രചന : മൗസമി കല്ലറക്കൽ ✍
എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, നമ്മളോട് ഏറ്റവും അടുപ്പത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചില ആളുകൾക്ക് യഥാർത്ഥത്തിൽ നമ്മളോട് ആത്മാർത്ഥതയുണ്ടോ എന്ന്? അല്ലെങ്കിൽ, നമ്മൾ തന്നെ ഒട്ടും interested അല്ലാത്ത ചിലരോട് ആവശ്യമില്ലാതെ സൗഹൃദം നടിക്കുന്നുണ്ടോ എന്ന്?
നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലും ഇത്തരം ചില ആളുകൾ കടന്നുവരാറുണ്ട്. പുറമെ വലിയ സ്നേഹവും കാര്യമൊക്കെയായിരിക്കും അവർ കാണിക്കുന്നത്. എന്നാൽ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു അസൂയയോ വെറുപ്പോ അപകർഷതാബോധമോ ഒക്കെ അവർ കൊണ്ടുനടക്കുന്നുണ്ടാകും.
സത്യത്തിൽ എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയാകുന്നത്? പലപ്പോഴും ഒരേ റസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്നത് കൊണ്ടോ, ഒരേ ഓഫീസിൽ ജോലി ചെയ്യുന്നത് കൊണ്ടോ, അല്ലെങ്കിൽ കുട്ടികൾ ഒരുമിച്ച് പഠിക്കുന്നത് കൊണ്ടോ ഒക്കെ മാത്രം ചില സൗഹൃദങ്ങൾ കൊണ്ടുനടക്കേണ്ടി വരാറുണ്ട്. വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ടോ തൽക്കാലം ഒറ്റപ്പെടാതിരിക്കാനോ വേണ്ടി മാത്രം മുന്നോട്ട് കൊണ്ടുപോകുന്ന ഇത്തരം ബന്ധങ്ങളിൽ കാര്യമായ ആത്മാർത്ഥത ഉണ്ടാകാറില്ല.
ഇവിടെയാണ് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സൗഹൃദങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം. ആണുങ്ങൾക്കിടയിലെ സൗഹൃദത്തിൽ പലപ്പോഴും പൊതുവായ കാര്യങ്ങളോ രാഷ്ട്രീയമോ വിനോദങ്ങളോ ഒക്കെയായിരിക്കും സംസാരം. സ്വന്തം വീട്ടിലെ കാര്യങ്ങളോ പേഴ്സണൽ രഹസ്യങ്ങളോ അവർ അത്ര എളുപ്പത്തിൽ പങ്കുവെക്കാറില്ല. ആണുങ്ങൾക്കിടയിൽ ഈഗോ വന്നാൽ അത് നേരിട്ടുള്ള വഴക്കായോ അല്ലെങ്കിൽ പെട്ടെന്ന് തീരുന്ന കാര്യമായോ മാറാറുമുണ്ട്.
എന്നാൽ പെണ്ണുങ്ങളുടെ സൗഹൃദങ്ങളിൽ വളരെ വേഗത്തിൽ പേഴ്സണൽ വിഷയങ്ങളും കുടുംബ കാര്യങ്ങളും രഹസ്യങ്ങളുമൊക്കെ ചർച്ചയാകും. അത്രയും അടുത്ത സൗഹൃദമുള്ളപ്പോൾ അത് നല്ലതാണെങ്കിലും, ഉള്ളിൽ അസൂയയോ ഈഗോയോ വെച്ചുകൊണ്ട് നടക്കുന്ന ഒരാൾക്കാണ് നമ്മൾ ഇത് പങ്കുവെച്ചു കൊടുക്കുന്നതെങ്കിൽ സംഗതി അപകടമാണ്! നാളെ എന്തെങ്കിലും നീരസം ഉണ്ടാകുമ്പോൾ ബാക്ക്-സ്റ്റാബ് ചെയ്യാനും, പേഴ്സണൽ കാര്യങ്ങൾ വെച്ച് അറ്റാക്ക് ചെയ്യാനും അവർക്ക് വളരെ എളുപ്പമായി മാറും.
എല്ലാവരും ഇങ്ങനെയല്ല എന്നത് സത്യമാണ്. എങ്കിലും ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയാൽ കാണില്ലേ നിങ്ങളുടെ കൂട്ടത്തിലും ഇതുപോലെ പേഴ്സണൽ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ്, ഉള്ളിൽ വിഷവും വെച്ച് പുറമെ ചിരിക്കുന്ന ചില ‘ഫ്രണ്ട്സ്’?
ഇത്തരം വ്യാജ സൗഹൃദങ്ങൾ നിർബന്ധിച്ച് കൊണ്ടുനടക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് കുറച്ചൊക്കെ മാന്യമായ അകലം പാലിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
