രചന : സുമേഷ് കെ മനകുളം ✍
അന്തപ്പുരത്തിൽ തന്റെ കട്ടിലിൽ ശല്യർ തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു, എന്നീട്ടും നിദ്രാ ദേവി കാടാക്ഷിച്ചിട്ടില്ല.
ഉറങ്ങിയില്ലേ ഇതുവരെ?? അവന്തിനി ചോദിച്ചു.
ഇല്ല, ഉറക്കം വരുന്നില്ല, നാളെ ഭീഷ്മർക്ക് മറുപടി കൊടുക്കണം.
അതിന് എന്താണിത്ര ആലോചിക്കാൻ? സമ്മതം എന്ന് പറയണം.
പക്ഷെ അവന്തിനീ, പാണ്ഡുവിന്റെ രണ്ടാം ഭാര്യയായാണ് മാദ്രിയെ ചോദിക്കുന്നത്.
ആര്യാവർത്തത്തിൽ ബഹുഭാര്യത്തം നിഷിദ്ധമല്ലല്ലോ. നാളെത്തന്നെ അഥിതികൊട്ടാരത്തിൽ ചെന്ന് ഭീഷ്മരോട് സമ്മതം അറിയിച്ചേക്കു.
പക്ഷെ….
എന്താണ് പക്ഷെ?? മാദ്രദേശത്തേക്കാൾ ശക്തരും സമ്പന്നരുമാണ് ഹസ്തിനപ്പുരം. ഇങ്ങോട്ട് വന്ന ആലോചനയാണ്. രാജ്യത്തെ ഖജനാവിന്റെ സ്ഥിതി ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ അങ്ങേക്ക് അറിയുവാൻ. രക്ഷപ്പെടാൻ ദൈവമായി കാണിച്ചു തന്ന വഴിയാണ്
നീ പറയുന്നത് ശരി തന്നെ, പറ്റില്ല എന്ന് പറഞ്ഞാൽ അയാൾ ഇക്കാരണത്താൽ മാദ്രദേശത്തെ ആക്രമിക്കാനും മതി.
അങ്ങിനെ സംഭവിച്ചാൽ അര നാഴിക തികച്ചും വേണ്ടി വരില്ല അവർക്ക് നമ്മെ ജയിക്കാൻ.
ശരിയാണ്, അദ്ദേഹത്തെ പിണക്കാൻ വയ്യ, പക്ഷെ അവന്തിനീ…
വീണ്ടും എന്താണ് പക്ഷെ??
വിവാഹം കഴിഞ്ഞ് ഇത്ര വർഷമായിട്ടും പാണ്ഡുവിന് പുത്രസൗഭാഗ്യം ഉണ്ടായിട്ടില്ല.
രാജ്യം ഭരിക്കാൻ ഒരവകാശി, കുന്തിക്ക് അതിനാവാത്തത് കാരണം ആകും ഇപ്പൊൾ ഭീഷ്മർ ഈ ആലോചനയുമായി ഇങ്ങോട്ട്.
അതാണെനിക്കും മനസ്സിലാകാത്തത്, തന്നോളം പോന്നോരോടല്ലേ സാധാരണ ബന്ധങ്ങൾ പതിവുള്ളു.
മാദ്രിയുടെ സർപ്പ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടാകും. ബുദ്ധിയും ശക്തിയും മാത്രമാവില്ല, അനന്തരാവ കാശിക്ക് സൗന്ദര്യവും വേണമെന്നാവും കൊട്ടാരത്തിലെ തീരുമാനം.
പുത്രസൗഭാഗ്യം ഇല്ലാത്തതിന്റെ കുറവ് കുന്തിക്കോ അതോ പാണ്ഡുവിനോ?
കൂടുതൽ ആലോചിച്ച് തലപുണ്ണാക്കേണ്ട, മാദ്ര നരേശനെക്കാൾ എന്തുകൊണ്ടും മേലെയാണ് ഹസ്തിനപ്പുരം. ഇവിടത്തേക്കാൾ ഭേദമായിരിക്കും അവൾക്കവിടെ.
