രചന : പ്രസീദ.എം.എൻ ദേവു ✍
കവിതയുടെ മണമടിച്ച
വിരലുകളിനറ്റത്ത്
സൂചി പഴുതിനാലൊരു
തുളയിടണം.
മരിച്ചാലും
ഞങ്ങളെഴുതുമെന്നവർ
എന്നോടവർ
കട്ടായം പറഞ്ഞിട്ടുണ്ട് ,
ഒരാളിലേയ്ക്ക്
മാത്രം സഞ്ചരിക്കാനാവാത്ത
കാലുകളിൽ
തോറ്റവളെന്ന് പച്ച കുത്തണം ,
നിറഞ്ഞൊരാൾ വസിക്കുന്ന
ഹൃദയത്തിൽ
പലക്കുറി തുന്നണം,
പ്രണയം കൊണ്ടെനിക്കു
പുറത്തു പോവാനില്ലെന്ന്
അയാൾ നിലവിളിക്കണം ,
കണ്ണുകളിലെ ഒരു പീലി മുടി
കൂട്ടുകാരിക്ക്
ഇഷ്ടദാനം കൊടുക്കണം
അവളറിയാത്ത
ഒറ്റത്തുള്ളിയും
ഇതു വരെ ചോർന്നില്ലെന്ന്
ആശ്വസിപ്പിച്ചു കൊള്ളണം,
നെഞ്ചിലൊരു വീണു കിടപ്പിന്
വീട്ടിലുള്ളവന്
പത്ത് നിമിഷം നൽകുക
എന്നിൽ പെയ്തു തോർന്നു
കരയേറട്ടെ അയാൾ,
അമ്മേയെന്നോതി
കരയുന്നവരോട്
നിങ്ങൾ വലുതായെന്ന്
ഉറക്കെ മൊഴിയുക.
കെട്ടിപിടിക്കുന്ന അവരെ
ഞാനറിയാതെ വേർപ്പെടുത്തുക,
സ്നേഹത്തിന്റെ
ചങ്ങലക്കണ്ണിയൊന്ന്
അറ്റു പോവുന്ന
വേദനയാൽ
എനിക്കു ചുറ്റും
മൂന്നു രക്തത്തുള്ളികൾ
വാവിടും,
ഞാനവരെ വിട്ടൊരിക്കലും
പോവില്ലെന്ന്
ഒപ്പു വെച്ച എന്റെ നെറ്റിത്തടത്തിൽ
നൂറു മറി ചുംബിക്കാൻ
പറയുക,
എന്റെ വരികളെ
പുണർന്നു ചുംബിച്ചവരോട്
പാതി ചുണ്ടുകൾ
ചേർത്ത് വെച്ചെന്നെ
ഒരു വട്ടം കൂടി ചുംബിക്കാൻ
അനുമതി നൽകുക.
എനിക്ക് പിറക്കാതെ പോയ
കവിത കുഞ്ഞുങ്ങളെ
നാടാകെ പറത്തി വിടുക,
തുന്നുമ്പോളും
നിങ്ങളറിയാതൊരു
വിതുമ്പൽ
കച്ചയിലിരുന്ന്
മന്ത്രിക്കുന്നുണ്ടാവും
കവിതയെഴുതി മതിയായില്ലെന്ന് ,
ഒരു നിമിഷം അവസാന വരിക്ക്
എന്നെയെടുക്കും മുമ്പ്
സമയം കണ്ടെത്തുക,
കവിതയാലെന്നെ
പൊതിഞ്ഞു കെട്ടുക,
അവസാനമൊരാൾ
ഓടിക്കിതച്ചെത്തും
ഉടമ്പടിക്കരാർ
തെറ്റിക്കരുതെന്ന്
ഞാനാവർത്തിച്ചു
പറഞ്ഞു കൊള്ളാം ,
മടക്കമില്ലാത്തൊരു
തിരക്കിലേയ്ക്ക്
ഞാൻ മായുമ്പോൾ ,
എന്നെയൊരാൾ മാത്രമെടുത്താൽ
മതി.
യാത്ര പറയുകയല്ലെന്ന്
തോന്നിക്കും വിധം
ഞാനെന്റെ കുറുമ്പുകൾ അയാളിൽ
ആവർത്തിച്ചു കൊണ്ടേയിരിക്കും,
എന്റെ കുട്ടിയെന്നയാൾ
സ്വാന്തനപ്പെടുത്തുമ്പോൾ ,
ഉറക്കത്തൊട്ടിലിലെന്ന പോലെ
മണ്ണിൽ കിടത്തട്ടെ,
ഞാനുണരാതിരിക്കാൻ
അയാളെനിക്കെന്നും
ഹൃദയത്താരാട്ട് പാടട്ടെ …
