രചന : ജാബി പത്തൂർ ✍️
ചെറിയ പെരുന്നാൾ കഴിഞ്ഞു എങ്കിലും ഇന്നത്തെപ്പോലെ ട്രെൻഡുകളുടെ പിന്നാലെ പായാത്ത ബ്രാൻഡ് നോക്കി ഉടുപ്പുകൾ തിരഞ്ഞെടുക്കാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. മണിക്കൂറുകളോളം ഓൺലൈൻ സൈറ്റുകളിൽ സെർച്ച് ചെയ്തും മാളുകൾ തോറും കയറിയിറങ്ങിയും വസ്ത്രം തേടുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ആ പഴയ പെരുന്നാൾ കാലത്തിന്റെ മാന്ത്രികത മനസ്സിലാക്കാൻ പ്രയാസമായിരിക്കും.
അന്ന് മോഡലുകൾ ആയിരുന്നില്ല വസ്ത്രത്തിന്റെ വില നിശ്ചയിച്ചിരുന്നത് മറിച്ച് ഉപ്പച്ചിയുടെ കയ്യിലെ ആ ചെറിയ പൊതിക്കുള്ളിലെ സ്നേഹമായിരുന്നു.എന്തെ ശെരിയല്ലേ 😌പെരുന്നാളിന് ദിവസങ്ങൾക്ക് മുൻപേ ഉപ്പച്ചി അങ്ങാടിയിൽ പോയി മടങ്ങിവരുന്നത് കാത്തിരിക്കുന്ന ആ വൈകുന്നേരങ്ങൾ ഇന്നും ഒരു തേങ്ങലോടെയല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല. ഉപ്പച്ചി കൊണ്ടുവരുന്ന ആ പൊതി അഴിക്കുമ്പോൾ ഉള്ളിൽ വിരിയുന്ന ആകാംക്ഷയാണ് യഥാർത്ഥ പെരുന്നാൾ. അവിടെ നിറങ്ങളുടെ പോരാട്ടമില്ല, ഫാഷന്റെ മത്സരങ്ങളില്ല. ഉപ്പച്ചി നമുക്ക് വേണ്ടി എന്ത് തിരഞ്ഞെടുത്തോ അതായിരുന്നു അന്നത്തെ ഏറ്റവും വലിയ ട്രെൻഡ്. ആ വസ്ത്രം കിട്ടിക്കഴിഞ്ഞാൽ പിന്നെ പെരുന്നാൾ പുലരിക്കായുള്ള കാത്തിരിപ്പാണ്.
വസ്ത്രം കിട്ടിക്കഴിഞ്ഞു അന്ന് രാത്രി മുതൽ ഉറങ്ങാൻ കിടക്കുമ്പോൾ തലയണക്കീഴിലോ അല്ലെങ്കിൽ കണ്ണിന്റെ ആയുധമെത്തുന്ന ദൂരത്തോ ആ പുത്തൻ വസ്ത്രം സൂക്ഷിച്ചുവെക്കും. ഇടയ്ക്കിടെ അതെടുത്തു നോക്കാനും ഒന്ന് ദേഹത്ത് വെച്ച് നോക്കാനുമുള്ള കൊതി.
ഇതെല്ലാം കണ്ട്
“ഇപ്പൊ ഇട്ടു നോക്കണ്ട നേരം
വെള്ത്ത്ട്ട് കുളിച്ച് കഴിഞ്ഞിട്ട് മതി”
എന്ന ഉമ്മച്ചിയുടെ വാത്സല്യം കലർന്ന വിലക്കുകൾ ആ കാത്തിരിപ്പിന്
മധുരം കൂട്ടി.
വൈകാതെ മാസം കണ്ടെന്ന വാർത്ത
ആകാശവാണിയിൽ നിന്നുള്ള
അറിയിപ്പ് ഹകീം കൂട്ടായി വക
ഇന്നത്തെ പോലെ പ്രഹസനങ്ങൾ ഒട്ടുമില്ലാത്ത മാസപിറവി അറിയിപ്പ്
അതോടെ നാടാകെ പെരുന്നാൾ മണം പടരുകയായി.പള്ളിയിൽ നിന്നും തക്ബീർ മൊഴികൾ ഉച്ചത്തിൽ കേട്ട് തുടങ്ങും.പിന്നെ വീട്ടിൽ ഇരിക്കാൻ ആർക്കും കഴിയില്ല.
അയൽപക്കത്തെ കൂട്ടുകാരെല്ലാം ഒത്തുകൂടും. തക്ബീർ ധ്വനികൾ മുഴക്കി തെരുവുകളിലൂടെ ആവേശത്തോടെ നടത്തുന്ന ആ ജാഥകൾ ഇന്നും കാതുകളിലുണ്ട്. ആ തക്ബീറുകളിൽ ഒരു വലിയ ആഘോഷത്തിന്റെ വിളംബരമുണ്ടായിരുന്നു. രാത്രിയുടെ വൈകിയ വേളകളിലും ഉമ്മച്ചിമാരും ഉപ്പച്ചിമാരും ഒരുക്കുന്ന വിഭവങ്ങളുടെ മണം വീടാകെ നിറയും.
പെരുന്നാൾ പുലരിയിൽ കുളി കഴിഞ്ഞ് ഉപ്പച്ചി വാങ്ങിത്തന്ന ആ പുത്തൻ ഉടുപ്പുമിട്ട് നിൽക്കുമ്പോൾ കിട്ടുന്ന ഒരു വലിയ സന്തോഷമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ധനികൻ താനാണെന്ന് തോന്നിപ്പോകുന്ന നിമിഷം. വീട്ടിലെ മുതിർന്നവരുടെ അടുത്തേക്ക് ഓടിച്ചെന്ന് സലാം പറയുമ്പോൾ കയ്യിൽ വെച്ചുതരുന്ന ആ പെരുന്നാൾ പൈസയാണ് അന്നത്തെ ഏറ്റവും വലിയ നിധി. രൂപയുടെ മൂല്യമല്ല ആ സ്നേഹത്തിന്റെ വലിപ്പമായിരുന്നു മനസ്സ് നിറച്ചിരുന്നത്. തറവാട്ടു വീട്ടിൽ കുടുംബക്കാരെല്ലാം ഒന്നിച്ചുകൂടുന്നതും, ചിരിയും തമാശകളും പങ്കുവെക്കുന്നതും ആ പെരുന്നാളിന് ഇരട്ടി മധുരം നൽകുന്ന മറക്കാനാത്ത കാഴ്ച്ച തന്നെ.
ഉച്ചകഴിഞ്ഞാൽ പിന്നെ ലക്ഷ്യം അടുത്തുള്ള അങ്ങാടിയാണ്. കയ്യിലുള്ള പെരുന്നാൾ പൈസയുമായി കൂട്ടുകാർക്കൊപ്പം അങ്ങാടിയിലേക്ക് ഒരു യാത്രയുണ്ട്. അവിടെ നിരത്തിവെച്ചിരിക്കുന്ന ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ട വണ്ടികളും പീപ്പികളും ബലൂണുകളുമാണ് നമ്മുടെ സ്വപ്നലോകം. ഒരു കൊച്ചു വണ്ടി വാങ്ങി അത് നൂലിൽ കെട്ടി വലിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അനുഭവിക്കുന്ന ആ സംതൃപ്തി വിവരണാതീതമാണല്ലേ !.
പിന്നെ ഉമ്മയുടെ വീട്ടിലേക്കുള്ള
യാത്ര ഒരുക്കങ്ങളാകും അമ്മോന്മാരുടെ
പെരുന്നാൾ പൈസ വല്ലിമ്മ വക വേറെ
അവിടെയുള്ള പെരുന്നാൾ വിരുന്ന്
ഓഹ് മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകൾ….!
കാലം എത്രയോ മാറി ഫാഷനുകൾ മാറി കയ്യിൽ ഇഷ്ടം പോലെ വസ്ത്രങ്ങൾ വന്നു ചേർന്നു. എങ്കിലും ഉപ്പച്ചി വാങ്ങിത്തന്ന ആ പഴയ പെരുന്നാൾ കൂട്ടിന്റെ അത്രയും തിളക്കമോ ആ കളിപ്പാട്ട വണ്ടി തന്ന സന്തോഷമോ ഇന്നത്തെ ഒരു ആഡംബരത്തിനും നൽകാൻ കഴിയില്ലഎന്നുള്ളത് ശെരിയല്ലേ . ആ നിഷ്കളങ്കമായ സ്നേഹവും ഒത്തൊരുമയും നിറഞ്ഞ കാലം ഒരു മധുരമുള്ള നൊസ്റ്റാൾജിയയായി ഇന്നും മനസ്സിന്റെ കോണിൽ പച്ചപിടിച്ചു നിൽക്കുന്നു.

