മാത്യുക്കുട്ടി ഈശോ ✍
ന്യൂജേഴ്‌സി: കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന സഭയുടെ ഇന്ത്യയിലെ അദ്ധ്യക്ഷനായ ശ്രേഷ്ട മോർ ബസേലിയോസ് തിരുമേനിക്ക് ജൂലൈ 22-ന് വൈകിട്ട് 6 മുതൽ 9 വരെ ന്യൂയോർക്ക് പോമോണാ സഫേർണിലുള്ള ബാങ്ക്വറ്റ് ഹാളിൽ (DMZT, 106 Pomona Road, Suffern, NY) ക്ഷണിക്കപ്പെട്ട സദസ്സിൽ വച്ച് പ്രൗഡോജ്വല സ്വീകരണം നൽകുന്നു. ന്യൂജേഴ്‌സി ഓൾഡ് ടാപ്പനിൽ പ്രവർത്തിക്കുന്ന ഭദ്രാസന ആസ്ഥാനത്ത് ജൂലൈ 22 മുതൽ 25 വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലങ്കര ആർച്ച് ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ 37-ാമത് കുടുംബ-യുവജന സംഗമത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നതിനാണ് നിയുക്ത ശ്രേഷ്ട കാതോലിക്കാ ബാവാ എത്തിച്ചേരുന്നത്.
നോർത്ത് അമേരിക്കൻ ഭദ്രാസന ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിലും ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലും കഴിഞ്ഞ ദിവസം ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ നടത്തിയ പത്ര സമ്മേളനത്തിലാണ് ആർച്ച് ബിഷപ്പ് ഇത് പ്രസ്‌താവിച്ചത്.
വളരെ കലുഷിതമായ സഭാന്തരീക്ഷമായിരുന്നു നാട്ടിലുണ്ടായിരുന്നത്. ഇപ്പോൾ അൽപ്പം ശാന്തതയുണ്ടെങ്കിലും പൂർണ്ണ സമാധാനത്തിലേക്ക് അത് എത്തിയിട്ടില്ല. ഈയൊരു കാലഘട്ടത്തിൽ ദീർഘ കാലം യാക്കോബായ സഭയ്ക്ക് നേതൃത്വം കൊടുത്തത് കാലം ചെയ്‌ത ശ്രേഷ്ഠനായ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ആയിരുന്നു. അദ്ദേഹം മെത്രാപ്പോലീത്തയായി അൻപത് വർഷം പിന്നിട്ട ആളായിരുന്നു. പാരമ്പര്യം നിലനിർത്താനായി ആ സ്‌ഥാനത്തേക്ക് ആര് തിരഞ്ഞെടുക്കപ്പെടും എന്ന് ചെറിയ ആശയക്കുഴപ്പം ആ സമയത്ത് ഉണ്ടായിരുന്നു. ഏതായാലും ദൈവ കൃപയാൽ അന്ന് തിരുമേനി ആയിരുന്ന ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ സഭ ശ്രേഷ്ട ബാവായായി തെരഞ്ഞെടുത്തു. തുടർന്ന് 2025 മാർച്ച് 25-ന് ആഗോള പരിശുദ്ധ കാതോലിക്കാ ബാവാ ലെബനോൻ ബെയ്‌റൂട്ടിൽ വച്ച് അദ്ദേഹത്തെ വാഴിക്കുകയും ചെയ്തു. പ്രസ്തുത സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയിൽ നിന്നും കേന്ദ്ര സർക്കാർ പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും പങ്കെടുത്തിട്ടുള്ളതാണ്. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആ ചടങ്ങിൽ ധാരാളം പേർ പങ്കെടുത്തിട്ടുള്ളതാകുന്നു. വളരെ പ്രതീക്ഷ നൽകിക്കൊണ്ടാണ് അദ്ദേഹം ശ്രേഷ്ട ബാവായായി സ്ഥാനം ഏറ്റത്. കഴിഞ്ഞ വർഷത്തെ കുടുംബ സംഗമത്തിന് വന്ന് ചേരണമെന്ന് ബാവ ആഗ്രഹിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ എത്തിച്ചേരുവാൻ സാധിച്ചില്ല. അതിനാലാണ് ഈ വർഷത്തെ കുടുംബ സംഗമത്തിലേക്ക് ശ്രേഷ്ട കാതോലിക്കാ ബാവയെ ക്ഷണിച്ചിരിക്കുന്നത്.

ശ്രേഷ്ട ബാവായായി സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായാണ് അമേരിക്കയിലേക്ക് അദ്ദേഹം വരുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന് സമുചിതമായ ഒരു സ്വീകരണം നൽകണമെന്നാണ് ആഗ്രഹിക്കുന്നത്. പോമോണാ ബാങ്ക്വറ്റ് ഹാളിൽ വച്ച് ജൂലൈ 22-ന് വൈകിട്ട് 6-ന് ശ്രേഷ്ട കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. പ്രസ്തുത ചടങ്ങിന് എല്ലാ പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലെയും ബിഷപ്പുമാരെയും ക്ഷണിച്ചിട്ടുണ്ട്. എത്യോപ്യൻ, ഐറീഷ്യൻ, കോപ്ടിക്ക്, സിറിയൻ, മലങ്കര മാർത്തോമ്മാ തുടങ്ങിയ സഭകളുടെ ബിഷപ്പുമാരെയും മലങ്കര കത്തോലിക്കാ ബിഷപ്പിനെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പരിപാടികളോടെയാണ് ആ സ്വീകരണച്ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.
ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടയ്ക്കാട്ട്, ജോയിൻറ് സെക്രട്ടറി റവ. ഫാദർ ബ്ലെസ്സൻ കുര്യാക്കോസ്, ഭദ്രാസന ട്രഷറർ സിമി ജോസഫ്, ജോയിൻറ് ട്രഷറർ ബോബി കുര്യാക്കോസ്, ഭദ്രാസന മുൻ സെക്രട്ടറി റവ. ഫാദർ ജെറി, കൗൺസിൽ അംഗങ്ങളായ കോർ എപ്പിസ്കോപ്പ വെരി റവ. ഫാദർ ജോസഫ് സി. ജോസഫ്, റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി, അലക്സ് ജോർജ്, ഷെവലിയാർ ജയ്മോൻ സ്‌കറിയ, റോയി മാത്യു, സാബു സ്‌കറിയ, ജോയി ഇട്ടൻ എന്നിവരും ഇന്ത്യ പ്രസ് ക്ലബ്ബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഈ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, കൈരളി ഡയറക്ടർ ജോസ് കാടാപുറം, 24 ന്യൂസ് കോർഡിനേറ്റർ ബിനു തോമസ്, ഇന്ത്യ പ്രസ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് എന്നിവരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