മ്മ്, എല്ലാം നല്ലതിനാണെന്ന് സമാധാനിക്കാം.
പിറ്റേന്ന് രാവിലെ തന്റെ സഹോദരിയായ മാദ്രിയോട് ശല്യർ പാണ്ഡുവുമായുള്ള അവളുടെ വിവാഹം ഉറപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞു.
ശല്ല്യർ സമ്മതം അറിയിച്ച ഉടനെ ഒരു ദൂതനെ ഭീഷ്മർ ഹസ്തിനപ്പുരത്തേക്ക് അയച്ചു. പെൺ പണം കൊണ്ടു വരാൻ.
ആനകളും, കുതിരകളും തേരുകളും, സ്വർണ്ണവും, വിലമതിക്കാനാകാത്ത രത്നങ്ങളും, സമാധാനമായി മാദ്രദേശം ഭരിക്കാനുള്ള ഉറപ്പും പകരം വാങ്ങി ഭീഷ്മരുടെ രഥത്തിൽ അനിയത്തിയെ കയറ്റി ഇരുത്തുമ്പോൾ ശല്യർക്ക് തന്നോട് തന്നെ പുച്ഛം തോന്നി. അത് നാട്ടുനടപ്പനുസരിച്ചുള്ള പെൺപണമായല്ല. തന്റെ പ്രിയ സഹോദരിക്ക് avar നൽകുന്ന വിലയായിട്ടാണ് ശല്യർക്ക് തോന്നിയത്. അവസാനമായി അവളുടെ നെറുകിൽ ചുംബിക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണീർ ആയിരുന്നില്ല, രക്തം തന്നെയായിരുന്നു ഒഴുകിയിരുന്നത്. തന്നെ പിരിയുന്നതിലുള്ള ദുഃഖം കാരണം ആണ് ജേഷ്ഠൻ വിഷമിക്കുന്നത് എന്ന് കരുതി മാദ്രിയുടെ കണ്ണുകളും ഈറനണിഞ്ഞു.
മാദ്രിയെയും കൂട്ടി ഭീഷ്മരുടെ രഥം ഹസ്തിനപ്പുരത്ത് എത്തുമ്പോളേക്കും രാജവീഥികളെല്ലാം കുലവാഴകൾ കൊണ്ട് അലങ്കരിച്ചിരുന്നു. കൊട്ടാരമുറ്റത്ത് പടുകൂറ്റൻ കല്ല്യാണപ്പന്തൽ.
പാണ്ഡു മാദ്രിയുടെ കഴുത്തിൽ താലി കെട്ടുന്നതിന് തൊട്ട് മുൻപാണ് മാദ്രി കുന്തിയെ ശ്രദ്ധിച്ചത്. താൻ രണ്ടാം ഭാര്യ ആണെന്നും, ആദ്യ ഭാര്യ കുന്തിയാണെന്നും മാദ്രദേശത്ത് വെച്ചേ തൊഴിമാർ പറഞ്ഞു കേട്ടിരുന്നു
തന്റെ പിന്നിൽ നിൽക്കുകയായിരുന്ന ആരെയോ തന്റെ വരൻ ആർദ്രമായി നോക്കുന്നു എന്ന് തോന്നിയപ്പോൾ ആണ് മാദ്രി തിരിഞ്ഞു നോക്കിയത്.
തന്നെക്കാൾ അല്പം പ്രായം കൂടുതലുള്ള, തന്റെ അത്ര സൗന്ദര്യം ഇല്ലാത്ത ഒരു സ്ത്രീ, പക്ഷെ അവരുടെ മുഖത്ത് വല്ലാത്ത ഒരു തേജസ്സ് തോന്നി. പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിൽ പക്ഷേ ദുഖമോ, വേദനയോ ആയിരുന്നു.
സ്വന്തം ഭർത്താവിന്റെ രണ്ടാം കെട്ട് ഏതൊരു ഭാര്യക്കും വേദനാജനകം ആയിരിക്കുമല്ലോ, അതും കണ്മുന്നിൽ വെച്ചു താലി കെട്ടുമ്പോൾ. പോരാഞ്ഞ് തന്നെക്കാൾ ചെറുപ്പവും, സൗന്ദര്യവുമുള്ള ഒരുത്തിയാണ് ഭർത്താവിന്റെ രണ്ടാം ഭാര്യയായി വരുന്നതെങ്കിൽ.
അന്ന് രാത്രി മണിയറയിൽ വെച്ചാണ് മാദ്രിക്ക് രാവിലെ കല്യാണ സമയത്ത് കുന്തിയേട്ടത്തിയുടെ കണ്ണിൽ കണ്ട ദുഃഖം, തന്റെ ഭർത്താവിനെ പങ്കു വെക്കേണ്ടി വന്നവളുടെ വേദനയല്ല, പകരം ഒരുവളെക്കൂടി പാതിവർത്യത്തിന്റെ ചങ്ങലയിൽ കൊരുത്ത് നിത്യകന്യകയാകാൻ വിധിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നതിന്റെ നിസ്സഹായതയാണെന്ന് മനസ്സിലായത്.
പിറ്റേന്ന് രാവിലെ മണിയറ വാതിൽ തുറന്ന് പുറത്തുവന്ന തന്നെ കണ്ട തോഴിമാരും മറ്റുള്ളവരും കളിയാക്കി അർത്ഥം വെച്ചു ചിരിച്ചു. എല്ലാവരും ഒഴിഞ്ഞപ്പോൾ കുന്തിയേട്ടത്തി അരികിൽ വന്ന് തന്റെ നെറുകയിൽ അരുമയായി ചുംബിച്ചു. തനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല, ആ മാറിലേക്ക് ചേർന്ന് നിന്ന് തേങ്ങി കരഞ്ഞു. ഏട്ടത്തി ഒന്നും പറഞ്ഞില്ല തന്റെ പുറത്ത് അരുമയായി തഴുകി.
പിന്നെ താൻ ആ കൊട്ടാരത്തിൽ ഏട്ടത്തിയുടെ നിഴലിൽ ആയിരുന്നു. അദ്ദേഹത്തിനും ഏട്ടത്തിയോടായിരുന്നു കൂടുതൽ സ്നേഹം. ഏട്ടത്തിയെ നോക്കുന്ന ആ കണ്ണുകളിൽ താൻ അത് കാണാറുണ്ട് സ്നേഹവും ബഹുമാനവും എല്ലാം കൂടിച്ചേർന്ന ഒരു വിശുദ്ധ ഭാവം.
തന്റെ നേരെ നീളുന്ന അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരിക്കലും സ്നേഹത്തിന്റെ തിരികൾ കണ്ടിരുന്നില്ല. പകരം അവിടെ കാമത്തിരകൾ അലതല്ലി വന്ന് അപ്പൊ തന്നെ അദ്ദേഹത്തിന്റെ നിസ്സഹായതയുടെ പാറക്കല്ലുകളിൽ തട്ടി ചിതറി തെറിക്കുന്ന തളർച്ചയായിരുന്നു.
ഏട്ടത്തി തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ ഭാര്യ, ഇടക്ക് ഏട്ടത്തിയോട് രാജ്യകാര്യങ്ങളിൽ അഭിപ്രായവും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. താൻ അദ്ദേഹത്തിന് ഭംഗിയുള്ള ഒരാഭരണം ആയിരുന്നു. നാലാൾ കാൺകെ എടുത്തണിഞ്ഞ ശേഷം ഊരി ആമാടപ്പെട്ടിയിൽ വെക്കുന്ന ഭംഗിയുള്ള ഒരാഭരണം.
