​തൊട്ടിലിൽ ബാക്കിയായൊരു താരാട്ടുപാട്ടുണ്ടോ..?
ചുമരിലെ ചിത്രത്തിൽ വിടരാത്ത ചിരിയുണ്ടോ..?
അമ്മതൻ പ്രാണന്റെ പാതി
മുറിഞ്ഞപ്പോൾ
അശുപത്രി വരാന്തയിൽ
നിശബ്ദത തളം കെട്ടി.
​കൈപ്പിഴയല്ലിത് കരിനിഴൽ വീണൊരാ
ക്രൂരമാം അനാസ്ഥതൻ അന്ത്യമൊഴി
മാലാഖമാരെന്നു വാഴ്ത്തിയ നാക്കുകൾ
മൗനത്തിൻ ഇരുളിൽ മുഖം ഒളിപ്പിച്ചു.
​മരുന്നിന്റെ മണമുള്ള മുറിക്കുള്ളിലെവിടെയോ
മനസ്സാക്ഷി ചത്തു മലച്ചു കിടപ്പൂ…
കുറ്റവാളിക്കില്ല ആയുധം എങ്കിലും
കൈവിരൽ തുമ്പിൽ
കരുതി നീ മരണത്തെ.
​നിയമത്തിൻ കണ്ണുകൾ കെട്ടിയിരിക്കുന്നു
അധികാരഗർവ്വിൻ പുതപ്പിനുള്ളിൽ
കേസില്ല ശിക്ഷയില്ല കറപുരണ്ട കൈകൾക്ക്
നാളെയും ചിരിക്കുവാൻ മടിയേതുമില്ല.
​കരയുന്നൊരമ്മതൻ കരളിലെ കനലിന്
കണക്കുചോദിക്കുവാൻ ദൈവമേ വരുമോ?
മണ്ണടിഞ്ഞാലും മറക്കില്ല കാലമിന്നീ
പിഞ്ചു ചോര തൻ നീതികേടിൻ കഥ.

ജാബി പത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *