രചന : രാജു വിജയൻ ✍
പ്രണയമൂല്യങ്ങളമ്പേ-
നശിച്ചൊരീ
കെട്ടകാലത്തിന്റെ
തേരാളിയല്ല ഞാൻ…!
പ്രണയമെന്നോരീ
വാക്കിന്റെ തേനൂട്ടും
പകൽക്കിനാവിന്റെ
തൊഴിലാളിയുമല്ല…!
എങ്കിലുമാവാക്കിന്റെ
ആർദ്രത,
നെഞ്ചിലേറ്റുന്ന
പോരാളിയല്ലോ.. ഞാൻ..!
പറയുവാനൊട്ടു-
മിഷ്ട്ടമല്ലെന്നാലും
പതിരു പൂക്കുമ്പോൾ
പാടാതിരിക്കുവതെങ്ങിനെ..?
“പ്രണയ”മാണെനി-
ക്കെന്നു കേട്ടീടുമ്പോൾ
അകമനസ്സിൽ
ചിരിക്കാതിരിക്കുവതെങ്ങിനെ..?!
സ്വന്തമാക്കുവാൻ
മാത്രമാണിന്നത്തെ
സ്വാർത്ഥത മുറ്റും
പ്രണയമെന്നറിയുവോൻ…!
ഇഷ്‌ട ചേതന
നഷ്ടപ്പെടുത്തുവാൻ
തെല്ലു നേരത്തെ
‘ത്രില്ലെ’ന്നറിയുവോൻ..!
ബാഹ്യമോടി തൻ
നശ്വര ബാഷ്പത്തെ
ഏതിനും മേലെ
‘പ്രണയ’മായ് കരുതുവോർ..!
ഉള്ളിനുള്ളിലെ
ചേർത്തു പിടിക്കലിൻ
പൊരുളറിയാതെ
പ്രണയമെന്നോതുവോർ…!
അറിയുകില്ലാർക്കും
പ്രണയമൊരിക്കലേ
ഒരു ജീവതാളമായ്
ഒരുവനിൽ മൊട്ടിടൂ….!
അതു കൊഴിഞ്ഞീടിൽ
പിന്നീട് പൂത്തിടും
പൂക്കളെ ‘പ്രണയ’-
മെന്നാരും ധരിക്കേണ്ട…!
ഒരേ വഴിയിലൂ –
ടന്ത്യം വരേക്കെന്നും
ഒഴുകി മുന്നേറും, തെളി-
നീരല്ലോ…’പ്രണയം’..!!
