പരാജയത്തിന്റെ കുന്നും മലകളും താണ്ടിയാണ്
അവനിൽ നിന്നും അവളിലേക്കെത്തിയത്.
അവളിലേക്കെന്നാൽ…
കീറിമുറിച്ച അവയവത്തിന്റെയും നോവിലേറ്റിയ
ഹൃദയത്തിന്റെയും ബഹുദൂരസഞ്ചാരമാണ്.
പെറ്റവയറിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയെന്ന പഴി…
ഭ്രഷ്ടുകൽപ്പിച്ചു പടിയിറക്കിയവരേ,
അലഞ്ഞുതിരിഞ്ഞൊടുവിൽ അവനിൽ നിന്നും
അവളിലേക്ക് ഉരുവമെടുത്തിട്ടും ഒരുതാരാട്ടിന്റെ
തലോടലേൽക്കാനെത്ര കൊതിച്ചിട്ടുണ്ടാകും.
സ്വത്വം വെളിപ്പെടുത്താനാകാതെ
വിങ്ങിയ നെഞ്ചിന്റെ പാട്ടാരുകേൾക്കും?
വഴിയോരങ്ങളിൽ ഊർന്നുവീഴുന്ന ചേലയ്ക്കുള്ളിൽ
വീർപ്പുമുട്ടിയ അഭിസാരികയല്ലിവൾ,
നോവുചീറ്റിയകാലത്തിൽ
മുള്ളുവിരിച്ച, ഒറ്റവഴിയിലൂടെ നടന്നവൾ.
അത്യുംഗത്തിൽ തിളങ്ങും താരങ്ങളാകാൻ കൊതിച്ചില്ല,
സ്നേഹത്തിന്റെ, കനിവിന്റെ,
സമത്വത്തിൻ ഒരുതിരിവെട്ടം കൊതിച്ചവർ
പൊടിമീശവളരുന്നതും,
വീടിനു നെടുംതൂണായി മാറുന്നതും സ്വപ്നം കണ്ടൊരമ്മ
കണാതെ പോകുന്നു
മുടിനീട്ടിവളർത്തി, നഖങ്ങളിൽ നിറം പുരട്ടി,
ചുണ്ടിൽ ചെഞ്ചായമിട്ട്, വാലിട്ടു കണ്ണെഴുതി,
കാതിൽ കുണുക്കിട്ട്,
കയ്യിൽ കിലുകിലുങ്ങനെ വളകളണിഞ്ഞ്
കണ്ണാടിയോട് കിന്നാരം ചൊല്ലുന്നവളെ.
വീടും നാടും തുരത്തിയോടിക്കുമ്പോൾ
ജീവിതത്തിന്റെ കൈപ്പുനീർ കുടിച്ചു
കാടും മേടും കേറിയാണ് ജൽസയാഘോഷിച്ചത്.
തിമിരം ബാധിച്ചകണ്ണുകൾ ചൂഴ്ന്നെടുത്ത്
മാലകോർത്തുചാർത്തി താണ്ഡവമാടാൻ
ഇനിയുമെത്ര “രഞ്ജിമാർ” പിറക്കും?
ദിക്കുമാറിയൊരു “സൂര്യ”നുദിച്ചിട്ടും പുലരാത്തനാട്ടിൽ,
എത്ര വെട്ടിത്തെളിച്ചിട്ടും സമത്വത്തിന്റെ കിരണങ്ങൾ
അരിച്ചിറങ്ങാത്തവിധം ഇടതൂർന്നചിന്തകൾ.
എന്നിലേക്കെത്തുമ്പോഴേക്കും സമത്വത്തിലേക്കുള്ള ദൂരമേറുന്നു.
ബഹുദൂരം സഞ്ചരിച്ചു സ്വത്വത്തിലേക്കെത്തിയപ്പോൾ
മുറതെറ്റാതെയൊരു പിൻവിളികേൾക്കാം
” ഭിന്നലിംഗക്കാരേ….”

RJ ജിഷ അനിൽ

By ivayana