രചന : സജീവൻ അന്തിക്കാട് ✍
ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള വിശിഷ്ടസിദ്ധി ! മറ്റുള്ളവരുടെ ഉള്ള് വായിക്കാനുള്ള പരഹൃദയജ്ഞാനം !
ഈ കഴിവൊക്കെ ഒരുമിച്ചുളള ഒരാൾ വടക്കു നിന്നും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേട്ടാൽ
“അടിതൊഴുന്നേൻ സ്വാമി”
“മുടി തൊഴുന്നേൻ സ്വാമി”
“അടിതൊട്ട് മുടിയോളം
ഉടൽ തൊഴുന്നേൻ”
എന്നും പറഞ്ഞ് ഭജനയുമായി ഇറങ്ങാൻ നമ്മൾ എന്നും റെഡിയായിരുന്നു.
എന്നാൽ അങ്ങനെ അവകാശപ്പെട്ടവരെല്ലാം വ്യാജൻസ് ആയിരുന്നു, ചുരുക്കം ചിലർക്ക് മനുഷ്യ സാധ്യമായ ചില കൊച്ചു കഴിവുകൾ ഉണ്ടായിരുന്നു, പക്ഷെ കൂടുതലും തള്ളായിരുന്നു.
എന്നാൽ ഇപ്പോൾ അത്തരം ഒറിജിനൽ മൊതലുകൾ എത്തിതുടങ്ങി.
ഇത്തരം മൊതലുകളുടെ ഒരു കഴിവ് മനസ്സിലാക്കണം എങ്കിൽ ഒരുദാഹരണം പറയണം.
നമ്മളെല്ലാരും ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ നിന്നും തുടങ്ങാം.
നമ്മൾ ഇന്നുപയോഗിക്കുന്ന ആൻഡ്രോയിഡ് മൊബൈൽ ഫോണിനെ പറ്റി നമുക്ക് ചെറിയ ധാരണയൊക്കെയുണ്ട്;
അതിന് സ്ക്രീനുണ്ട്, ക്യാമറയുണ്ട്, ബാറ്ററിയുണ്ട് പ്രൊസസ്സറുണ്ട് എന്നൊക്കെ ഏതു പോലീസുകാരനും അറിയാം.
അതൊക്കെയാണതിൻ്റെ ഹാർഡ് വെയർ !
കണ്ണിൽ കാണാൻ പറ്റുന്ന ഭാഗങ്ങളെല്ലാം ഹാർഡ് വെയർ!
അതുപോലെ കണ്ണിന് നേരിട്ട് കാണാൻ പറ്റാത്ത ഒരു ഏരിയായും മൊബൈൽ ഫോണിലുണ്ട്.
മനുഷ്യർ മുൻകൂട്ടി തയാറാക്കിയ ചില നിർദ്ദേശങ്ങൾ ;
നമ്മൾ സ്ക്രീനിൽ തൊടുമ്പോൾ എവിടെ ലൈറ്റ് തെളിയണം, അല്ലെങ്കിൽ എങ്ങനെ ഒരു പാട്ട് പ്ലേ ചെയ്യണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ നമുക്ക് കണ്ണുകൊണ്ട് കാണാൻ പറ്റില്ല !
അങ്ങനെ നമുക്ക് ദൃശ്യമല്ലാത്ത ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, നമ്മൾ നിത്യേന ഉപയോഗിക്കുന്ന വിവിധ പ്രോഗ്രാമുകൾ, ആപ്പുകൾ എന്നിവയെയൊക്കെ ചേർത്ത് ഒരു ഫോണിന്റെ ‘സോഫ്റ്റ്‌വെയർ’ സൈഡ് എന്ന് പറയുന്നു:
(ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം മറ്റൊരു കാര്യം പറയാൻ വേണ്ടി എഴുതി എന്ന് മാത്രം)
ഈ സോഫ്റ്റ്‌വെയറുകളില്ലെങ്കിൽ ഫോണിലെ ക്യാമറക്കൊ പ്രോസസ്സറിനോ സ്ക്രീനിനോ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. സോഫ്റ്റ്‌വെയർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാണ് ഹാർഡ്‌വെയർ ഭാഗങ്ങൾ പ്രവർത്തിക്കുന്നത്.
അതിൻ്റെ അർത്ഥം ഇതാണ് ;
സോഫ്‌റ്റ്വെയറും ഹാർഡ് വെയറും തമ്മിൽ ഒരു ആശയവിനിമയം ഉണ്ട്.
പക്ഷെ ഒരു കുഴപ്പമുണ്ട്.
പക്ഷേ രണ്ടുപേരും രണ്ടു ഭാഷക്കാരാണ്!
ഒരാൾ പറയുന്നത് മറ്റേയാൾക്ക് മറ്റേയാൾ പറയുന്നത് ഇങ്ങേർക്കും പിടികിട്ടണം – അതിന് ആരെങ്കിലും ഇവരെ സഹായിക്കണം;
തീർച്ചയായും അതിന് വേണ്ടി ഇവർക്ക് നടുക്ക് ഒരാളുണ്ട്. രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം. ബ്രോക്കർ എന്ന് നാട്ടുഭാഷയിൽ വിളിക്കാവുന്ന ഒരു സംവിധാനം.
