പ്രാർത്ഥനകൾ
അധിനിവേശമെന്ന് ദൈവം
വിലാപങ്ങളെ
ഊതി നീറ്റി
മനുഷ്യനോവിൻ്റെ ,
സുഖമുള്ള തീ കായുന്നു
വിലാപങ്ങൾ
നരകത്തിൻ്റെ ഉത്തരാർദ്ധത്തിൽ ചെന്ന്
ദൈവത്തിൻ്റെ കയ്യിലെ
പട്ടങ്ങളാവുന്നു
ഭൂമി ,
കൊറോണയുടെ
ഉത്തരധ്രുവത്തിലേക്ക് ചെരിഞ്ഞ്
ആകാശത്തിൻ്റെ
ഐസൊലേഷനിൽ കിടന്ന്
മഹാവ്യാധിയുടെ
ഊർദ്ധശ്വാസം വലിക്കുന്നു .
ദുരന്തത്തിൽ
നങ്കൂരമിളകിയ ദുരിതഗോളം
മരണത്തിൻ്റെ
ശൈത്യത്തിലൂടെ നടന്ന്
അച്ചുതണ്ടിനെ
കൊറോണയുടെ
സൂഷുമ്നനാഡിയാക്കുന്നു .
പാതിപെറ്റ പെണ്ണ്
പാതിപിറന്ന കുഞ്ഞിൻ്റെ
ശ്വാസം മുട്ട് കേട്ട് ,
മുലപ്പാൽ വിറ്റ്
മറ്റൊരു കുഞ്ഞിൻ്റെ
അന്നം വാങ്ങൽ കാണുന്നു
ഒരുവൻ
കൊറോണയെ ചുംബിച്ച്
പ്രണയത്തിൻ്റെ
രക്തസാക്ഷിയാകുന്നു .
ജീവിതമിന്ന്
മരണത്തിൻ്റെ
വിക്ഷേപണത്തറയാണ്
ഓരോ മനുഷ്യനും
സജ്ജമായി നിൽക്കുന്ന ,
മരണത്തിൻ്റെ ,
കറുത്ത റോക്കറ്റുകളും

ജെസ്റ്റിൻ ജെബിൻ

By ivayana