ഭൂമിയിൽ തന്നെ പാചന പ്രക്രിയ പൂർണ്ണമായി സ്വർണ്ണം സ്വർണ്ണമായി തെളിയുമ്പോൾ അത് എന്തെല്ലാം യുദ്ധങ്ങൾക്കും പിടിച്ചു പറിക്കും കൊലപാതകത്തിനും കാരണമാകുന്നു.
ലോകസമാധാനത്തെ താറുമാറാക്കി യുദ്ധങ്ങളും ഉപജാപങ്ങളും നിയന്ത്രിക്കുന്ന സ്വർണ്ണം ചില്ലറക്കാരിയല്ല.

സ്വർണ്ണം മാത്രമാണോ ചില്ലറയല്ലാത്ത കാര്യങ്ങൾ നമ്മോടു ചെയ്യുന്നത്?
അല്ല ചെമ്പും ഇരുമ്പും, സോഡിയവും പൊട്ടാസ്യവും മഗ്നീഷ്യവും ഒന്നും ഒന്നും ഒട്ടും കുറയാത്ത കാര്യങ്ങളാണ് നമ്മോട് അനുനിമിഷം പുലർത്തിക്കൊണ്ടിരിക്കുന്നത്. ഖനികളിലെ ലോഹങ്ങൾ നമുക്ക് വാങ്ങാതിരിക്കാം എന്നാൽ അവയൊന്നും പാടേ നിഷേധിച്ച് നമുക്ക് ശരീരം ധരിച്ചിരിക്കുവാൻ ഒരു മാത്ര കൂടി സാധ്യമല്ല.
ഖനികളിലും അയിരുകളായും കൃത്രിമമായി നാം ഉല്പാദിപ്പിക്കുന്നതും അല്ലാത്ത ചെമ്പും ഇരുമ്പും സ്വർണ്ണവുമല്ലാതെ ഈ മണ്ണിൽ വളരുന്ന ചെടികളും ഇലകളും പഴങ്ങളും ജീവികളുമെല്ലാം നമുക്ക് ആവശ്യാനുസരണം ലോഹങ്ങൾ നൽകുന്നുണ്ട്. ആഹാരത്തിലൂടെ.
ആഹാരത്തിലൂടെ നമ്മുടെ മസ്തിഷ്ക്കത്തിലെ കോശസമൂഹങ്ങളെ പ്രവർത്തനക്ഷമമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ലോഹങ്ങളും ധാതുലവണങ്ങളുമെല്ലാം നമുക്ക് ലഭിക്കുന്നുണ്ടല്ലോ. അവയുടെ കഥയാണ് സത്യത്തിൽ നമ്മുടെ ജീവിത കഥ.

കയ്പ്പക്കാ കഴിച്ചാൽ നമ്മുടെ ശരീരമെന്ന അതിശയകരമായ ലാബിനുള്ളിൽ ഉപാപചയ പ്രവർത്തനത്തിലൂടെ നമുക്ക് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നു.
മസ്തിഷക്കത്തിൽ ചെമ്പിൻ്റെയോ സ്വർണ്ണത്തിൻ്റെയോ അപര്യാപ്തയുണ്ടായാൽ അപസ്മാരം ഉണ്ടാകുകയും നമ്മുടെ eeg യിൽ മാറ്റം വരുകയും ഒക്കെ ചെയ്യും.
നമ്മുടെ ഓർമ്മയും ഓർമ്മക്കുറവുമെല്ലാം ഈ ലോഹങ്ങളുടെയും ധാതുക്കളുടെയുമെല്ലാം ചരിത്രം കൂടിയാണ്. (അതിലെ അദൃഷ്ടം അഥവാ യാദൃശ്ചികത, ഈശ്വരൻ ആയി നമ്മുടെ പൂർവ്വ കർമ്മവും)
ചെമ്പിൻ്റെയോ ഇരുമ്പിൻ്റെയോ ആയിരുകൾ നമുക്ക് കഴിക്കാനാവില്ല. അന്നത്തിലൂടെ അവ ലഭിക്കുകയാണ് ഏറ്റവും സ്വഭാവികമാർഗ്ഗം.
അങ്ങനെ വരുമ്പോൾ അന്നം ഔഷധം തന്നെ എന്നർത്ഥം വരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പി.ജി വിദ്യാർത്ഥികളെ നളചരിതം ആട്ടക്കഥ മൂന്നാം ദിവസം പഠിപ്പിക്കുകയായിരുന്നു.

നളന് കലിബാധയുണ്ടായതും ചൂതിൽ ആശ വന്നതും സർവ്വവും നഷ്ടമായതുമെല്ലാം രണ്ടാം ദിവസത്തിൽ പറയുന്നതും മൂന്നാം ദിവസത്തിൽ കാർക്കോടക ദംശനം ഉണ്ടായതും അതു നളനിലെ കലിയെ ബാധിച്ചതും നളന് രൂപമാറ്റം വന്നതും കാർക്കോടകൻ നളന് വസ്ത്രം നൽകിയതും താന്നിമരച്ചുവട്ടിൽ വച്ച് നളനെ കലി വിട്ടു പിരിഞ്ഞതുമെല്ലാം വായിച്ചപ്പോൾ അതിലെ വൈദ്യശാസ്ത്ര സമീക്ഷകൾ തെല്ലൊന്നുമല്ല എന്നെ വിസ്മയിപ്പിച്ചത്.
അതുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കിടാം:

  1. കലി ബാധയിൽ നളൻ്റെ മസ്തിഷ്ക്കത്തിൽ പരിണാമം ഉണ്ടാവുന്നു.
    അപ്പോൾ എന്താണ് കലി മസ്തിഷ്ക്കത്തിലെ രാസീയവും വൈദ്യുത തരംഗീയവും ലോഹീയവുമായ പ്രവർത്തനങ്ങളെ അട്ടിമറിക്കാവുന്ന ഒരു ഫോറിൻ ബോഡിയാവണംകലി.
    കലി പ്രവേശിക്കുന്നതോടെ നളനിൽ ന്യൂറോണു ചെയ്ഞ്ച് മോട്ടോർ ന്യൂറോൺ ചെയ്ഞ്ച് ,ഗ്ലാൻ്റുലർ ചെയ്ഞ്ച്, സെൻഷ്വൽ ചെയ്ഞ്ച്, മെറ്റബോളിക്കൽ ചെയ്ഞ്ച് എല്ലാം ഉണ്ടാവുന്നു.
    “ഊണിന്നാസ്ഥ കുറഞ്ഞു നിദ്രനിശയിങ്കൽ പോലുമില്ലാതെയായി ” എന്ന രണ്ടാം ദിവസത്തെ ശ്ലോകത്തിൽ നളനിലെ രോഗാവസ്ഥയുടെ നിദാനം ഉണ്ണായി വാര്യർ സൂചിപ്പിക്കുന്നുണ്ട്.
    നളൻ്റെ മസ്തിഷ്ക്കത്തോളം പ്രവേശിച്ച ഫോറിൻ ബോഡിയായ കലിയുടെ പ്രവർത്തനങ്ങൾ അതുവരെ സ്വസ്ഥനായിരുന്ന നളനിൽ ഉണ്ടാക്കുന്ന പരിണാമങ്ങൾ കോപിച്ച് രിഷ്ടാവസ്ഥയിൽ എത്തി ക്രോണിക്കായി തീരുകയാൽ ഉറക്കം പരിപൂർണ്ണമായി നളന് നഷ്ടപ്പെട്ടു.
  2. നളൻ്റെ ശീലങ്ങൾ മാറിയതിലൂടെ രോഗാവസ്ഥ കൂടുതൽ പ്രകടമായി. അതുവരെ ധർമ്മത്തിൽ പ്രതിപത്തിയുണ്ടായിരുന്ന നളൻ ചൂതിൽ ആസക്തനായി. മസ്തിഷ്ക്കത്തിലുണ്ടായ പരിണാമം നളൻ്റെ ജീവിതശൈലി ആകെ കീഴ്മേൽ മറിച്ചു.
  3. ബുദ്ധിയും നശിച്ച് കലിബാധ ഉന്മാദ അവസ്ഥയോളം എത്തുകയാൽ നളൻ ദമയന്തിയുടെ ഉടുതുണിയും മോഷ്ടിച്ചാണ് മറയുന്നത്. മസ്തിഷ്ക്കാ പചയം നളന് എത്ര വന്നു എന്നെല്ലാം അതു വ്യക്തമാക്കുന്നുണ്ട്.
    4.മൂന്നാം ദിവസം ആട്ടക്കഥയിൽ നളൻ്റെ ന്യൂറോണുകൾ ഇടവിട്ട് യാഥാർത്ഥ്യത്തിലേക്കു എത്തി നോക്കുന്നത് കാണാം. അപ്പോഴെല്ലാം തൻ്റെ ചെയ്തികളിൽ നളൻ ദുഃഖിക്കും. അത് ചികിത്സകരെ സംബന്ധിച്ച് ആശ്വാസത്തിൻ്റെ ഒരു പഴുതാണ്.
    നളനിലെ മസ്തിഷ്ക്ക കലകൾ രോഗാതുരമായി വിഷ കലകളായി ഏറിയകൂറും മാറിയെങ്കിലും അമൃതകലകൾ ആ രോഗിയിൽ അവശേഷിക്കുന്നു എന്നതിൻ്റെ പോസ്റ്റീവ് റെസ്പോൺസ് ആണ് നളൻ്റെ വിദുരതയും വിലാപവുമെല്ലാം.
  4. അഗ്നിയിൽ പെട്ടിരിക്കുന്ന കാർക്കോടകൻ ആണ് നളന് വൈദ്യനായി മാറുന്നത്. കാർക്കോടക ദംശനം നളന് തദർത്ഥകാരി ചികിത്സ പോലെയാണ്. (ആ അഗ്നി ബന്ധവും സവിശേഷ പഠനം അർഹിക്കുന്നു. അഗ്നിയിൽ പുടം ചെയ്താവണം പാഷണം ഔഷധമായി ഇത്തരം കേസിൽ പ്രയോഗിക്കേണ്ടത് എന്നാവാം.)
    അവിടെ ആ ദംശനം കൊണ്ട് നളനെ ബാധിച്ച ഫോറിൻ ബോഡിയായ കലിക്ക് ഇരിക്കപ്പൊറുതി ഇല്ലാതാവുന്നു. നളൻ്റെ സ്വർണ്ണവർണ്ണമാർന്ന ത്വക്കിന് പരിണാമമുണ്ടാകുന്നു. ത്വക്ക് കറുത്തു കരിവാളിച്ചു.
    കാർക്കോടകൻ തന്നെ അതിൻ്റെ പരിഹാരാർത്ഥമുളള വസ്ത്രവും നളന് നൽകുന്നുണ്ട്. നളൻ്റെ ബ്രയിനിനെ ബാധിച്ച രോഗത്തിന് വിഷചികിത്സയിലൂടെ വന്ന പരിണാമം ത്വക്കിൻ്റെ പരിണാമത്തിൽ സൂചിതമാണ്.
  5. ചികിത്സയുടെ അവസാന ഘട്ടം നിർവ്വഹിക്കുന്നത് താന്നിമരമാണ്. താന്നിമരച്ചുവട്ടിൽ വച്ചാണ് കലി പൂർണ്ണമായി നളനെ വിട്ടു പിരിയുന്നത്.
    മസ്തിഷക്കരോഗത്തിന് വിഷം കൊണ്ടും (തദർത്ഥകാരി) കാർക്കോടകൻ നൽകിയ തുകിൽ കൊണ്ടും (ദൈവവ്യപാശ്രയം ) താന്നി വൃക്ഷമാകുന്ന ഔഷധം കൊണ്ടും ചികിത്സിച്ചാണ് നളനിലെ കലിബാധ എന്ന രോഗത്തിന് ഹേതുവായ കലിക്ക് ഹേതു വിപര്യയ ചികിത്സ നളചരിതം നടത്തിയിരിക്കുന്നത്.
    ഇത്രയും ആഴത്തിൽ ഈ കൃതിയിലെ വൈദ്യ സമീക്ഷകൾ ആവിഷ്ക്കരിക്കാൻ കേരളത്തിൽ ശക്തമായിരുന്ന ആയൂർവ്വേദപാരമ്പര്യം ഉണ്ണായിവാര്യർക്ക് പ്രമാണമായി തീർന്നിട്ടുണ്ട്.
    മാത്രമല്ല വ്യാസനെന്ന അപൂർവ്വ വൈദ്യൻ്റെ മൂശയിൽ പിറവി കൊണ്ട കഥകളത്രയും വൈദ്യശാസ്ത്ര കുതുകികൾക്ക് അമൃതകുംഭങ്ങളാണ്.
    സാക്ഷാൽ ധന്വന്തര മൂർത്തിയായ വ്യാസഭഗവാൻ്റെ പാദങ്ങളിൽ എൻ്റെ ശിരസ്സ് എന്നന്നേക്കുമായി അമർന്നു പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    ഇന്ത്യൻ സംസ്കൃതിയിലും ദർശനത്തിലും അടിമുടി നിറഞ്ഞിരിക്കുന്ന ആരോഗ്യകരമായ വൈദ്യശാസ്ത്ര പരികല്പനകളെ കാണുവാനും പ്രയോഗിക്കുവാനും അതുവെച്ച് അതിദൂരം മൂന്നോട്ടു പോകാനുവാനും പ്രതിഭയുള്ള ആയൂർവ്വേദവൈദ്യശാസ്ത്ര വിശാരതർ ഈ മണ്ണിൽ പുഷ്ക്കലമാകട്ടെ♥️♥️♥️
കവിത രാമൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *