൽ കലർന്ന് കടുത്ത അണുബാധയ്ക്ക് (Sepsis) കാരണമാവുകയും ചെയ്യുന്നത് ഇവയുടെ രീതിയാണ്.
ശരിയായി വേവിക്കാത്ത മാംസത്തിലൂടെയും മലിനമായ വെള്ളത്തിലൂടെയും എത്തുന്ന മറ്റൊരു സൂക്ഷ്മ ജീവിയായ ഇ കോളി ബാക്റ്റീരിയ വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് തകരാറിലാക്കാൻ (Hemolytic Uremic Syndrome) ശേഷിയുള്ളവയാണ്.

പഴങ്കഞ്ഞിയും ശാസ്ത്രീയ സത്യവും

മലയാളിയുടെ പ്രിയപ്പെട്ട പഴങ്കഞ്ഞി ഏറെ പോഷകഗുണമുള്ളതാണെങ്കിലും അതിന് പിന്നിലെ ശാസ്ത്രം നാം വിസ്മരിക്കരുത്. ചോറ് വെന്തുകഴിഞ്ഞ് രണ്ട് മണിക്കൂറിലധികം ചൂടാറാൻ പുറത്തുവെച്ചാൽ അതിൽ ബാസില്ലസ് സെറിയസ് വിഷം ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഒരിക്കൽ ഈ വിഷം ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് ആ ചോറ് തിളപ്പിച്ചാലോ വെള്ളമൊഴിച്ച് പഴങ്കഞ്ഞിയാക്കിയാലോ ആ വിഷാംശം നീക്കം ചെയ്യാനാവില്ല. അതിനാൽ ചോറ് ചൂടാറിയാലുടൻ രണ്ട് മണിക്കൂറിനുള്ളിൽ വെള്ളമൊഴിച്ച് വയ്ക്കാനോ അല്ലെങ്കിൽ ഫ്രിഡ്ജിലേക്ക് മാറ്റാനോ ശ്രദ്ധിക്കേണ്ടതുണ്ട്.
പഴങ്കഞ്ഞി ആയി കഴിഞ്ഞാൽ പിന്നെ ഈ ബാക്റ്റീരിയക്ക് പ്രവർത്തിക്കാനാവില്ല.

ജാഗ്രതയാകണം ഏക പ്രതിരോധം

ഭക്ഷ്യസുരക്ഷ എന്നത് കേവലം നിയമങ്ങളിലല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ശീലങ്ങളിലാണ് ഊന്നേണ്ടത്. കൈകൾ കഴുകുന്നതിലെ ശുചിത്വം മുതൽ, ആഹാരം വേവിക്കുന്ന താപനില വരെ ഒരുപോലെ പ്രധാനമാണ്. മാംസാഹാരങ്ങൾ പാതി വേവിച്ചോ (Half-cooked) അല്ലെങ്കിൽ തണുത്ത മയോണൈസിനൊപ്പമോ കഴിക്കുമ്പോൾ അത്യാപത്ത് നമ്മെ തുറിച്ചുനോക്കുന്നുണ്ടെന്ന് ഓർക്കുക. ഹോട്ടൽ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കാൻ നമുക്ക് പറ്റില്ല. അതിൽ കൂടുതൽ ജാഗ്രത വേണമെന്ന് മാത്രം കഴിയുമെങ്കിൽ ഫാസ്റ്റ് ഫുഡ്‌ അടക്കo ഒഴിവാക്കാൻ ശ്രമിക്കുക. പ്രതേകിച്ച് ഇറച്ചി, മീൻ, മുട്ട ഇവയെങ്കിലും പുറത്ത് നിന്നും കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ജാഗ്രതയുo മനസ്സുമാണ് ഈ അദൃശ്യ കൊലയാളികൾക്കെതിരെയുള്ള നമ്മുടെ ഏറ്റവും വലിയ ആയുധം.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *