തൂമഴകാൺകേ കുഞ്ഞിപ്പെണ്ണിന്
കൗതുകമേറി വരുന്നുണ്ടേ.
വീട്ടിൻ മുറ്റത്തിറങ്ങി മെല്ലെ
മഴ നനയാനൊരു കൊതിയായേ.
ചാഞ്ഞുചരിഞ്ഞു കുഴഞ്ഞാടിക്കൊ-
ണ്ടെത്തും മഴയൊരു രസമല്ലേ!
താളമടിച്ചും മൂളിപ്പാട്ടുകൾ
പാടിവരും മഴ സുഖമല്ലേ!
രാവും പകലുമതെന്നില്ല, മഴ
തിമർത്തു പെയ്യുകയാണല്ലോ!
നീർത്തുള്ളികൾ വീഴുമ്പോളെങ്ങും
പാരിൽ കുളിരിൽ തേരോട്ടം!
കടലാസ് വഞ്ചിയിറക്കി രസിക്കേ
ആകെ നനഞ്ഞുകുളിച്ചല്ലോ!
അമ്മയതെങ്ങാൻ കണ്ടാലയ്യാ,
കലി തുള്ളും കഥയറിയാലോ?
എങ്കിലുമെന്നെ ചേർത്തു പിടിച്ചി-
ട്ടമ്മ തുവർത്തി കൊഞ്ചിക്കും.
ആകെ തണുത്തു വിറയ്ക്കുന്നേരം
ശർക്കരയിട്ടൊരു കാപ്പി തരും.
അപ്പോൾ കേൾക്കാം പെരുമഴ, വീണ്ടും
ഇടിമിന്നലുകളുമതിഘോരം.
അമ്മ പതുക്കെ മടിയിലിരുത്തും
കുഞ്ഞിക്കഥകൾ കേൾപ്പിക്കും!

By ivayana

Leave a Reply

Your email address will not be published. Required fields are marked *