കുരുക്ഷേത്ര മണ്ണിൽ
ശംഖൊലി ഉയർന്നു,
അന്ന് അനന്തവിജയത്തിൻ നാദം മുഴങ്ങി.
യുധിഷ്ഠിരൻ യുദ്ധം കുറിച്ചു,
രണഭേരിതൻ താളം മുഴക്കി.
പൗണ്ഡ്രം മുഴങ്ങി ഭീമൻ തൻ കരങ്ങളിൽ,
ദേവദത്തം മുഴക്കി അർജുനൻ
അന്ന് രണാങ്കണങ്ങളിൽ.
പാഞ്ചജന്യം മുഴക്കി ഹൃഷികേശൻ,
കുരുക്ഷേത്രഭൂമി സാക്ഷിയായി.
ആയുധമേന്തി നിന്നു വീരന്മാർ അന്ന്,
ഗാണ്ഡീവമേന്തി അർജുനൻ,
ഗദയുമായി ഭീമനോ ഗർജനമായി.
കർണ്ണന്റെ വില്ലും ഭീഷ്മന്റെ ശരവും
തീർത്തു പടക്കളം രക്തവർണം.
പടക്കളമാകെ അലയടിച്ചു അന്ന്
തേരാളികൾ തൻ ആർത്തരവങ്ങൾ.
ചക്രങ്ങൾ തിരിഞ്ഞു, തേരുകൾ പാഞ്ഞു,
വാളും പരിചയും മിന്നിത്തിളങ്ങി.
ധരണിയിൽ വീണു പിടയുന്നു
ചിതറിത്തെറിച്ച ശിരസ്സുമായി മാനവൻ.
ജീവന്റെ ആർത്തനാദം തുടിച്ചു
ഒരിറ്റു ജലത്തിനായി.
ജീവരക്തത്തിൻ ഗന്ധം പരന്നു ഭൂമിയിൽ.
കാർമേഘങ്ങൾ നിറഞ്ഞു വാനിൽ,
മറച്ചു വാനം തൻ മുഖം
പുകപടലങ്ങളാൽ.
ശൂന്യത തൻ മൗനത്തിൽ ആണ്ടു ധരണി.
മണ്ണിൽ പുതഞ്ഞു മദയാനകൾ,
ധരണിയിൽ ചിതറിക്കിടക്കുന്നു
വീരകുതിരപ്പടകൾ.
വീണു കിടക്കുന്നു ധീരരാം അക്ഷൗഹിണികൾ,
ധരണിയിൽ നിശ്ചലം.
എന്തു നേടി മർത്യ നാം
ആ പടക്കളത്തിൽ?
ചിതയൊന്നു മാത്രം ബാക്കി.
രക്തം ചീന്തിയ ബന്ധങ്ങൾ,
ഒഴിഞ്ഞ വിജയം,
ശൂന്യത തൻ കണ്ണീരിൽ നനഞ്ഞ ചിത്രം.
ഇന്നും തുടരുന്നു ചരിത്രത്തിൻ പാത,
ലോകം മുഴുവൻ കുരുക്ഷേത്രഭൂമി.
ഭൂമിയുടെ ഗർഭത്തിൽ നിന്നൂറ്റിയ ലോഹം
അഗ്നിയിൽ ഒരുക്കി മരണത്തെ വാർക്കുന്നു.
ശാന്തനഭസിനെ പിളർന്ന് ചീറിപ്പായും
നീലനഭസ്സിൽ ലോഹതീമഴ.
അഗ്നിയിൽ വെന്തെരിയും മാനവസ്വപ്നങ്ങൾ,
ചാരമായി അലിയുന്നു
ഭൂമിതൻ മടിത്തട്ടിൽ.
ആർക്കുവേണ്ടി വിജയം?
ആർക്കുവേണ്ടി തോൽവി?
മണ്ണും വിണ്ണും നാളെ
നമ്മെയും കാത്തുനിൽക്കുന്ന
മണ്ണറകൾ മാത്രം.
മണ്ണിൽ നിന്നുയർന്നവൻ
മണ്ണിലേക്കെന്ന സത്യം മറന്നുപോയി,
കെട്ടുന്നു മാനവൻ
അഹന്തതൻ കോട്ടകൾ.
ചരിത്രം അറിഞ്ഞിട്ടും
പഠിക്കാത്ത പാഠങ്ങൾ,
യുദ്ധഭൂമിയിൽ ഉതിരുന്ന
ശൂന്യത മാത്രം.
ഓർക്കുക മാനവാ,
നീ വെറും മണ്ണിലെ തരികൾ മാത്രം.
വെടിയാം സ്പർദ്ധകൾ,
തീർക്കാം ഭൂമിയിൽ
ശാന്തിതൻ തീരങ്ങൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *