എന്തോ അടുത്തേക്ക്
ചെല്ലുമ്പോഴൊക്കെ,
അയാൾ
അകന്നുമാറിപ്പോകുന്നു.
ചോദ്യങ്ങൾക്ക് മാത്രം
മൂളലിൽ
ഒതുങ്ങിയ ഉത്തരങ്ങൾ.
ചിലപ്പോഴൊക്കെ,
ഒന്നും മിണ്ടാതെ,
മൗനത്തെ തന്നെ
അലങ്കാരമാക്കുന്നു.
വാക്കുകളെ ഉള്ളിൽ പൂട്ടി,
കാതുകളെ മാത്രം
സ്വതന്ത്രമാക്കി,
എന്നെ
കേട്ടുകൊണ്ടിരിക്കുന്നവൻ…
ചില നിമിഷങ്ങളിൽ,
വല്ലാത്തൊരു
അടുപ്പത്തോടെ,
കണ്ണുകളിൽ
ചിരിയുടെ തിളക്കം ധരിച്ച്,
ഇമയൊന്ന്
പൂട്ടിത്തുറക്കുമ്പോൾ,
അവിടെയാണ്
എന്റെ ചെറിയ സ്വർഗ്ഗം.
ആ തിളക്കം
ചുണ്ടുകളിൽ വിരിഞ്ഞ്,
ഹൃദയത്തിലേക്ക് ഒഴുകി,
ഒരു ഉണർവായി
മാറുന്നു.
പക്ഷേ,
പലപ്പോഴും,
അറിയാത്തവനെപ്പോലെ,
എവിടെയോ ദൂരേക്ക്
യാത്ര പോകുന്നു.
അവന്റെ ഓർമ്മകളെ
ചേർത്തുപിടിച്ച്
നിമിഷങ്ങളെ
കാത്തിരിക്കുമ്പോൾ,
സമയം
ഒരു പിടപ്പോടെ
കടന്നുപോകുന്നു.
അപ്പോഴാണ്
തിരിച്ചറിയുന്നത്,
അതേ ഓർമ്മകളിലാണ്
എന്റെ സമാധാനം.
അതാണോ സ്നേഹം…
എന്നിലേറിയ
മിടിപ്പുകൾ
സാക്ഷ്യം പറയുന്നത്.
എന്റെ ചിന്തകൾക്ക്
നിന്റെ സ്മൃതികളെ
ഞാൻ സമ്മാനിച്ചിട്ടുണ്ട്.
അതുകൊണ്ടാവാം,
നീ
ഒന്നു മാറിനിൽക്കുമ്പോൾ,
ഇത്രമേലൊരു ശൂന്യത
എന്നെ പൊതിയുന്നത്.
കാറ്റും, മഴയും,
വെയിലും, ദിവസവും,
രാത്രിയും; എല്ലാം
എന്റെ ഏകാന്തതയെ
അറിയുന്നതുപോലെ…
എല്ലാം അറിഞ്ഞിട്ടും,
അറിയാത്തവനെപ്പോലെ,
എങ്ങോട്ടാണീ
ഇറങ്ങിപ്പോക്ക്?
നോക്കൂ,
സത്യമായും,
ഞാൻ നിന്നെ
പ്രണയിക്കുന്നു.

By ivayana