രചന : വിദ്യ ബിജു ✍️
ഏതോ കവിതയ്ക്കുള്ളിലെ വരികൾക്കിടയിൽ
വെച്ചാണ് ഞങ്ങളാദ്യം
കണ്ടു മുട്ടുന്നത്…
ഭംഗിയുള്ള കൈപ്പടയിൽ
എഴുതി കൂട്ടിയ
കവിതയ്ക്കുള്ളിലൊരു കവി
ശ്വാസം മുട്ടി
പിടയുന്നത് കണ്ടു…
എണ്ണമറ്റർത്ഥങ്ങൾ
ഒളിപ്പിച്ചുവെച്ച…
ഇനിയും ഗ്രഹിച്ചെടുക്കാൻ കഴിയാത്ത…
നാളിതുവരെ വായിക്കപ്പെടാതെ
പോയൊരു
മനോഹര കവിതയെ
അതിനിടയിൽ നിന്നിതിനോടകം
കണ്ടെടുത്തിരുന്നു ഞാൻ…
ഏറെ വിസ്മയം തോന്നി…
ഉള്ളിൽ അശാന്തമായൊരു
കടൽ വഹിച്ചു കൊണ്ടെത്ര
മനോഹര താളുകളെയാണയാൾ മഷിക്കറയിറ്റിച്ചത്…
ആ കാലടി പാടുകൾ
പിന്തുടർന്ന് കാതങ്ങൾ…
കൊല്ലമെത്ര
കൂടെയുണ്ടായിരുന്നെന്നതിലല്ല …
ഉള്ള കാലം ഉള്ളെത്ര
കണ്ടുവെന്നതാണ്…
താളുകളേറെ മറിഞ്ഞു…
വായിച്ചന്ത്യത്തോടടുത്ത-
പ്പോളാകാംക്ഷയേറി…
ഹൃദയതാളങ്ങളപ്പാടെ തെറ്റി…
സ്വപ്നാടനം ഉടഞ്ഞൂർന്നു വീണു…
പടു മരണപ്പെട്ടേതോ ജന്മത്തിന്റെ ബാക്കിയിതെവിടെ…
ഏറെ പരതി….
അറിയില്ല…
എങ്കിലുമിപ്പോഴുമാത്മാവ്
പിറുപിറുക്കുന്നു…
അയാളൊരു മനോഹരമായ കവിതയായിരുന്നു…
ഞാൻ കടം കൊണ്ട കവിത…
വായിച്ചൊടുക്കം
മടക്കി നൽക്കേണ്ട
മനോഹരമായൊരുകവിത…