രാജ്യഭാരം ജേഷ്ഠനു നൽകി അദ്ദേഹം ഞങ്ങളെയും കൂട്ടി വനവാസത്തിന് പുറപ്പെട്ടപ്പോൾ തനിക്ക് ആശ്വാസമാണ് നൽകിയത്. കൊട്ടാരത്തിലെ വീർപ്പുമുട്ടലുകൾ തന്നെ അത്രയധികം വീർപ്പുമുട്ടിച്ചിരുന്നു. പക്ഷെ ഏട്ടത്തിക്ക് കൊട്ടാരം വിടുന്നതിൽ ഒട്ടും സന്തോഷം കണ്ടില്ല. രാജാവിന്റെ ഭാര്യാപദം, അതിന്റെ അധികാരങ്ങൾ ഇതെല്ലാം നഷ്ടപെടുന്നതിൽ ഏട്ടത്തി വളരെ അസ്വസ്ഥയായിരുന്നു.
കൊട്ടാരത്തിലേക്ക് തിരിച്ചു കയറണമെങ്കിൽ പുത്രസൗഭാഗ്യം നേടണം എന്ന ഏട്ടത്തിയുടെ പ്രായോഗിക ബുദ്ധി. കൊട്ടാരത്തിലെ പുത്രസൗഭാഗ്യത്തിന്റെ ചരിത്രകഥകൾ പറഞ്ഞു അദ്ദേഹത്തെകൊണ്ട് ഏട്ടത്തി സമ്മതിപ്പിച്ചെടുത്തു.
വിഷമത്തോടെ ആണെങ്കിലും സമ്മതിക്കുകയെ അദ്ദേഹത്തിന് നിവൃത്തിയുണ്ടായിരുന്നുള്ളു.
നകുല സഹദേവന്മാരുടെ ജനനശേഷം അദ്ദേഹത്തിന്റെ മുന്നിൽ പെടാതിരിക്കാൻ താൻ ശ്രമിച്ചിരുന്നു, ഒരു കുറ്റബോധം എപ്പോളും തന്നെ മദിച്ചിരുന്നു. പക്ഷെ വ്യക്തമായ തീരുമാനങ്ങൾ ഉള്ള ഏട്ടത്തിക്ക് അങ്ങിനെ ഒരു കുറ്റബോധം കണ്ടിരുന്നില്ല. നഷ്ടപ്പെട്ട രാജ്ഞി പദവിക്ക് പകരം രാജമാതാ പദവി അന്നേ ഏട്ടത്തി സ്വപ്നം കണ്ടിരുന്നു.
ഒരു ദിവസം താൻ കാട്ടു ചോലയിൽ കുളിക്കുമ്പോൾ അവിടേക്ക് വന്ന അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല.
മനസ്സിൽ കെട്ടിക്കിടക്കുന്ന വികാര ചിന്തകൾ, നിസ്സഹായത, തന്റേതല്ലാത്ത കുഞ്ഞുങ്ങൾ, രണ്ടു സ്ത്രീകളുടെ ജീവിതം വൃഥാവിലാക്കിയല്ലോ എന്ന കുറ്റബോധം. തന്നെ പുണർന്ന അദ്ദേഹം വെട്ടിവിറച്ചു പിന്നെ തൻ്റെ മടിയിലേക്ക് കുഴഞ്ഞു വീണ് എന്നന്നേക്കുമായി കണ്ണടച്ചു.
“ഇത്രയും കാലം ഏട്ടത്തിയുടെ നിഴലായിരുന്നു താൻ. ആ നിഴലിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരേയൊരു വഴിയേ മുന്നിലുണ്ടായിരുന്നുള്ളൂ. പാണ്ഡുവിന്റെ ചിതയിലേക്ക് പ്രവേശിച്ചപ്പോളും മാദ്രിക്ക് ഒട്ടും പൊള്ളൽ അനുഭവപ്പെട്ടില്ല.
ഇതുവരെയുള്ള ജീവിതത്തിൽ അനുഭവിച്ച പൊള്ളലിനേക്കാൾ നിസ്സാരമായിരുന്നു അവൾക്കത്.”
വാൽകഷ്ണം :
മഹാഭാരത-പുരാണ പാരമ്പര്യത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഒരു സാങ്കൽപ്പിക പുനർവായന മാത്രമാണിത്. ചരിത്രമോ ആധികാരിക പുരാണവിവരണമോ ആയി കാണേണ്ടതില്ല.

