രചന : സതീഷ്‌ഗോപി ✍️
അടുക്കളയാണ്
ഏറ്റവും മികച്ച നൃത്തശാല
നീ അവിടുത്തെ
അനാഡംബരരാജ്‌ഞി.
ഗന്ധങ്ങളുടെ അച്ചാർഭരണി പോലെ
അതിന്റെ ഉള്ളടക്കങ്ങൾ.
നീ പ്രവേശിക്കുമ്പോൾ മാത്രം
നൃത്തമണ്ഡപം ചിലമ്പിടും.
കടുംകഥ നിർത്തിയ പാത്രങ്ങൾ
പൊടുന്നനെ പിന്നണിക്കാരാകും.
മൺകലത്തിന്റെ സ്‌നേഹോഷ്‌മളതയിൽ
അരിമണികളുടെ ശീതങ്കൻതുള്ളൽ.
മുരിങ്ങനാരിൽ പാലക്കാടൻ രാമർകത്തി
ഗിറ്റാർ മീട്ടിത്തുടങ്ങും.
നാളികേരത്തിന്റെ ഗർഭാശയത്തിൽ
ചിരവനാക്കിന്റെ ആഭേരി.
അരങ്ങേറ്റത്തിന് നാണിക്കുന്ന
അങ്കണവാടിക്കിടാങ്ങളാണ്
ചീരയും അമരയും.
നഖം മിനുക്കി മതിയായിട്ടില്ല,
ആനക്കൊമ്പൻ വെണ്ടയ്‌ക്ക്.
ഇടംവലം നോക്കാതെയാണ്
പടവലത്തിന്റെ പുറപ്പാട്.
ഉള്ളിലൊന്നുമില്ലെന്ന്
ഉള്ളിയുടെ കണ്ണീർച്ചിരി.
ദക്ഷിണയ്‌ക്ക് മഞ്ഞനാണ്യങ്ങളെണ്ണിക്കൂട്ടി
മത്തങ്ങയുടെ മടിത്തട്ട്.
വെളവ് ഒട്ടും കുറവല്ല, ഇളവന്.
മസാലകളുടെ ചമൽക്കാരഭംഗിക്കില്ല
ഉപമകളും ഉൾപ്രേക്ഷകളും.
നീ പച്ചയും കത്തിയും കരിയുമായ്
പകർന്നാടുമ്പോൾ,
തവിയും തളികയും പിൻപാട്ടിനെത്തും.
ഗന്ധലാവണ്യങ്ങളുടെ തിളനിലയിൽ
നിന്റെ ചൊല്ലിയാട്ടങ്ങൾ.
കടുകുകളുടെ
കരഘോഷം കേൾക്കുന്നുണ്ട്,
കറിവേപ്പിലയുടെ സീൽക്കാരങ്ങളും.
ആണവരഹസ്യങ്ങൾക്ക്
അടുക്കളയിൽ പ്രവേശനമില്ല.
അവർ വരുമ്പോൾ മാത്രമാണ്
അടുപ്പ് കരിന്തിരി കത്തുന്നത്.
നൃത്തമണ്ഡപത്തിൽ
കരിക്കലത്തുണിയുടെ
തിരശീല താഴുന്നത്.
ഉപ്പിലിട്ട പ്രണയത്തിന്റെ
ഉണ്ണിമാങ്ങകൾ
ചില്ലുഭരണിയിൽ
സ്വപ്‌നഭ്രൂണങ്ങളുടെ
ഫോസിലാകുന്നത്.

