2019-ൽ ഈ വരികൾ എഴുതുമ്പോൾ അതൊരു കഥയായിരുന്നു. എന്നാൽ 2026-ന്റെ ഈ സായാഹ്നത്തിൽ ഇതൊരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ ഇനി കാണാൻ കഴിയാത്ത അലീന എന്ന പെൺകുട്ടിയുടെ മുഖം ഓർമ്മകളുടെ തിരമാലകളായി എന്നിലേക്ക് അടിച്ചുകയറുന്നു. ആ ഓർമ്മയ്ക്കായി വീണ്ടും…
“നീ ഇപ്പോഴും ആ പഴയ നിരീശ്വരവാദി തന്നെയാണോ?”

ചോദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും അവളുടെ സ്വരത്തിന് വാശിയേറി. മറുപടിയായി ഒരു മൂളൽ മാത്രം നൽകി ഞാൻ പുറത്തെ ഇരുട്ടിലേക്ക് നോക്കി. ഫേസ്ബുക്കിന്റെ ചുവരുകളിൽ അക്ഷരങ്ങളിലൂടെ പടർന്നുകയറിയ ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത്. എന്റെ വിപ്ലവവീര്യമുള്ള രാഷ്ട്രീയത്തിന് തീർത്തും വിപരീതമായി നിൽക്കുന്ന, പാരമ്പര്യത്തിൽ വേരൂന്നിയ ഒരു പെൺകുട്ടി. എന്നിട്ടും ഞങ്ങൾ അടുത്തു. ആ സാമീപ്യം പലപ്പോഴും എന്റെ വീടിന്റെ സ്വസ്ഥത കെടുത്തി. എന്റെ ഭാര്യയുടെ ഉറക്കമില്ലാത്ത രാത്രികൾ അടുക്കളയിലെ ഭക്ഷണത്തിൽ ഉപ്പിന്റെയും മുളകിന്റെയും അളവ് കൂട്ടി.

കൊതുകുവലയ്ക്കുള്ളിലെ ഇടുങ്ങിയ ലോകത്ത് അവളോടൊപ്പം കിടക്കുമ്പോഴും, മനസ്സ് അഥീനയുടെ അരികിലായിരുന്നു.
കൊച്ചുത്രേസ്യ എന്ന പേര് മാറ്റി അഥീന എന്ന് വിളിച്ചത് ഞാനാണ്.
“അമ്മച്ചിയുടെ പേരാടാ ഇത്” എന്ന് അവൾ പരിഭവം പറയുമ്പോഴും ആ പേരിൽ ഒരു പഴയ സുഗന്ധമുണ്ടായിരുന്നു.
“നീ മറുപടി തന്നില്ലല്ലോ രാജി…” അവൾ വീണ്ടും ചോദിച്ചു.
“പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ല, എവിടെ തുടങ്ങണം എന്നറിയാത്തതുകൊണ്ടാ. നീ എന്തിനാ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നത്?”
“അതല്ലെടാ… നിരീശ്വരവാദികൾ പ്രാർത്ഥിച്ചാൽ ദൈവം പെട്ടെന്ന് കേൾക്കുമത്രേ!”
അതൊരു പൊട്ടിച്ചിരിയിലായിരുന്നു അവസാനിച്ചത്. പക്ഷേ, ആ ചിരിക്കു പിന്നിലെ നൊമ്പരം അന്ന് എനിക്ക് മനസ്സിലായില്ല.

എപ്പോഴാണ് ഞങ്ങൾക്കിടയിൽ അകൽച്ച വന്നത്?…ഞാനെന്ന ‘ഈഗോ കിങ്ങിനെ’ അവൾ പ്രണയിച്ചിരുന്നോ? അറിയില്ല. രണ്ട് വർഷത്തെ മൗനത്തിന് ശേഷം ഇന്നുവന്ന ആ ട്വീറ്റ് എന്നെ പഴയ ഭൂതകാലത്തിലേക്ക് പിടിച്ചുവലിച്ചിട്ടിരിക്കുന്നു. വെറുപ്പോടെയല്ല ഞങ്ങൾ പിരിഞ്ഞത്.
“നിന്റെ കുടുംബം… അത് എപ്പോഴും നിന്റെ കൂടെയുണ്ടാകണം,” എന്നതായിരുന്നു അവളുടെ അവസാന വാചകം.

