മല്ലിപ്പൂവിൻ ഇതളിൽ മിന്നും
വെള്ളിത്തുള്ളി നുള്ളിയെടുത്തു
തുള്ളിച്ചാടിപോകും പെണ്ണിൻ
കൺപീലികളിൽ സുറുമ വരയ്ക്കാൻ
കൊന്നപൂവിൽ തല്ലിപോകും
കള്ളിപെണ്ണിൻ കവിളിൽ നുണയോ?
നുണയോ നുണനുണ കുഴിയോ ചുഴിയോ?
ചുഴിയിൽ കുഴിയോ കുഴിയിൽ മധുവോ?
മധുവിൽ വീഴും മധുപൻ ഞാനെൻ
ചെല്ലച്ചിറകുകൾ കൂട്ടിക്കെട്ടി
മധുവാൽ മിഴിയിതൾ പൂട്ടിക്കെട്ടി
മധുവിധു പലവുരു കണ്ടുകഴിഞ്ഞു
നിളപോലൊഴുകും, മഴപോൽമൊഴിയും!
നീലയില്ലാത്തൊരു കയമായവളെ
അറബിപൊന്നിൽ പൊതിഞ്ഞിട്ടൊരുവൻ
വിരലുകൊരുത്തു നടന്നതുകാൺകെ
അവളുപറഞ്ഞു “വിഷമിക്കേണ്ട
നിങ്ങൾക്കെന്നിലും നല്ലതുകിട്ടും,
അമ്മപറഞ്ഞാൽ കേൾക്കണ്ടായോ?

നസ്രേത്തിൽ ജോസ് വർഗ്ഗീസ്

By ivayana