കാലത്തിനനുയോജ്യ രമ്യപരിവർത്തനം
നൽകുന്നതാരുദയകാലമേ,യീവിധം
കനകസ്വപ്നങ്ങൾ ചാലിച്ചവനിയനുദിനം
രമണീയമാക്കുന്നതേതുദയ ചിന്തകം?

ആദിമനുഷ്യനിന്നോളംവരെ,യെത്ര-
പാവനസ്സംസ്ക്കാര മഹിമകൾ വന്നുപോയ്
പാരിന്നുദയാസ്തമയങ്ങൾ കണ്ടവർ
പാടേയണഞ്ഞുപോ,യിന്നില്ലയോർമ്മകൾ.

പാതി നിറഞ്ഞ മനസ്സുമായാ,വിധം
പാരായണം ചെയ്തിടുന്നു,നാം പാരിടം
പാനപാത്രം നിറച്ചേകില്ല., ഭൂതലം-
പാഥേയമായേകിടുന്നതീ,ജീവിതം.

മധുരമായില്ലയിന്നെങ്കിലും നന്മതൻ
മധുപമാകാനേകിടുന്നെത്ര,യവസരം
വസുധൈക ശില്പിയോതുന്നുദയ മന്ത്രണം
യാന്ത്രികമ,ല്ലഭയമാകുന്നതിൻ ഗുണം.

പാവനസ്മരണയാലുണരട്ടെയീദിനം
പാരിൻ വെളിച്ചമോതുന്നില്ലെ സാന്ത്വനം
നേരുണർത്തിത്തന്നതില്ലേ മഹാസ്മിതം;
മാതൃകാനന്ദമേകുന്നില്ലെ വാസരം?

വിരസതയ്ക്കില്ലാ,പ്രസക്തിയെന്നറിയുകിൽ
വിലപിച്ചിടാതുണർന്നുദയമായ് മാറണം
കലഹിച്ചുലയുന്ന കാലമാണെങ്കിലും
വിലമറക്കാതിതര സുസ്മിതമാകണം.

തലമറന്നെണ്ണതേയ്ക്കാതിരുന്നീടണം
തലമുറകൾക്കുനാ,മഭയമായ് മാറണം
തമസ്സിൽത്തളർന്നു നിൽക്കാതെ യാക്കനവുകൾ
പുലരിപോൽ നിത്യം തിളങ്ങാൻ കൊതിക്കണം.

താനേയുണരുന്നതല്ല,യീ ധരണിയും.,
താഴിട്ടയ്ക്കാത്തതാം ധർമ്മസരണിയും
കാവ്യമാണെന്നറിയുന്ന യീ,യരുവിയും;
കൃപയാലുണർത്തുന്നതതാം ജന്മപുലരിയും.

ശരിയായുണർന്നു ചിന്തിക്ക, നാം സന്തതം
തിരയടങ്ങിത്തുടർന്നേകുമാ, നന്മകം;
കാരുണ്യവാരിധേ,യറിയുന്നു താരമായ്-
പാരിൽത്തുളുമ്പുന്ന, നീയെന്നയത്ഭുതം..

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *