അർക്കനകലെ ചുവന്നു നീങ്ങുന്നു,
ഇരിപ്പുഞാനീ കടവിലായ്
പരന്നപാറ തൻ ചൂടേറ്റ്.
പുഴമെലിഞ്ഞു കണ്ണീര് വറ്റി!

അസ്ഥിപഞ്ജരം പോലായ്.
അവിടവിടായി തളംകെട്ടിയ
നീരിലായ് കൊറ്റികൾകൊത്തി
തിരയുന്നു ചെറു ജീവികളെ!

കടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാ
നടവഴി കാട്ടുചെടി പുല്ലാൽ മറഞ്ഞിരിക്കുന്നു
അമ്മവസ്ത്രമലക്കി തെളിച്ചൊരാ കൊച്ചുപാറ
പായൽ പടർന്നു നിറംമങ്ങി കാണാം!

കൂട്ടുകാരോടൊത്ത് ചാടി തിമിർത്ത പുഴതൻ
മണൽപ്പരപ്പ് ശ്മശാനം പോൽ തളർന്നു കിടപ്പു
പഴുത്തു ചുവന്നൊരു ചെറു തളിക
പോൽ സൂര്യനാഴിയിലഭയം പ്രാപിച്ചിടുന്നു
നേരമിരുളുന്നു കണ്ണിൽ ധൂപ പടലമുയരുന്നു!

കാട്ടുപൊന്തയിൽ ഇലയനക്കമൊരു
കുറുക്കൻ മണൽപരപ്പിലിറങ്ങി
കുണുങ്ങിമണം പിടിച്ചുനടന്നിടുന്നു
താപം കുറഞ്ഞ് പാറ ശമനമെത്തിടുന്നു!

കുറുക്കൻ്റെ കരച്ചിലുയരുന്നതിൻ്റെ
നാസിക തുമ്പിലൊരുഞണ്ട് തൂങ്ങിയാടുന്നു!
അതിനെവേർ പെടുത്തീടാൻ മണലിൽ മുഖമുരച്ചു മറിയുന്നു.
അന്ധകാരം കടവിനെ വിഴുങ്ങാനൊരുങ്ങി!

മരച്ചില്ലകളിൽ ക്കൊറ്റികൾ ശണ്ഠകൂടി പറക്കുന്നു
ചിലയവയിൽ ദൂരെപറന്ന് തിരിച്ചെത്തി
ചില്ലകളിൽ സ്ഥാനമുറപ്പിച്ചിടുന്നു
മിന്നാമിന്നികൾ മെല്ലെ പറന്ന്
ഇരുളിൽ ചിലചിത്രം വരക്കുന്നു!

എത്രനേരമിരുന്നീടുകിലുമെൻ
ബാല്യകൗമാരങ്ങൾ കളിച്ചുരസിച്ചൊരീ
പുഴതൻ കടവിനെ മറന്നീടാനാവുമോ?
എന്നാദ്യാനുരാഗം പൊട്ടിമുളച്ചതി
കടവിൻ പരപ്പിലല്ലോ
എൻ്റെവികൃതികൾക്ക് കൂട്ടായൊരീ
കടവെനിക്കിന്നന്യമല്ലോ!

നിന്നാഴങ്ങളിൽ മുങ്ങിതപ്പിയവൾക്ക്
ഞാനേകിയവെള്ളാരം കല്ലുകൾക്ക്
അവളുടെകണ്ണിൻ നിറമായിരുന്നു!
നിതംബം മറക്കുമവളുടെ കാർക്കൂന്തലിൻ
കാച്ചെണ്ണമണം മറന്നീടാനാകുമോ
അവളുടെ ചിരിയിൽ വിരിഞ്ഞൊരാ
മധുരസ്വപ്ന മൊക്കെയും പൊലിഞ്ഞില്ലേ!

കർക്കടക പാച്ചിലിൽ നീയെടുത്തില്ലേ
ആ വശ്യമാം ചിരിയേ ?
മൂന്നാം നാളിലവളുടെ ചലനമറ്റ
ദേഹം ഇഞ്ചപ്പടർപ്പിൽ കൊരുത്ത് നീ പിന്നെയുമൊഴുകി
ഈ കടവും എന്നെയും ശൂന്യമാക്കി ദൂരേക്ക്!

ബി_സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *