🌳🌴🌳🌴🌳🌴🌳
കമനീയമായൊഴുകിനീങ്ങുന്ന സ്മരണപോൽ
കരളുകൾക്കേകേണ്ടതാണഭയ പുലരികൾ
കവിതയാകേണ്ടതില്ലേ ഹരിത ചിന്തകൾ
കദനകാലത്തെയുണർത്തുന്നു വയലുകൾ.

കണിക്കൊന്ന പൂത്തുലയുന്നതാം മനസ്സുകൾ,
കനകവർണ്ണത്തിലെഴുതും വചസ്സുപോൽ
കരളുണർത്താൻകൊതിക്കുന്നെത്രയടവികൾ
കരിഞ്ഞുണങ്ങുന്നിതായതിരമ്യ നന്മകൾ.

കനിവുകൾ തളിരിട്ടുണരും വനങ്ങളായ്,
കനവിലായ് കാത്തുവയ്ക്കാം മഹിത ചിന്തകൾ
കടമുറിച്ചെറിയുന്നൊടുവിലാ, തണലുകൾ;
കടലാഴമേകിത്തളർത്തരുത് മനസ്സുകൾ.

കടലാസുതോണിപോൽത്തകർത്ത സുനാമിതൻ
കടലുകളാഞ്ഞടിക്കുന്നില്ലെയോർമ്മയിൽ;
കടുനിണംപോലൊഴുകി നീങ്ങുന്നരുവികൾ
കടുംവെട്ടു വെട്ടിവീഴ്ത്തുന്നെത്ര നിറവുകൾ?

കടവിലടുക്കുന്നതില്ലാർദ്ര രജനികൾ
കടിഞ്ഞാണിടുന്നുലകിലതി,സുകൃത ചിന്തകൾ
കനിവറ്റ പ്രകൃതിയാലുരുകുന്നു ധമനികൾ
കർത്തവ്യമെന്തേ മറക്കുന്നു യുവതകൾ ?

കരയാതെയൊഴുകി നീങ്ങട്ടെയിന്നരുമകൾ
കനവുകൾക്കേകേണ്ടതാണുദയ മുകിലുകൾ
കവിതപോലുണരട്ടെ ഹരിതാഭശോഭയാൽ;
കഴിഞ്ഞ കാലത്തെയോർത്തലയുന്ന തടിനികൾ.

കരുതൽച്ചിറകുമായ് ഗ്രാമവിശുദ്ധിയായ്
കരുതിവയ്ക്കുന്നില്ലെയലിവാർന്ന കാവുകൾ
കത്തിപ്പടർത്താതെയിന്നിൻ പ്രകൃതി,നാം
കൺകുളിർക്കും വിധം രമണീയമാക്കുക.

കതിരുകൾ വീണ്ടും തളിർക്കട്ടെ, വയലുകൾ;
കവിതകൾപ്പാടിയിനിയുമുണർത്തിടാം
കനവുകളൊഴുകട്ടെ പുഴകൾതൻ കുളിരുമായ്;
കരളിൽത്തുളുമ്പിനിൽക്കട്ടെയാ,നിറവുകൾ.

കനകവർണ്ണത്തിലുണർത്താം പ്രതീക്ഷകൾ
കടലാഴമായഴൽപ്പടരില്ല,രജനികൾ-
കരുണാർദ്ര ഹൃദയം പകർന്നതിന്നൂർജ്ജമായ്
കരളിലുണർത്തട്ടെയഴകാർന്ന പുലരികൾ…

💖🌷💖🌷💖🌷💖

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *