ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വിഷു ആശംസകൾ !

ആട്ടിയിറക്കപ്പെടുന്നവരുടെ
വേവലാതികൾക്ക്
ആരും ഇഷ്ടപ്പെടാത്ത
പഴയൊരു പൂപ്പൽഗന്ധമാണ്.
എങ്കിലുമവ പറിച്ചെറിഞ്ഞ
മണ്ണിനെ ഓർമ്മകൾക്കൊണ്ട്
ഉമ്മവെയ്ക്കും.
ചേർന്നുനടന്ന പാതകളിലേക്ക്
പ്രതീക്ഷയോടെ
കണ്ണെറിയും.
കൗതുകമസ്തമിച്ച
പകലിന്റെ ചുവപ്പെടുത്ത്
ജീവിതം വരയ്ക്കാൻ ശ്രമിക്കും.
നിലാവ് പുതച്ച
തണുത്ത മൺത്തരികളിൽ
പിന്നെയും യാത്രമൊഴിയെഴുതും.
ഉച്ചത്തിൽ വന്ന
കരച്ചിലിനെ മിഴിയുടെ
മാന്ത്രികതയാൽ
മൊഴിമാറ്റംചെയ്യും.
ഒടുവിൽ ഒറ്റനക്ഷത്രത്തിന്റെ
വഴിക്കാട്ടലുകളിൽ
നെടുവീർപ്പിട്ട്
ചുവപ്പും,വെള്ളയും,കറുപ്പും
ചായങ്ങൾ മുഖത്തും മനസ്സിലും
വാരിയണിഞ്ഞ്
വെറുമൊരു കോമാളിയാകും.
വെറുമൊരു കോമാളി.

സന്തോഷ് മലയാറ്റിൽ

By ivayana