രചന : ഷിൽജി സാമുവേൽ ✍️
ഇനി ഒരിക്കലും നിന്നിലേക്ക് അടുക്കാൻ ആവാത്ത വിധം
എന്റെ ചിറകുകൾ നീ അരിഞ്ഞു കളഞ്ഞതെന്തേ .
നിന്റെ സാമിപ്യം കൊതിച്ച ഞാൻ
നിന്റെ ഉള്ളിലെ വേടനെ കണ്ടില്ല..
നിന്റെ കൈകളിൽ ഒളിപ്പിച്ച കത്തി മുനകൾ
എന്റെ ഹൃദയം തുളച്ചു കയറുമെന്നറിഞ്ഞില്ല…
എന്തിനായിരുന്നു..
പറയാമായിരുന്നില്ലേ…
നിനക്ക് രക്ഷപെടാൻ എന്നെ ബലി കൊടുക്കുകയാണെന്ന്
നിന്റെ നന്മകൾ മാത്രം ആഗ്രഹിച്ച ഞാൻ സമ്മതം തരുമായിരുന്നല്ലോ.
നീ എന്റെ ചിറകുകൾ അരിഞ്ഞിട്ടും
നിന്നെ അറിയാതെ പോയത്
അത്രമേൽ നിന്നെ ഞൻ പ്രണയിച്ചത് കൊണ്ടാവാം.
മരണം എന്നെ കൊത്തിയെടുക്കും മുൻപ് പ്രാണനായി കണ്ട നിന്നോട് ഒരുവാക്ക്…
എന്റെ ചിറകുകൾ അരിയാൻ മാത്രം
എന്റെ സ്നേഹത്തിൽ എവിടെയാണ് നീ
തെറ്റ് കണ്ടത്…
എല്ലാ തിരക്കുകളും കഴിഞ്ഞു നീ
എനിക്ക് വെച്ചു നീട്ടിയ നിമിഷങ്ങൾ കൊണ്ട് സന്തോഷം കണ്ടെത്തിയിരുന്നില്ലെ ഞാൻ…
എന്നിട്ടും കൊന്നു കളയാൻ മാത്രം വെറുപ്പ് എന്തിനായിരുന്നു.
നിന്നോട് എനിക്ക് വെറുപ്പ് ഇല്ല.
എന്റെ മരണം കൊണ്ട് നിനക്ക് സന്തോഷം ആകുമെങ്കിൽ…
അവിടെയും നിന്നെ എനിക്ക്
സ്നേഹം കൊണ്ട് തോൽപ്പിക്കണം ❤️
