രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
ചിറകു മുളക്കുന്നു,
കൊഴിയുന്നു,സ്വപ്നത്തിന്
ചിറകുകള്ക്കെപ്പൊഴും
ബാല്ല്യകാലം,
തിരികെ വരാത്ത,
പൊഴിഞ്ഞ കാലത്തിന്റെ
തൂവല്‍ ചിതറിയ,
വര്‍ത്തമാനം;
എന്തിനെന്നറിയാത്ത
ജീവിത ഗ്രന്ഥത്തി-
നുള്ളിലെ, താളും
മറിച്ചു നോക്കി,
വന്നു പോകുന്നു
കലണ്ടറില്‍ നാമെല്ലാ-
മെണ്ണം പിടിക്കും,
ജനിച്ചനാളും.
ഇല്ല, വിശേഷങ്ങ-
ളൊന്നുമീനാളിനി-
ല്ലിന്നലയെപ്പോലെ-
ത്തന്നെയിന്നും,
വന്നുപോകുന്നൂ
പ്രപഞ്ചത്തിലെന്നുമീ,
അജ്ഞാതമാം,
ജന്മ,മരണഘോഷം!