“എന്റെ ശരീരത്തിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് അവൾക്കുള്ളത്?” എന്ന ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ ഹെഡ്‍ഫോൺ ചെവിയിൽ തിരുകി ഗസലുകളുടെ ലോകത്തേക്ക് ഞാൻ ഒളിച്ചോടാറുള്ളത് പതിവായിരുന്നു.
“രാജീവ്… ഒരു കോഫി എടുക്കട്ടെ?”
ജോണിന്റെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി. അയാൾ പുഞ്ചിരിക്കുകയാണ്. ഭാര്യ മരണത്തിന്റെ വക്കിൽ നിൽക്കുമ്പോഴും ഈ മനുഷ്യന് എങ്ങനെ ചിരിക്കാൻ കഴിയുന്നു? ചിലപ്പോൾ അതൊരു മുഖംമൂടിയാകാം. എന്തിനും ഏതിനും ഭാര്യയെ ആശ്രയിച്ചിരുന്ന അയാൾ ഇപ്പോൾ ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പഠിച്ചിരിക്കുന്നു.
“ടാ, കണ്ടോ… എന്റെ ഭർത്താവ് ഇപ്പോൾ നല്ല കുട്ടിയായി. അതിന് ഈ രോഗം തന്നെ വരേണ്ടി വന്നു.”

കട്ടിലിൽ കിടന്ന് അവൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. കറുത്ത പുഞ്ചിരിയുമായി മരണത്തിന്റെ ദൂതൻ അവളെ കാർന്നുതിന്നുകയാണ്.
“ഇപ്പോൾ ഞാൻ കരയാറില്ല. മുകളിലേക്ക് നോക്കി കിടക്കുമ്പോൾ നിന്റെ ഓർമ്മകൾ വരും. നീ പാടുന്നത് കേൾക്കുമ്പോൾ ഞാൻ ഒരു തൂവൽ പോലെയാകും.
ശരീരത്തിന് ബലമില്ലാതാകുമ്പോൾ നമുക്ക് പറക്കാൻ പറ്റും അല്ലേ… എനിക്ക് വേണ്ടി ഒന്ന് കൂടി പാടുമോ?”.
ഞാൻ പതുക്കെ പാടിതുടങ്ങി…..
യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ ആ കണ്ണുകളിൽ നോക്കാൻ എനിക്ക് കരുത്തുണ്ടായിരുന്നില്ല.

“രാജി…” അവൾ കഷ്ടപ്പെട്ട് എന്നെ വിളിച്ചു.
വാതിൽക്കൽ വെച്ച് ഞാൻ തിരിഞ്ഞു നിന്നു.
“നമ്മൾ നടന്നുപോയ വഴികൾ ഓർമ്മയുണ്ടോ? ആ പഴയ വീടിനു മുന്നിലെ പടർന്നു കിടക്കുന്ന ലില്ലിച്ചെടികൾ… അടുത്ത തവണ വരുമ്പോൾ കുറച്ച് ലില്ലിപ്പൂക്കൾ കൊണ്ടുവരണം. വെള്ള നിറത്തിനെ ഞാൻ ഇപ്പോൾ ഒരുപാട് സ്നേഹിക്കുന്നു. ആ പൂക്കളിലെ മഞ്ഞുതുള്ളികൾ എന്റെ കണ്ണുകളിൽ നീ ഇറ്റിക്കണം.”
പാവം അഥീന… അവൾക്കറിയില്ലല്ലോ, ആ ലില്ലിച്ചെടികൾ എന്റെ മോഹങ്ങളെപ്പോലെ എന്നേ കരിഞ്ഞുപോയി എന്ന്. അവൾക്കായി അവസാനം പാടിയ പാട്ടിന്റെ വരികൾ ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ, വാക്കുകൾ മുറിഞ്ഞുപോയിക്കൊണ്ടിരുന്നു.
“രാജി… നിന്റെ ശബ്ദം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു… ഞാൻ നിന്നെ വീണ്ടും പ്രണയിച്ചോട്ടെ?”.

ഗൗതം രാജീവ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *