രചന : ബാബു തില്ലങ്കേരി ✍️
മരിച്ച് വിറങ്ങലിച്ച്
കിടക്കുന്ന മീനുകളെ കാണുമ്പോൾ
സ്വപ്നങ്ങൾ തകർന്ന,
സ്വർഗ്ഗകവാടത്തിലിരുന്ന്
ശോകഗാനം പാടുന്ന
ധാർമ്മികതയുടെ കൃഷ്ണമണി
സ്പന്ദിക്കുന്ന തുടിപ്പുകൾ കേൾക്കാം.
വലയിലകപ്പെട്ട് മരണത്തോട്
മല്ലടിക്കുന്ന മീനുകളുടെ കണ്ണിൽ
നോക്കിയിരിക്കുമ്പോൾ
ദാരിദ്ര്യത്തിലമർന്ന സംസ്കാരത്തിന്റെ
പടവുകളിൽ സാമൂഹ്യനിരക്ഷരതയുടെ
നെടുവീർപ്പുകൾ ചൂളമടിക്കുന്നത് കേൾക്കാം.
മരവിച്ചുപോയ
മീനുകളുടെ ചിറകുകളിൽ
ഊഞ്ഞാലാടുന്ന തിരമാലകളിൽ
കണ്ണുനട്ടിരിക്കുമ്പോൾ
ഹൃദയ,യകത്തളങ്ങളിൽ
സംഗീതംനിലച്ച ശൂന്യതയിൽ
മങ്ങിയനക്ഷത്രങ്ങൾ വരിയുടഞ്ഞ
രാത്രിയെ പിച്ചിച്ചീന്തിയ
കാല്പനികതയുടെ കാവ്യം കേൾക്കാം.
കൊലചെയ്യപ്പെട്ട മീനുകളുടെ
വാലുകളിലാണ്
വാതായനം തുറക്കേണ്ടത്
വാലിൽനിന്നും തലയിലേക്ക്
തണുപ്പ് പടരുമ്പോൾ നരകത്തിൽ
ശീതീകരിച്ച മുറികളുടെ
വിശറിക്ക് പ്രസക്തിയില്ല.