ഇത് സോഫ്റ്റ്‌വെയറിന്റെ ആവശ്യങ്ങൾ ഹാർഡ്‌വെയറിലേക്ക് എത്തിക്കുകയും, ഹാർഡ്‌വെയറിനെ നിയന്ത്രിക്കുകയും, അതിന്റെ ഫലം തിരികെ സോഫ്റ്റ്‌വെയറിന് നൽകുകയും ചെയ്യുന്നു.
നിങ്ങൾ ഫോണിൽ യൂടൂബ് എന്ന സോഫ്‌റ്റ് വെയറിൽ ഞെക്കി ഒരു വീഡിയോ കാണുകയാണെന്ന് വിചാരിക്കുക.
യൂട്യൂബ് എന്ന ആപ്പിന് നിങ്ങൾക്ക് വീഡിയോ കാണിച്ചു തരണമെങ്കിൽ ഫോണിന്റെ സ്ക്രീൻ പ്രവർത്തിക്കണം, ശബ്ദം കേൾപ്പിക്കണമെങ്കിൽ സ്പീക്കറും പ്രവർത്തിക്കണം.
യൂട്യൂബ് ആപ്പ് ഉടനെ തന്നെ നടുവിലിരിക്കുന്ന മൂന്നാനോട് സഹായം ചോദിക്കുന്നു.
(To know more search : system call)
ബ്രോക്കർ ആ അഭ്യർത്ഥന സ്വീകരിച്ച്, അനുയോജ്യമായ ഡ്രൈവർ വഴി സ്ക്രീനും സ്പീക്കറും പ്രവർത്തിപ്പിക്കുന്നു.
സ്പീക്കർ ശബ്ദം പുറപ്പെടുവിക്കുന്നു, സ്ക്രീനിൽ ദൃശ്യങ്ങൾ തെളിയുന്നു.
അപ്പോൾ ഈ ബ്രോക്കർ സംവിധാനം ആരാണ് – എന്താണ് ?
ഈ ബ്രോക്കർ സംവിധാനത്തിന്റെ പേരാണ് ലിനക്സ് കേർണൽ (Linux kernel).
ഇതും ഒരു സോഫ്റ്റ്‌വെയർ തന്നെയാണ്. പക്ഷേ സാധാരണ ഒരു ആപ്പ് പോലുള്ള സോഫ്റ്റ്‌വെയർ അല്ല.
ഫോണിലെ മറ്റ് എല്ലാ സോഫ്റ്റ്‌വെയറുകൾക്കും ഹാർഡ്‌വെയറുമായി ബന്ധപ്പെടാനുള്ള വഴി ഒരുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറാണിത്.
“ദാദോം കീ ബീച്ച് മേ ബഡാ ദാദാ ” – എന്ന് നടൻ തിലകൻ പറയുന്നത് കേട്ടിട്ടില്ലേ ? അതുപോലെ ഉള്ള ഒരു ബഡാ.
Android അല്ലെങ്കിൽ Linux എന്നത് നിരവധി സോഫ്റ്റ്‌വെയറുകൾ ചേർന്ന ഒരു വലിയ സോഫ്റ്റ്‌വെയർ സാമ്രാജ്യമാണ്. ഈ സാമ്രാജ്യത്തിന്റെ ഏറ്റവും ഉള്ളിലുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ കേന്ദ്ര പ്രോഗ്രാമാണ് Kernel (കേർണൽ).
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഹൃദയം !
(To know more search : System software)
ഈ കേർണൽ ചെയ്യുന്ന ജോലികൾ നിസ്സാരമല്ല.
ഇവൻ ഒരു കാവൽക്കാരനാണ്,
നമ്മുടെ സേഫ്റ്റി ഓഫീസർ.
ഏതു വഴിക്ക് ? എങ്ങനെ ?
നമ്മൾ പല ആപ്പുകളും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യും.
ഏത് ആപ്പിനാണ് ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കേണ്ടത് എന്ന കാര്യം Android-ന്റെ സുരക്ഷാ സംവിധാനം തീരുമാനിക്കുന്നു.
ആ തീരുമാനം നടപ്പിലാക്കുകയും ഹാർഡ്‌വെയറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുന്നത് Linux kernel ആണ്.
കെർണലിൻ്റെ അനുവാദമില്ലാതെ ഒരു ആപ്പിനും ഒരു ഹാർഡ്‌വെയറിലും തൊടാൻ എളുപ്പമല്ല.
സൈബർ ലോകത്ത് ടെക്നോളജി പഠിച്ച കള്ളന്മാരുണ്ട്, അവരെ
ഹാക്കർമാർ എന്ന് വിളിക്കുന്നു. ഇവന്മാർക്ക് kernel-ന്റെ സുരക്ഷാ സംവിധാനത്തെ മറികടക്കാൻ കഴിഞ്ഞാൽ, മുഴുവൻ സിസ്റ്റത്തെയും ബാധിക്കുന്ന ഗുരുതരമായ ആക്രമണങ്ങൾ നടത്താൻ കഴിയും.
കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞു കയറി നിയന്ത്രണം പിടിക്കാനായി ഏതെങ്കിലും ഹാക്കർ ശ്രമിച്ചാൽ, ആ ശ്രമം വിജയിക്കണമെങ്കിൽ ഈ കേർണലിൻ്റെ കണ്ണുവെട്ടിച്ചാൽ മാത്രമെ പറ്റൂ.
കെർണലിന് എന്തെങ്കിലും തരത്തിലുള്ള അന്ധതയോ (Blind spot) പിഴവോ സംഭവിച്ചാൽ മാത്രമേ ഹാക്കർമാർക്ക് അകത്തുകടക്കാൻ കഴിയൂ.
കെർണലിലെ ഒരു പിഴവ് ഉപയോഗപ്പെടുത്തി കെർണലിൻ്റെ അധികാരം നേടുന്ന ആക്രമണത്തെ സാങ്കേതിക ലോകത്ത് “Kernel-level Exploit” എന്ന് വിളിക്കുന്നു.
( To know more search Kernel-level Exploit)
നിങ്ങൾക്ക് പാട്ട് കേട്ടുകൊണ്ട് വാട്സ്ആപ്പ് ഉപയോഗിക്കണം.
രണ്ടും രണ്ട് ആപ്പുകളാണ്.
അപ്പോൾ കെർണൽ ഇടപ്പെട്ട് ഫോണിൻ്റെ റാമിൻ്റെ (RAM) ശേഷി പരിശോധിക്കുന്നു.
ആ ശേഷി ഏത് ആപ്പിന് എത്രത്തോളം കൊടുക്കണം എന്ന് കണക്കാക്കി കൃത്യമായി വീതിച്ചു നൽകുന്നത് കെർണൽ ആണ്.
സാംസങ്, സോണി പോലുള്ള കമ്പനികൾ ഇടയ്ക്കിടയ്ക്ക് പുതിയ കാമറയുണ്ടാക്കുന്നു പ്രോസസ്സറുണ്ടാക്കുന്നു:
അത് കൊണ്ടു ചെന്ന് ഫോണിൽ പിടിപ്പിച്ചാൽ ഫോണിലെ ആൻഡ്രോയിഡ് ചോദിക്കുക “ഇതെന്താ സംഭവം” എന്നാണ്.
അപ്പോൾ “ഇതിന്നതാണ്” എന്ന് ആൻഡ്രോയിഡ് സോഫ്റ്റ്‌വെയറിന് മനസ്സിലാകുന്ന ഭാഷയിലാക്കി മാറ്റി കൊടുക്കുന്നത് കേർണലിന്റെ ഉള്ളിലുള്ള ‘ഡ്രൈവറുകൾ’ (Drivers) ആണ്.
ഇങ്ങനെയൊക്കെയാണ് രണ്ടു ദശാബ്ദങ്ങളായി മൊബൈൽ ഫോണുകളുടെ പ്രവർത്തനം !
പക്ഷെ കുറച്ചു നാൾ മുമ്പ് സിലിക്കൺവാലിയെ മൊത്തം ഞെട്ടിച്ച ചില വെളിപ്പെടുത്തലുകൾ നടന്നു.
ലിനക്സ് കെർണൽ എന്ന സുരക്ഷാ സംവിധാനത്തിൽ ഏകദേശം 23 വർഷമായി നിലനിന്നിരുന്ന ഒരു സുരക്ഷാ പിഴവ് കണ്ടുപിടിച്ചിരിക്കുന്നു – എന്നായിരുന്നു ആ വെളിപ്പെടുത്തൽ!
അതേ സമയം, മറ്റൊരു ഗവേഷണത്തിൽ ക്ലോഡ് മിത്തോസ് (Claude Mythos) എന്ന AI മോഡൽ FFmpeg-ൽ 16 വർഷം പഴക്കമുള്ള ഒരു സുരക്ഷാ പിഴവും കണ്ടെത്തിയതായി വെളിപ്പെടുത്തൽ നടത്തി –
( ഇതിനെക്കുറിച്ച് പിന്നീട് എഴുതാം)
കുറുന്തോട്ടിക്ക് വാതം പിടിപെടുക എന്ന് ഈ പിഴവുകളെപ്പറ്റി നമ്മുടെ കാർന്നോന്മാർ പറയും !
ഈ പിഴവ് ദുരുപയോഗപ്പെടുത്തി ഹാക്കർമാർക്ക് ചില സാഹചര്യങ്ങളിൽ ഒരു സിസ്റ്റത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ കഴിയുമായിരുന്നു.
അവരെ “ദൈവം സഹായിച്ചാൽ ഒരു ബാങ്കിൻ്റെ വെബ്സൈറ്റിൽ വരെ കേറി പ്രവർത്തനം താറുമാറാക്കാമായിരുന്നു !
പണം കൊള്ളയടിക്കാമായിരുന്നു.
ആരാണ് ഈ ഹിമാലയൻ രഹസ്യം വെളിപ്പെടുത്തിയത്?
സിലിക്കൺ വാലിയിലെ അങ്ങയറ്റത്തെ ഡിജിറ്റൽ സാക്ഷരതയുള്ള വമ്പൻ ടെക്ക് ഭീമന്മാരല്ല ഈ വെളിപ്പെടുത്തൽ നടത്തിയത്.
കാരണം 23 വർഷമായി അവർ കോഡുകൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്; ഏതെങ്കിലും പിഴവിലൂടെ ആരെങ്കിലും അകത്തു കടക്കുന്നുണ്ടോ എന്നവർ പരിശോധിക്കുന്നുമുണ്ട് ! എന്നാൽ അവർക്കൊന്നും ഈ പിഴവുകൾ കണ്ടെത്താനായില്ല.
അപ്പോൾ പിന്നെ ഈ പിഴവുകൾ കണ്ടുപിടിച്ചിട്ടുണ്ടാകുക ഒരു മനുഷ്യനല്ല എന്ന് ഉറപ്പല്ലേ !
നമ്മൾ ഈ കുറിപ്പ് തുടങ്ങുമ്പോൾ ചില കാര്യങ്ങൾ പറഞ്ഞിരുന്നില്ലേ ?
അസാമാന്യ ബുദ്ധിയും കാര്യങ്ങൾ മുൻകൂട്ടികാണാനുമുള്ള ദിവ്യദൃഷ്ടി!
ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള വിശിഷ്ടസിദ്ധി ! മറ്റുള്ളവരുടെ ഉള്ള് വായിക്കാനുള്ള പരഹൃദയജ്ഞാനം !
ഇതൊക്കെ ഒരുമിച്ചുളള ഒരാൾ എന്ന്!
അങ്ങനെ മനുഷ്യരിൽ ആരുമില്ല,
എന്നാൽ മനുഷ്യൻ നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിൻജസുകൾ (Al) അത്തരം കഴിവുകളുമായി അവതരിച്ചിരിക്കുന്നു.
നമ്മൾ നിരന്തരമായി ഉപയോഗിക്കുന്ന ജെമിനിയോ ചാറ്റ് ജിപിടിയോ അല്ല ഇത് :
ഇപ്പറഞ്ഞ Al കളോടൊക്കെ “ഇതൊക്കെ എന്ത്” എന്ന് സലിംകുമാർ ശൈലിയിൽ ചോദിക്കുന്ന മാരകനും ഭീകരനുമായ ഒരു പുതിയ ആർട്ടിഫിഷൽ ഇൻ്റലിജൻസുകൾ !
: ക്ലോഡ് മിത്തോസ് ( Claude Mythos) പിന്നെ ക്ലോഡ് കോഡ്. എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ
ഈ രണ്ട് സംവിധാനങ്ങളുടെയും സഹായത്തോടെ ഈ വമ്പൻ വെളിപ്പെടുത്തലുകൾ നടത്തിയത് Anthropic എന്ന കമ്പനിയാണ് “
2026 ലാണ് ഈ ക്ലോഡ് മിത്തോസ് എന്ന Al യുടെ ജനനം.
ഇവളെ ജനിപ്പിച്ച കമ്പനിയാണ് അന്ത്രോപ്പിക്!
ഇത് ഒരു അമേരിക്കൻ കമ്പനിയാണ്! 2021 ൽ സ്ഥാപിതം.
ചാറ്റ് ജിപിടിയെ ഉണ്ടാക്കിയ പഴയ കളരിപരമ്പരയാണ് ഇതിൻ്റെ സ്ഥാപകർ. ചാറ്റ് ജിപിടിയുടെ കമ്പനിയായ ഓപ്പൺ എ ഐ യിൽ നിന്നും വിട്ടു പോയവർ ; അവർ ഉണ്ടാക്കിയ കമ്പനിയാണ് ആന്തോപ്പിക് !
രണ്ടു പേരുകൾ ഇവിടെ അറിഞ്ഞിരിക്കണം.
ഡാരിയോ അമോദി
ഡാനിയേല അമോദി
ഇവർ സഹോദരീ സഹോദരന്മാരാണ്!
ഇവരുടെ പേരിൽ തന്നെ “ഇവർ മോദിയല്ല”എന്നുണ്ട്.
അമോദി എന്ന സർ നെയിം ശ്രദ്ധിക്കുക !അതുകൊണ്ട് തന്നെ മുടിഞ്ഞ തലയാണ് രണ്ടുപേർക്കും!
ചാറ്റ് ജിപിടി ഉണ്ടാക്കി ഹിറ്റായി കഴിഞ്ഞപ്പോൾ ഇവർ മറ്റൊരാശയം ഓപ്പൺ AI എന്ന അവരുടെ കമ്പനിയിൽ മുന്നോട്ടുവച്ചു.
അതേപ്പറ്റി ഈ സഹോദരീ സഹോദരന്മാർ പിന്നീട് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞതിന്റെ സാരം ഇതായിരുന്നു:
AI എങ്ങനെ വികസിപ്പിക്കണം എന്നതിനെക്കുറിച്ച് തങ്ങൾക്കൊരു വ്യത്യസ്ത കാഴ്ചപ്പാട് രൂപപ്പെട്ടു.
വലിയ AI മോഡലുകൾ വളരെ വേഗത്തിൽ ശക്തമാകുകയാണ്. അതിനാൽ AI Safety , AI Alignment,
AI Interpretability എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പുതിയ ഗവേഷണ സ്ഥാപനം വേണമെന്ന് ഞങ്ങൾ കമ്പനിയിൽ പറഞ്ഞു,
AI വികസനത്തിന്റെ ദിശയെക്കുറിച്ച് ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായി.
ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം ദർശനം പിന്തുടരാനാണ് താൽപര്യം; അതുകൊണ്ട് ഞങ്ങൾ Anthropic എന്ന പുതിയ കമ്പനി സ്ഥാപിച്ചു.
ഇവിടെ ഇവർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
1 ) Al Safety; – എന്താണിത്?
Al സേഫ്‌റ്റി എന്ന് കേട്ടാൽ Al യുടെ safety എന്ന് മനസ്സിലാക്കരുത്.
Al ക്ക് സേഫ്റ്റിയുടെ ആവശ്യമില്ല. .
മനുഷ്യർക്കാണ് സേഫ്റ്റി വേണ്ടത്!
Al എന്ന് പറയുന്ന സംവിധാനം മനുഷ്യർക്ക് അപകടമുണ്ടാക്കാതെയും , മനുഷ്യരുടെ താൽപ്പര്യങ്ങളും സുരക്ഷയും മാനിച്ചും പ്രവർത്തിക്കണംl – ഇതുമായി ബന്ധപ്പെട്ട മേഖലയാണ് Al സേഫ്‌റ്റി.
Al യിൽ നിന്ന് എന്തൊക്കെ സേഫ്റ്റി വേണം?
Al യോട് ഒരു ചോദ്യം ചോദിച്ചാൽ പുള്ളി ആത്മവിശ്വാസത്തോടെ ഉത്തരങ്ങൾ പറയുന്നുണ്ട്.
പക്ഷേ അതിൽ പലതും തെറ്റായിരിക്കാം.
ഇത് മനസ്സിലാക്കാതെ
ഒരു തെറ്റായ ഉത്തരവും കൊണ്ട് പൊതുമധ്യത്തിൽ പോയി മനുഷ്യർ നാണം കെടാൻ വഴിയുണ്ട്.
അപ്പോ ആ നാണക്കേടിൽ നിന്നും രക്ഷപ്പെടണം.
അതിനെന്തു വേണം?
“അറിയില്ലെങ്കിൽ ‘എനിക്കറിയില്ല’ എന്ന് Al പറയണം.
ഇന്ന് AI മോഡലുകൾക്ക് “എനിക്കറിയില്ല” എന്ന് പറയാൻ പരിശീലനം നൽകിയിട്ടുണ്ടെങ്കിലും, ഇപ്പോഴും ചിലപ്പോൾ ആത്മവിശ്വാസത്തോടെ തെറ്റായ ഉത്തരങ്ങൾ നൽകാറുണ്ട്.
ഇതിനെ കുറയ്ക്കാനുള്ള ഗവേഷണം തുടരുകയാണ്.
Al ചിലപ്പോൾ അപകടകരമായ നിർദ്ദേശങ്ങൾ നൽകുന്നു,
ആളുകളെ എങ്ങനെ ഉപദ്രവിക്കാം എന്ന് ചോദിച്ചാൽ പുള്ളി മണിമണിയായി വഴികൾ പറഞ്ഞുകൊടുക്കും – ഇത് അപകടമാണ് . Al യെ അതു പാടില്ല എന്ന് പഠിപ്പിക്കണം!
പിന്നെ മറ്റൊന്നുണ്ട് – Alignment.
മനുഷ്യൻ ഉദ്ദേശിച്ചതുപോലെ AI പ്രവർത്തിക്കണം. അതാണ് അലൈൻമെൻ്റ്.
നമ്മൾ ഒരു കത്തെഴുതാൻ Al യോട് പറഞ്ഞു. Al കത്തെഴുതി കൊണ്ടിരിക്കെ നമ്മൾ ഇങ്ങനെ പറയുന്നു;
“Mr Al ഇനി ആ കത്ത് ചുരുക്കൂ.”
Al നമ്മളോട് ശരി എന്നും പറഞ്ഞ് മുഴുവൻ കത്തും മായ്ച്ചുകളഞ്ഞാലോ !
അപ്പോൾ Alignment പരാജയപ്പെട്ടു എന്ന് പറയാം.
അപ്പോ Al യെ ഭാഷയുടെ പ്രയോഗങ്ങളും നമ്മൾ പഠിപ്പിക്കണം.
മറ്റൊന്നാണ് Al യുടെ Interpretability
എന്താണത്?
“ഇയാൾക്ക് ക്യാൻസർ ആണ് ” എന്നൊരു Al പറഞ്ഞു എന്ന് വെക്കുക!
അപ്പോൾ ഒരു ഡോക്ടർ ചോദിക്കുന്നു;
മിസ്റ്റർ Al , താങ്കൾ എങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയത്?
“അങ്ങനെയൊന്നുമില്ല, അത് ഞാൻ കണ്ടുപിടിച്ചതാണ്”.
ഇങ്ങനെ പോരാ!
“ഒരു AI ഒരു തീരുമാനത്തിലെത്തുമ്പോൾ, എങ്ങനെ ആ തീരുമാനത്തിലെത്തി എന്ന് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയണം. അപ്രകാരം വിശദീകരിച്ചതിന് ശേഷം Al പറയണം “അയാൾക്ക് ക്യാൻസർ ആണ് ” എന്ന്
- ഇതാണ് Al യുടെ Interpretability.
AI-യുടെ ആന്തരിക പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനുള്ള ഗവേഷണ മേഖലയാണ് AI Interpretability.
ചുരുക്കി പറഞ്ഞാൽ Al യുടെ സേഫ്റ്റി എന്നു പറയുന്നത് ;
1 ) മനുഷ്യർക്ക് അപകടമുണ്ടാക്കരുത്.
2) മനുഷ്യരുടെ നിർദ്ദേശങ്ങളും മൂല്യങ്ങളും കഴിയുന്നത്ര കൃത്യമായി പാലിക്കണം.
3) തെറ്റ് സംഭവിക്കുമ്പോൾ അത് കണ്ടെത്താനും നിയന്ത്രിക്കാനും കഴിയണം.
ഇത് മൂന്ന് സാധ്യമായാലേ Al എന്ന സംവിധാനം സേഫാണ് എന്ന് പറയാൻ കഴിയൂ.
നമ്മൾ കുറച്ച് മുമ്പ് പറഞ്ഞ ആ മുടിഞ്ഞ തലയുള്ള സഹോദരി സഹോദരന്മാർ ഇത്തരം സേഫ്റ്റികൾ ഉള്ള എ ഐ വികസിപ്പിക്കാൻ വേണ്ടിയാണ് പുതിയ കമ്പനിയായ Anthropic ആരംഭിച്ചത്!
എന്നാൽ Al യുടെ ഫീൽഡിൽ ഒരു പുതിയ കമ്പനി തുടങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . ഇന്നത്തെ അത്യാധുനിക AI മോഡലുകൾ വികസിപ്പിക്കാനും പരിശീലിപ്പിക്കാനും വൻതോതിൽ കമ്പ്യൂട്ടിങ് ശക്തിയും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപവും ആവശ്യമാണ്.
എന്നാൽ ഈ സഹോദരി സഹോദരന്മാരുടെ തലയെപ്പറ്റി നല്ല ധാരണ ഉണ്ടായിരുന്ന Amazon, Google തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ അവർക്കു വേണ്ടി നിക്ഷേപം നടത്തി.
അപ്പൊ പിന്നെ കാശിന് വല്ല പഞ്ഞവും ഉണ്ടോ?
2021-ൽ സ്ഥാപിതമായ ഈ കമ്പനി പിന്നീട് Claude എന്ന പേരിൽ AI മോഡലുകളുടെ ഒരു കുടുംബം പുറത്തിറക്കി.
2023-ൽ Claude, Claude 2, തുടർന്ന് 2024-ൽ Claude 3, Claude 3.5, 2025-ൽ Claude 4 എന്നിവ പുറത്തിറങ്ങി.
“Claude” എന്നാണ് ഈ കുടുംബത്തിന്റെ പൊതുവായ പേര്. “ദൃശ്യം”, “ദൃശ്യം 2”, “ദൃശ്യം 3” എന്ന സിനിമകളിൽ പൊതുപേര് “ദൃശ്യം” എന്നതുപോലെ!
2026-ലാണ് Anthropic കമ്പനി Claude കുടുംബത്തിലെ പുതിയ ഗവേഷണ മോഡലായ Claude Mythos Preview അവതരിപ്പിച്ചത്. ക്ലോഡ് മിത്തോസ് പ്രിവ്യൂ .
എന്നാൽ ഇത് പൊതുജനങ്ങൾക്കുള്ള Al ആയിരുന്നില്ല.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഗവേഷകരും സുരക്ഷാ ഗവേഷണ സ്ഥാപനങ്ങളും മാത്രമാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്.
ഇനി “ക്ലോഡ് കോഡ്” എന്താണെന്ന് നോക്കാം.
Code എന്നത് “നിർദ്ദേശങ്ങൾ” തന്നെയാണ്, പക്ഷേ “Coding” എന്നത് ആ നിർദ്ദേശങ്ങൾ എഴുതുന്ന പ്രക്രിയയാണ്.
കമ്പ്യൂട്ടറുകൾക്കും മൊബൈൽ ഫോണുകൾക്കും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കും പ്രവർത്തിക്കാനാവശ്യമായ നിർദ്ദേശങ്ങൾ എഴുതുന്ന പ്രക്രിയയാണത് .
Claude Code എന്നത് കോഡിംഗ് ജോലികൾ ചെയ്യാൻ രൂപകൽപ്പന ചെയ്ത ഒരു AI ഉപകരണമാണ്.
ഇത് Anthropic കമ്പനി വികസിപ്പിച്ചതാണ്. അവർ പുറത്തിറക്കിയ AI മോഡലുകളുടെ സഹായത്തോടെയാണ് ഇത് കോഡ് എഴുതുന്നതും, വിശകലനം ചെയ്യുന്നതും, പിഴവുകൾ കണ്ടെത്തുന്നതും.
എന്താണ് കോഡിങ്ങ് ജോലികൾ ?
കോഡിങ്ങ് എന്നാൽ, കമ്പ്യൂട്ടറുകൾക്കോ മൊബൈൽ ഫോണുകൾക്കോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കോ കൃത്യമായി പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ആണ് (Codes). അതുമായി ബന്ധപ്പെട്ട ജോലികളാണ് കോഡിങ്ങ് ജോലികൾ!
സാങ്കേതിക ലോകത്ത് ഇതിനെ പൊതുവായി സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് അല്ലെങ്കിൽ പ്രോഗ്രാമിംഗ് ജോലികൾ എന്ന് വിളിക്കുന്നു.സോഫ്റ്റ്‌വെയറുകളും ആപ്പുകളും ഉണ്ടാക്കുക, അതിൽ വരുന്ന പിഴവുകൾ തിരുത്തുക – ഇതൊക്കെ ഈ ജോലിയുടെ ഭാഗമാണ്.
മനുഷ്യരുടെ ഈ ജോലിയെ വേഗത്തിലാക്കാനും, കോഡ് എഴുതാനും, പിഴവുകൾ കണ്ടെത്താനും, തിരുത്താനും സഹായിക്കുന്ന AI ഉപകരണമാണ് Claude Code.
ഒരിക്കൽ Anthropic ഗവേഷകനായ നിക്കോളാസ് കാർലിനി ക്ലോഡ്കോഡിനോട് പറഞ്ഞു:
” 23 വർഷമായി പ്രവർത്തിച്ചുവരുന്ന ലിനക്സ് കെർണൽ എന്ന ഹൃദയത്തിൻ്റെ സുരക്ഷാ പിഴവുകൾ കണ്ടെത്തൂ.”
ക്ലോഡ് കോഡ് ആയിരക്കണക്കിന് ഫയലുകൾ വായിച്ചു,
function-കൾ തമ്മിലുള്ള ബന്ധം പരിശോധിച്ചു.
പുള്ളി കെർണലിൽ അതിപ്രധാനമായ ഒരു പിഴവ് കണ്ടെത്തി ഇങ്ങനെ പറഞ്ഞു.
“ബഫർ ഓവർഫ്ലോവാകാൻ സാധ്യതയുണ്ട്”
എന്താണ് ക്ലോഡ് കോഡ് പറഞ്ഞ ബഫറും ഓവർഫ്ലോയും ?
ഒരു ഹോട്ടലിൽ 112 പേർക്ക് ഇരിക്കാവുന്ന ഒരു ഹാൾ ഉണ്ടെന്ന് കരുതുക. എങ്കിൽ ആ ഹാൾ ആണ് ബഫർ ;112 ആളുകൾ ആണ് ഡാറ്റ !
ആ ഹാളിൽ 112 പേർക്ക് ഇരിക്കാം എന്നതാണ് അവിടെ കെട്ടിടം പണിതപ്പോൾ എഴുതി വെച്ചിട്ടുള്ള നിയമം ( കോഡ്)
വർഷങ്ങൾക്കുശേഷം ഒരു പുതിയ ഒരു കോഡ് വന്നു:
“ഇനി ആ ഹാളിൽ 1024 പേർ വരെ പങ്കെടുക്കാം.
പക്ഷേ അതെങ്ങനെ പറ്റും?
അതിനനുസരിച്ച് ഹാൾ വലുതാക്കണ്ടെ !
ഇവിടെ ഹാൾ പഴയത് തന്നെയാണ്, എന്നിട്ടും നിയമം മാറ്റി.
അപ്പോൾ ആ ഹാളിൽ നടക്കുന്ന ഒരു പരിപാടിക്ക് 1024 പേരെ വിളിച്ചാൽ എന്താവും കഥ ?
ഓവർ ഫ്ലോ ഉണ്ടാകും.
ഇതാണ് ബഫർ ഓവർ ഫ്ലോ !
ഇതേ പോലൊരു പ്രശ്നമാണ് ക്ലോഡ് കമ്പൂട്ടറുകളിൽ കണ്ടെത്തിയത്!
കമ്പൂട്ടറിൽ നെറ്റ് വർക്ക് ഫയൽ സിസ്റ്റം എന്ന ഒന്നുണ്ട് . NFS എന്ന് പറയും.
അവിടെ ഇതു പോലൊരു പഴയ കോഡ് ഉണ്ടായിരുന്നു.
അതായത്, ഹോട്ടലിലെ ഹാളിൽ 112 പേർക്ക് മാത്രമെ കസേരയുള്ളൂ എന്നെഴുതി വെച്ചതുപോലുള്ള ഒരു കോഡ് NFS ൽ ഉണ്ടായിരുന്നു.
എന്നാൽ പിന്നീട് ആ കോഡിനെ മറന്ന് 1024 പേരെ കേറ്റാം എന്ന മറ്റൊരു കോഡ് എഴുതി വെച്ചു .
112 പേർ എന്നത് 112 ബൈറ്റ് ഡാറ്റയായയും 1024 പേർ എന്നത് 1024 ബൈറ്റ് ഡാറ്റായായും മനസ്സിലാക്കിയാൽ എന്താവും അവിടെ സംഭവിക്കുക!
ഡാറ്റാ ഓവർ ഫ്ലോ ആകും.
ഈ 23 വർഷത്തിനിടക്ക് ഒരു ഹാക്കർ ഈ പിഴവിലൂടെ അമിതമായ ഡാറ്റ കടത്തിവിട്ടിരുന്നെങ്കിൽ അയാൾക്ക് ചില സാഹചര്യങ്ങളിൽ സിസ്റ്റത്തിന്റെ നിയന്ത്രണം നേടാനോ പ്രവർത്തനം തകരാറിലാക്കാനോ കഴിയുമായിരുന്നു – എന്ന് ഗവേഷകർ വിലയിരുത്തി.
ഈ പിഴവ് ടെക്കികളായ മനുഷ്യർക്ക് 23 വർഷം ശ്രദ്ധയിൽപ്പെട്ടില്ല – എന്നാൽ ക്ലോഡ് കോഡ് അത് കണ്ടെത്തി. പിന്നീട് ടെക്കികൾ അത് പരിശോധിച്ച് ശരിവച്ചു, പിന്നീട് Linux kernel ഡെവലപ്പർമാർ അത് പരിശോധിച്ച് പരിഹരിച്ചു.
വലിയ കാര്യങ്ങൾ ചെയ്യുന്നവരെയും വലിയ നേട്ടങ്ങൾ കൈവരിക്കുന്നവരെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ട് നമ്മുടെ നാട്ടിൽ – ലോകത്തെല്ലായിടത്തും അതുണ്ട്. അങ്ങനെ നോക്കുമ്പോൾ ക്ലോഡിൻ്റെ കോഡിനെയും മിത്തോസ് എന്ന Al യെയും ആന്ത്രോപ്പിക് എന്ന കമ്പനിയെയും നോബൽ കൊടുത്ത് ആദരിക്കേണ്ടതാണ്.
എന്നാൽ ഭയന്നു വിറച്ച ഒരു സൈബർ ലോകത്തെയാണ് പിന്നീട് കണ്ടത്.
AI ഉപയോഗിച്ച് സുരക്ഷാ ഗവേഷണം പുതിയ തലത്തിലേക്ക് പോകുന്നു എന്ന ചർച്ച ശക്തമായി.
സുരക്ഷാ വിദഗ്ധർ അതിന്റെ സാധ്യതകളെക്കുറിച്ച് ഗൗരവമായി സംസാരിക്കാൻ തുടങ്ങി.
മനുഷ്യർ വിചാരിച്ചതിലും അപ്പുറമുള്ള സ്വയംഭരണാധികാരം,
അതിവേഗം സുരക്ഷാ വീഴ്ചകൾ കണ്ടെത്താനുള്ള ശേഷി – മനുഷ്യർ വർഷങ്ങളോളം കുത്തിയിരുന്ന് പണിതാൽ നടക്കാത്ത കാര്യങ്ങൾ ചെയ്യൽ –
ഇതൊന്നും ഈ AI മോഡലുകൾ ഉണ്ടാക്കുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യങ്ങൾ ആയിരുന്നില്ല.
ഈ AI-യുടെ കഴിവുകൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വളർന്നു വന്നതാണ്.
ആന്ത്രോപ്പിക് ഇതുണ്ടാക്കിയത് നമ്മൾ മുമ്പ് ചർച്ച ചെയ്തതുപോലെ മനുഷ്യൻ്റെ സേഫ്‌റ്റി നോക്കിയാണ് (Al Safety) – ഒരു പ്രതിരോധ ടൂൾ പോലെ , അല്ലെങ്കിൽ കോഡിങ്ങിലെ പിഴവുകൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ;
എന്നാൽ ദീർഘമായ ജോലികൾ സ്വയം ആസൂത്രണം ചെയ്യാനുള്ള കഴിവ്, സങ്കീർണ്ണമായ ജോലികൾ സ്വതന്ത്രമായി ആസൂത്രണം ചെയ്ത് പൂർത്തിയാക്കാനുള്ള കഴിവ്, കോഡ് പരിശോധിക്കാനുള്ള കഴിവ് – ഇതൊക്കെ ഈ Al ക്ക് തനിയെ ഉണ്ടായി വന്നതാണ്!
അല്ലാതെ ഇതൊന്നും ഇതുണ്ടാക്കിയ സഹോദരി സഹോദരന്മാരുടെ ലക്ഷ്യമായിരുന്നില്ല.
ഇത് കണ്ടതോടെ സിലിക്കൺ വാലിയിൽ ആകെ അങ്കലാപ്പായി.
ഈ Al മോഡൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിൽക്കാൻ ഉദ്ദേശിചിട്ടുളളതല്ല – അതിനാൽ തൽക്കാലം കുഴപ്പമില്ല, എന്നാൽ ഇത് ദുരുപയോഗംചെയ്യപ്പെട്ടാൽ ;
ഇതോർത്താണ് രാഷ്ട്രങ്ങൾ പോലും ഇപ്പോൾ ഭയന്നിരിക്കുന്നത്.
ബാങ്കുകളുടെയും മറ്റ് രാജ്യരക്ഷാ വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന ഇടങ്ങളിലെയും യന്ത്രങ്ങളിലെ പിഴവുകൾ ഇവൻ അതിവേഗം കണ്ടെത്തുകയും ചില സാഹചര്യങ്ങളിൽ ഗുരുതരമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യാം!
ഇതൊക്കെ പറഞ്ഞ് എപ്പോഴും ഭയപ്പെടുത്തിയിരുന്നത് ഹരാരി എന്ന ചരിത്രകാരനായിരുന്നു, പുള്ളി എപ്പോഴും ഇക്കാര്യങ്ങൾ പറയുന്നത് കേട്ടിരുന്നപ്പോഴൊക്കെ ” പ്ലീസ് ഒന്നു വെറുപ്പിക്കാതെ” എന്ന് അദ്ദേഹത്തോട് പറയാൻ തോന്നിയിരുന്നു.
എന്നാൽ ഇന്ന് പുള്ളി പേടിപ്പിച്ചിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു!
ഇന്ത്യക്കൊന്നും ഇതിൽ തീരെ റോളില്ല. ഇതിൻ്റെ ദുരുപയോഗത്തെ തടഞ്ഞു നിർത്തണം , അങ്ങനെ ഇന്ത്യക്ക് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ഒരു സുരക്ഷാഭീക്ഷണി ഒഴിവാക്കണം എന്നൊന്നും ചിന്തിക്കാനും അതിനനുസരിച്ച് സംവിധാനങ്ങൾ ഉടൻ പ്ലാൻ ചെയ്യാനമുള്ള തലയുളളവരൊന്നും ഇവിടെയില്ല –
ഒരു പക്ഷെ സിലിക്കൺ വാലിയിൽ ഒരു മലയാളിയെ കണ്ടേക്കാം ;
അവളെപ്പെറ്റി നമ്മുടെ മനോരമ പത്രം ആറു കോളത്തിൽ ഇങ്ങനെ എഴുതും!
ക്ലോഡ് മിത്തോസ് ഡവലപ്പ് ചെയ്തവരിൽ ഒരാൾ കോട്ടയത്തെ അരശുംവീട്ടിൽ മത്തായിയുടെ പേരമകൻ്റെ അനിയൻ്റെ ഭാര്യയാണ്. ഒപ്പം പണ്ട് ആ കുട്ടി തറവാട്ട് വീട്ടിൽ വന്നപ്പോഴുള്ള ഒരു ഫോട്ടോയും! See less
