ഒരു യുദ്ധത്തേയും നീതികരിക്കാൻ എനിക്ക് കഴിയില്ല. ഏതൊരു യുദ്ധത്തിലും നിരപരാധികളാണ് കൂടുതലും ശിക്ഷിക്കപ്പെടാറുള്ളത് എന്നതാണ് അതിന് കാരണം..
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന പ്രതിജ്ഞാ വാചകം തലയിലേറ്റി നടക്കുന്ന നമ്മൾ ചിന്തിക്കുന്നതിലും എത്രയോ അപ്പുറമാണ് ഓരോ യുദ്ധത്തിലും ശിക്ഷിക്കപ്പെടുന്ന നിരപരാധികൾ..
യുദ്ധം ലോകക്രമത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇപ്പോൾ എല്ലാവരും അനുഭവിച്ചറിയുന്നുണ്ട്..
ഉപ്പുതൊട്ട് കർപ്പൂരത്തെ വരെ അത് ബാധിക്കും..
പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞു..

പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കുക്കിംഗ് ഗ്യാസിന്റെയും ക്ഷാമം രൂക്ഷമായി..
ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ ആളുകൾ ആവശ്യത്തിനും അതിൽ കൂടുതലും വാങ്ങി സ്റ്റോക്ക് ചെയ്തു..
സ്വാഭാവികമായും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് ക്ഷാമമായി..
പല സ്ഥാപനങ്ങളും പൂർണ്ണമായും ഭാഗികമായും അടച്ചു..
യുദ്ധം ഇന്ന് തീരും നാളെ തീരും എന്ന് കരുതി, രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങളൊക്കെ പഴയ പടിയാകും എന്ന് ചിന്തിച്ച് ഒരു ദിവസം തുറന്നില്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന നഷ്ടവും മറ്റ് ബുദ്ധിമുട്ടുകളും ആലോചിച്ച് കരിഞ്ചന്തയിൽ നിന്ന് ഇരട്ടി വില കൊടുത്ത് സിലിണ്ടർ വാങ്ങി ചിലർ സ്ഥാപനം പ്രവർത്തിപ്പിച്ചു..
തിരുവമ്പാടി അങ്ങാടിയിൽ ചായക്കട നടത്തുന്ന എനിക്ക് ഒരു സിലിണ്ടർ ഒന്നര രണ്ട് മാസത്തോളം ഉപയോഗിക്കാൻ ഉണ്ടാവും..

ഫോൺ ചെയ്ത് ഒരു മണിക്കൂർ ഒന്നര മണിക്കൂറിനുള്ളിൽ പുതിയ കുറ്റി ബേബി ചേട്ടൻ എത്തിച്ചിരുന്നത് കൊണ്ടും എന്റെ സാമ്പത്തിക ഞെരുക്കം കൊണ്ടും ഒരു എക്സ്ട്രാ കുറ്റി ഞാൻ കരുതിയിരുന്നില്ല..
ഒരു മാസവും 20 ദിവസവും ആയി. ഗ്യാസ് ഏത് നിമിഷവും തീരും. പതിവുപോലെ ഞാൻ ബേബി ചേട്ടനെ വിളിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ച കൊണ്ട് എത്തിച്ചു തരാം എന്ന് അദ്ദേഹം പറഞ്ഞു..
കടയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിലിണ്ടറിൽ ഗ്യാസ് തീരുന്നതിന് നാല് ദിവസമോ ഒരാഴ്ചയോ മുമ്പ് വിളിച്ച് പറഞ്ഞാൽ ബേബി ചേട്ടൻ പുതിയ കുറ്റി കൊണ്ടുവന്ന് തരും. അഞ്ചോ ആറോ ദിവസങ്ങൾക്ക് ശേഷം കടയിൽ വന്ന് കാലിയായ സിലിണ്ടർ അദ്ദേഹം കൊണ്ടുപോകുകയും ചെയ്യും..
കടയിലെ കുറ്റി ഏതുനിമിഷവും തീരുമെന്നായി..
ഇന്ന് തരാം നാളെ തരാം മറ്റന്നാളെ തരാം എന്ന് ബേബി ചേട്ടൻ പറഞ്ഞുകൊണ്ടിരുന്നു..
കടയിലെ കുറ്റി കാലിയായി..

ബേബി ചേട്ടനെ വിളിച്ചപ്പോൾ വൈകുന്നേരത്തേക്ക് എത്തിച്ചു തരാം എന്ന് അദ്ദേഹം ഉറപ്പ് നൽകി..
എണ്ണക്കടികളും ബേക്കറി പലഹാരങ്ങളും അലമാരയിൽ നിറഞ്ഞു കിടക്കുന്നു..
ചായയും കാപ്പിയും ഇല്ലാതെ അതൊക്കെ ആരെങ്കിലും വാങ്ങുമോ?..
രണ്ടുവർഷം മുമ്പ് എനിക്ക് കിട്ടാനുള്ള ഒരു കാശ് കിട്ടും എന്ന് പ്രതീക്ഷിച്ച് പലരോടും കടം വാങ്ങി എന്റെ ചില ആവശ്യങ്ങൾ ഞാൻ പൂർത്തീകരിച്ചു..
എനിക്ക് കിട്ടാനുള്ളത് കിട്ടിയില്ല എന്ന് മാത്രമല്ല ഞാൻ ഒരു അവധിയും ഇല്ലാത്ത (മാക്സിമം രണ്ടാഴ്ച) അഞ്ച് ലക്ഷത്തോളം രൂപ കടബാധ്യതനുമായി..
കണ്ണിൽ കണ്ടവരോടൊക്കെ ഞാൻ കടം വാങ്ങി..
ഒരു ദിവസത്തേക്ക് രണ്ടുദിവസത്തേക്ക് ഒരാഴ്ചത്തേക്ക് എന്നൊക്കെ പറഞ്ഞ് ആയിരവും രണ്ടായിരവും അയ്യായിരവും ഒക്കെ എനിക്ക് പരിചയമുള്ളവരോടും ചുറ്റുവട്ടത്തുള്ള കടകളിൽ നിന്നുമെല്ലാം ഞാൻ കടം വാങ്ങി..
എന്റെ നിവൃത്തികേടുകൊണ്ട് എനിക്ക് അതൊന്നും കൃത്യസമയത്ത് കൊടുക്കാൻ കഴിഞ്ഞില്ല..
നാല് ദിവസത്തേക്ക് എന്ന് പറഞ്ഞ് വാങ്ങിയ 50,000 രൂപ എന്റെ ഒരു സഹപാഠിക്ക് ഞാൻ കൊടുത്ത് തീർത്തത് ഒന്നര വർഷത്തിനുശേഷം കഴിഞ്ഞ ആഴ്ചയായിരുന്നു..
എല്ലാവർക്കും അവധി തെറ്റിച്ച് കൊടുത്തതിനാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് പോലും ഒരാളോടും കടം ചോദിക്കാൻ എനിക്ക് കഴിയാതെയായി..
കിട്ടുന്ന കാശ് എല്ലാം ഓരോ കടങ്ങൾ വീട്ടി കൊണ്ടിരുന്നത് കൊണ്ട് ഒരു രൂപ പോലും എനിക്ക് ബാക്കി വെക്കാനും കഴിഞ്ഞിരുന്നില്ല..

ഒരു ദിവസം കട തുറന്നില്ലെങ്കിൽ അടുത്തദിവസം എനിക്ക് അത് ദുരിത പൂർണ്ണമാകും..
ചായയും കാപ്പിയും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കട അടച്ചിടുന്നതിന് സമമാണ്..
നിയമവിരുദ്ധമാണ് എന്ന് അറിയാമെങ്കിലും നിയമങ്ങളെല്ലാം മനുഷ്യനന്മയ്ക്കാണ് എന്ന് ആശ്വസിച്ച് വീട്ടിൽ ഉപയോഗിക്കാൻ വേണ്ടി സ്പെയർ ആയി സൂക്ഷിച്ചിരുന്ന ചെറിയ കുറ്റി കടയിൽ കൊണ്ടുവന്ന് കണക്ട് ചെയ്ത് കച്ചവടം തുടങ്ങി..
വൈകുന്നേരം 5:00 മണിയോടടുപ്പിച്ച് തൊട്ടപ്പുറത്തുള്ള കടക്കാരൻ വന്ന് പറഞ്ഞു, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടർ ആരെങ്കിലും വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ ചെക്ക് ചെയ്യുന്നുണ്ട് എന്ന്..
പിടിച്ചാൽ 10000വും 25,000 വും ഒക്കെയാണ് പിഴ എന്ന് പലരും പറഞ്ഞു..
കടയിലെ എണ്ണക്കടികൾ ഏകദേശം തീർന്നു തുടങ്ങിയിരുന്നു..
മറ്റൊന്നും ആലോചിക്കാതെ കടയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചെറിയ കുറ്റി തൊട്ടടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ കൊണ്ടുവച്ച് കാലിയായി കിടന്നിരുന്ന വാണിജ്യ സിലിണ്ടർ എടുത്ത് സ്റ്റൗവിൽ കണക്ട് ചെയ്തു..

ചായ കുടിക്കാനും കാപ്പി കുടിക്കാനും വന്നവരോട് ഗ്യാസ് തീർന്നു എന്ന് പറഞ്ഞ് തിരിച്ചയച്ചു..
ആ സമയത്താണ് ഖത്തറിൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന വടകരക്കാരൻ ജാഫർ വിളിച്ച് എന്റെ കടയുടെ ലൊക്കേഷൻ അയച്ചു കൊടുക്കാൻ പറയുന്നത്..
അരമണിക്കൂറിനുള്ളിൽ ജാഫർ കടയിലെത്തി. കൂടെ അവന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു..
ജാഫറിന്റെ മകളെ പ്രസവത്തിനായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്..
അവൻ അങ്ങോട്ട് വന്നതാണ്..
ഓമശ്ശേരിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേ തിരുവമ്പാടിയിലേക്കുള്ളൂ..
എന്നെ കാണുക എന്നതിന് പുറമേ മറ്റൊരു ലക്ഷ്യം കൂടെ അവർക്ക് ഉണ്ടായിരുന്നു..
ബീവറേജ് ഔട്ട്ലെറ്റിൽ പോയി മദ്യം വാങ്ങി രണ്ടെണ്ണം അടിക്കുക എന്നതായിരുന്നു അത്..
ഞാനും ജാഫറും സംസാരിച്ചുകൊണ്ടിരിക്കെ ജാഫറിന്റെ കൂട്ടുകാരൻ ബീവറേജിൽ പോയി മദ്യവും വാങ്ങി വന്നു..

ഏഴു മണിയോടുകൂടി ബേബി ചേട്ടൻ കുറ്റിയുമായി വന്നു..
പുതിയ കുറ്റി സ്റ്റൗവിൽ കണക്ട് ചെയ്ത് കാലിക്കുറ്റി അദ്ദേഹം കൊണ്ടുപോയി..
ഏഴരയോടുകൂടി കടയിൽ വന്ന മകനെ കട ഏൽപ്പിച്ച് ഞാൻ ജാഫറിനെ യാത്ര അയക്കാനായി അവന്റെ കൂടെ അവന്റെ കാറിന് അടുത്തേക്ക് നടന്നു..
“ഇവിടെ ഏതെങ്കിലും നല്ല ലോഡ്ജ് കിട്ടുമോ?”..
നടത്തത്തിനിടയിൽ ജാഫർ എന്നോട് ചോദിച്ചു..
“നീ ഹോസ്പിറ്റലിൽ പോകുന്നില്ലേ?”..
“അവിടെ എന്റെ ഭാര്യയും മകനും ഉമ്മയും അവളുടെ (മരുമകന്റെ ) ഉമ്മയും ഉപ്പയും ഒരു ബന്ധുവും ഉൾപ്പെടെ രണ്ട് റൂം ഫുള്ളാണ്. ഇവിടെനിന്ന് 5 മിനിറ്റ് യാത്രയല്ലേ ഉള്ളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ വിളിച്ചോളും”..
എന്റെ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു..
എനിക്ക് പരിചയമുള്ള ഒരു ലോഡ്ജിൽ ഒരു എസി മുറി എടുത്തു..
വെള്ളവും ടച്ചിങ്സും അവർക്ക് വേണ്ട ഭക്ഷണവും അവിടെ ഉണ്ടായിരുന്ന ഒരുത്തനെ വിട്ടു വാങ്ങിപ്പിച്ചു..

മൂന്ന് ഗ്ലാസിൽ ആയി മദ്യം ഒഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,
“എനിക്ക് വേണ്ട. ഞാൻ കഴിക്കില്ല. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് കട തുറക്കാൻ പോകേണ്ടതാണ്”എന്ന്..
അവർ വിടുമോ?.
രണ്ടര മൂന്ന് പെഗ് ഞാനും കഴിച്ചു..
അവിടെ ഉണ്ടായിരുന്ന ഭക്ഷണം ഞങ്ങൾ മൂന്നുപേരും പങ്കിട്ട് കഴിച്ച് അവരോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു..
കിടന്ന ഉടനെ ഞാൻ ഉറങ്ങിപ്പോയി..
വേനൽചൂട് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയമായിരുന്നു അത്..
രണ്ടു മണിയോട് അടുപ്പിച്ച് കരണ്ട് പോയി..
ചൂട് സഹിക്കാനാവാതെ ഞാൻ ഞെട്ടി ഉണർന്നു..
ഞാൻ വിയർക്കാൻ തുടങ്ങി..
മദ്യത്തിന്റെ കെട്ട് പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല..
ശരീരം ഒന്ന് തണുപ്പിക്കാൻ വേണ്ടി കുളിമുറിയിൽ പോയി ഷവർ ഓപ്പൺ ചെയ്തു..
ശരീരവും മനസ്സും ഒന്ന് തണുത്തു..
ആ ആനന്ദനിർവൃതിക്ക് ഭംഗം വരുത്തി കൊണ്ടായിരുന്നു ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നും ആ സിലിണ്ടർ എടുത്ത് കടയ്ക്കുള്ളിലേക്ക് വെച്ചിട്ടില്ല എന്ന ഓർമ്മ എന്റെ തലച്ചോറിനെ ഇളക്കി മറിച്ചത്..

മകനോട് ഞാൻ പറഞ്ഞിട്ടില്ല. അവിടെ സംഭവിച്ചതെന്നും അവന് അറിയുകയുമില്ല..
തലയും മേലും തോർത്തി ഞാൻ ബെഡിൽ കയറിക്കിടന്നു..
കറന്റ് വന്ന് ഫാൻ കറങ്ങി ശരീരം തണുത്തെങ്കിലും മനസ്സ് വിങ്ങിക്കൊണ്ടിരുന്നു..
ബസ്റ്റാന്റിന്റെ പുറകിലാണ് ഓട്ടോ സ്റ്റാൻഡ്. വശങ്ങളിലായി എന്റെ കടയും ഒരു ഫർണിച്ചർ കടയും രണ്ട് കോഴി കടകളും ഒരു പച്ച മീൻ കടയും ഉണ്ട്..
ഒമ്പതര 10 മണിയോടുകൂടി അവിടെയുള്ള എല്ലാ കടകളും സ്ഥാപനങ്ങളും അടയ്ക്കും..
ബസ്റ്റാൻഡും പരിസരവും വിജനമാകും..
ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് വരുന്ന ബസ്സുകളിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ പ്രതീക്ഷിച്ച് രണ്ടോ മൂന്നോ ഓട്ടോറിക്ഷക്കാർ ഉണ്ടാവും..
ഒരു മണിയോടുകൂടി വരുന്ന അവസാനത്തെ ബസ്സും വന്നു കഴിഞ്ഞാൽ സവാരി നിർത്തി ഓട്ടോറിക്ഷക്കാരും വീട്ടിൽ പോകും..

അതോടെ അങ്ങാടിയുടെ കാവൽക്കാരായ രണ്ട് സെക്യൂരിറ്റിക്കാർ മാത്രമേ അങ്ങാടിയിലും പരിസരപ്രദേശത്തും ഉണ്ടാകൂ..
ഓട്ടോ സ്റ്റാൻഡിൽ പലപ്പോഴും നേരം വെളുത്താൽ പോലും ഓഫാക്കാതെ കത്തുന്ന ഒരു ട്യൂബ് ലൈറ്റ് ഉണ്ട്..
എനിക്കത് ഗുണവുമാണ് ദോഷവുമാണ്..
വെട്ടി തിളങ്ങുന്ന വെളിച്ചം ഉള്ളതുകൊണ്ട് എടുത്തുകൊണ്ടു പോകുവാൻ ആരും ഒന്ന് ഭയപ്പെടും..
വെളിച്ചത്തിൽ ആയതുകൊണ്ട് ആർക്കും പെട്ടെന്ന് കാണാൻ കഴിയും എന്നതാണ് ദോഷമായി വരുന്നത്..
ഗ്യാസിനും സിലിണ്ടറിനും കൂടി 4000 രൂപയോളം വില വരും..
ഗ്യാസിന്റെ ക്ഷാമമാണെങ്കിലോ അതിരൂക്ഷവും..
തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല..
ഗാഢനിദ്രയിലായിരുന്ന ഭാര്യയുടെയോ മകന്റെയോ ഉറക്കം നഷ്ടപ്പെടുത്താൻ എനിക്ക് തോന്നിയില്ല..
ഭാര്യയോട് പറഞ്ഞാൽ അവൾ ഉറങ്ങുകയില്ല എന്ന് മാത്രമല്ല എന്നെ പഴി പറയുകയും ചെയ്യും..
അഞ്ചുമണിയോട് അടുപ്പിച്ചാണ് അതിഥി തൊഴിലാളികളും മറ്റും അങ്ങാടിയിലേക്ക് എത്തിത്തുടങ്ങുന്നത്..

സാധാരണ അഞ്ചുമണിയോടുകൂടി കട തുറന്നിരുന്ന ഞാൻ അന്ന് നാലേകാലോട് കൂടി കടയിലെത്തി നേരെ ഓട്ടോ സ്റ്റാൻഡിലേക്ക് പോയി..
ഹാവൂ, എനിക്കാശ്വാസമായി..
സിലിണ്ടർ അവിടെ ഉണ്ടായിരുന്നു..
ഞാൻ സിലിണ്ടറിന് അടുത്തേക്ക് നടക്കുന്നതിനിടയിൽ സവാരിക്കായി യാത്രക്കാരെയും പ്രതീക്ഷിച്ച് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോക്കാരൻ മുഹമ്മദ്ക്ക എന്നോട് ചോദിച്ചു,
“ഇത് നിന്റേത് ആയിരുന്നു അല്ലേ?”..
“അതെ. ഇന്നലെ വൈകുന്നേരം ഞാനിത് കടയിലേക്ക് എടുത്തുവെക്കാൻ മറന്നു”..
കൂടെ ഇന്നലെ സംഭവിച്ചതിന്റെ ഒരു ലഘു വിവരണവും ഞാൻ മുഹമ്മദ്ക്കയോട് പറഞ്ഞു..
രാത്രി 12:30 ന് അജോയ് അദ്ദേഹത്തെ വിളിച്ച് സിലിണ്ടർ അദ്ദേഹത്തിന്റെതാണോ എന്ന് ചോദിച്ചതും അദ്ദേഹത്തിന്റെതല്ല ആരുടേതാണ് എന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞതും “ആരുടേതായാലും ഞാനിത് ഇവിടെ കെട്ടി വെച്ചിട്ടുണ്ട്” എന്ന് അജോയ് പറഞ്ഞതും മുഹമ്മദ്ക്ക എന്നോട് പറഞ്ഞു..

വെട്ടി തിളങ്ങുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ആ കെട്ടുകൾ അഴിക്കാൻ തുടങ്ങി..
ഒരു മിനിറ്റ് ആയി രണ്ടു മിനിറ്റായി പത്തുമിനിറ്റായി..
ആ കെട്ടുകൾ ഒന്നൊന്നായി അഴിച്ചു തീർക്കാൻ ഞാൻ ഇരുപത് മിനിറ്റോളോം സമയം എടുത്തു..
കാൽ ഇഞ്ചിന്റെ 12 മീറ്ററോളം നീളമുള്ള പ്ലാസ്റ്റിക്കിന്റെ ഒരു കയറും മൂന്നു മീറ്ററോളം നീളമുള്ള മറ്റൊന്നും വീടുകളിലും മറ്റും വയറിങ്ങിനായി ഉപയോഗിക്കുന്ന മൂന്ന് mm ന്റെ രണ്ടര മൂന്ന് മീറ്ററോളം നീളമുള്ള ഒരു വയറും ഉപയോഗിച്ചായിരുന്നു അജോയ് സിലിണ്ടർ രണ്ടുമൂന്ന് കമ്പികളിലായി വരിഞ്ഞ് കെട്ടിയത്..
കത്തികൊണ്ട് അറുത്തെടുക്കാൻ പോലും വളരെ ബുദ്ധിമുട്ടേണ്ടിയിരുന്നു..
അത്രയും ബുദ്ധിമുട്ടി ഒരു കള്ളനും അവിടെനിന്ന് സിലിണ്ടർ എടുക്കുകയില്ല..
മറ്റാരെങ്കിലും ആണ് അത് അഴിച്ചിരുന്നെങ്കിൽ കഴിക്കാനുള്ള ആ ബുദ്ധിമുട്ട് ഓർത്ത് ” ഇതിലും ഭേദം ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു നല്ലത്” എന്ന് ചിന്തിച്ചു പോയേനെ..
എന്റെ ചിന്തകളെല്ലാം മറ്റൊരു രൂപത്തിലായിരുന്നു..

അജോയ്, അന്നന്ന് ജീവിക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന ഒരു യുവാവ്..
നാലഞ്ചു വർഷത്തോളമായി നേരിട്ടും അല്ലാതെയും എനിക്ക് അജോയിയെ അറിയാം..
150 ഓളം ഓട്ടോറിക്ഷ തൊഴിലാളികളുള്ള ആ ഓട്ടോ സ്റ്റാൻഡിൽ അവരിൽ ആർക്കെങ്കിലും ഒരു പ്രശ്നമുണ്ടായാൽ ആദ്യം അത് പരിഹരിക്കാൻ എത്തിയിരുന്നവരിൽ അജോയിയും ഉണ്ടാകുമായിരുന്നു..
ആളുകളുടെ മതവും ജാതിയും നിറവും ഭാഷയും വേഷവും ദേശവും അവന് ഒരുപോലെയായിരുന്നു..
രണ്ടറ്റം കൂട്ടിമുട്ടിക്കാനായി രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന അവൻ രാത്രി 12 മണിക്ക്, എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തി എവിടെയെങ്കിലും ഒന്ന് ഇരുന്നാൽ മതി എന്ന് നമ്മളിൽ പലരും ചിന്തിക്കുന്ന ഒരു സാഹചര്യത്തിൽ, പലയിടത്തു നിന്നും കയറും വയറും ശേഖരിച്ച് ഇരുപതോ ഇരുപത്തിയഞ്ചോ മിനിറ്റോളം കഷ്ടപ്പെട്ട് ആ സിലിണ്ടർ അവിടെ അങ്ങനെ കെട്ടിവച്ചത് അതിന്റെ അവകാശിക്ക് അത് നഷ്ടപ്പെടരുത് എന്നുള്ള മഹത് ചിന്ത കൊണ്ടാണ്..
ആ സിലിണ്ടറിന്റെ അവകാശി അവന്റെ സുഹൃത്താണെന്നോ അവനെ വെറുക്കുന്നവനാണെന്നോ അവന്റെ ശത്രുവാണെന്നോ അവന്റെ മതമോ ജാതിയോ അങ്ങനെ എന്തെങ്കിലും ആണെന്നോ അവന് അറിയില്ല. എന്നിട്ടും അവൻ അങ്ങനെ ചെയ്തെങ്കിൽ അവന് മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാൻ കഴിയുന്നു എന്നാണ് അർത്ഥം..

മറ്റുള്ളവരുടെ വേദന സ്വയം വേദനയായി അനുഭവിക്കുന്ന ഒരു പവിത്രമായ അവസ്ഥ..
ശിലായുഗ മനുഷ്യരെ പോലും നാണിപ്പിക്കും വിധം ഈ ആധുനിക കാലഘട്ടത്തിലും പണത്തിനും അധികാരത്തിനും പ്രശസ്തിക്കും വേണ്ടി ആരൊക്കെയോ സ്വന്തം കൂടപ്പിറപ്പാണ് എന്ന് പോലും ചിന്തിക്കാതെ കൊള്ളയും കൊലയും നടത്തിയിട്ടും ഈ ലോകം ഇന്നും നിലനിൽക്കുന്നത് അജോയിയെ പോലെയുള്ള ആളുകൾ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ്..

സിദ്ദിഖ് പട്ട.

By ivayana

Leave a Reply

Your email address will not be published. Required fields are marked *