വിചാരങ്ങൾ (3)

ലോക ഗമനത്തിന്റെ നാൾവഴികളിൽ മനുഷ്യ രാശിയുടെ ജീവസന്ധാരണത്തിന് വിഘാതമായി, കോവിഡ് 19 എന്ന മഹാമാരി മൃത്യു നൃത്തം ചവിട്ടിത്തിമർക്കുകയാണ്.ലോകത്തിപ്പോൾ മനുഷ്യൻ എന്ന പദത്തിന് ജീവൻ എന്ന പദത്തിനോടുമത്സരിക്കേണ്ട അവസ്ഥയാണുള്ളത്.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ മുഴുവൻ മരണത്തിന്റെ മാറ്റൊലിക്കൂടാണ്. രോഗം അതിന്റെ നിലപാടുവ്യക്തമാക്കിയപ്പോൾ,ദേശം, വർഗ്ഗം,വർണം,ഭാഷ, മതം,ജാതി,സമുദായം,രാഷ്ട്രീയം തുടങ്ങിയവയോട് യാതൊരു തരത്തിലും സന്ധി ചെയ്യാതെ ജീവനോടുമാത്രമാണുപകപോക്കിക്കൊണ്ടിരിക്കുന്നത്.ഈയവസരത്തിലാണ് ജാതി,സമുദായം,രാഷ്ട്രീയം എന്നിവ മനുഷ്യജീവിതത്തിൽ ഇതുവരെയിടപെട്ട(ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും)രീതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നത്.അങ്ങനെ വരുമ്പോൾ ഇത് വിശകലനം ചെയ്യാൻ തൽ സംബന്ധമായ പുസ്തകങ്ങൾ വിലയിരുത്തുകയാണെങ്കിൽ യഥാർത്ഥമായൊരു ചിത്രം തെളിയുമെന്നുമാത്രമല്ല ആധികാരികതയുടെ മൂർത്ത രൂപം കൈവരികയും ചെയ്യും. കാരണം;പ്രസ്തുത വിഷയങ്ങളെക്കീറിമുറിച്ചു പ്രതിപാദിക്കുന്ന ഒരുപിടി നല്ല ഗ്രന്ഥങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്.ഇവയോരോന്നും പ്രതിപാദ്യ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വെവ്വേറെ പഠന വിധേയമാക്കിയാൽ അതൊരു നല്ല കാര്യമായിരിക്കും.ഇവിടെ ശ്രമിക്കുന്നത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇ.എം.എസ്.രചിച്ച ‘ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ’ എന്ന കൃതിയുടെ വിശകലനത്തിനാണ്.

        രാഷ്ട്രീയ വിഷയങ്ങളെയും രാഷ്ട്രീയേതര വിഷയങ്ങളെയും മാർക്സിയൻ നിരൂപണ പദ്ധതിയുടെ എല്ലാ വീക്ഷണ കോണുകളിലൂടെയും വിലയിരുത്തിയിട്ടുള്ള പ്രതിഭാശാലിയാണ് ഇ.എം.എസ്.മലയാളിയെ സംബന്ധിച്ചിടത്തോളം മുഖവുരയാവശ്യമില്ലാത്ത ത്രയക്ഷരി !!.മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ ‘മതം’ എന്ന വിഷയത്തിന്റെ സാധുതയേയും ദാർശനികതയേയും സാകൂതം വിലയിരുത്തുന്നുവെന്നതാണ് ‘ജാതിയും സമുദായവും,രാഷ്ട്രീയവും യുഗങ്ങളിലൂടെ’യെന്ന ലഘു കൃതിയുടെ സാമൂഹിക പ്രതിബദ്ധത.മതം സാഹചര്യങ്ങളെ അടിസ്ഥാനമാക്കി അതിന്റെ ഉപോൽപ്പന്നങ്ങളായ ജാതിയിലും സമുദായത്തിലും,നിലനില്പിന്റെ ഭാഗമായി  രാഷ്ട്രീയത്തിലും കാലാകാലങ്ങളായി നടത്തിവന്ന/നടത്തിക്കൊണ്ടിരിക്കുന്ന പ്രീണന നയങ്ങളുടെ ഭൂമികയെ ധിക്ഷണാപരമായി രേഖപ്പെടുത്തുന്നിടത്ത് പ്രസ്തുത കൃതി വിശകലനങ്ങൾക്കും അപ്പുറമാവുന്നു.ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊതു പരിപാടിയിലുള്ള മുഖ്യ ഇനങ്ങളുടെ വെളിപ്പെടുത്തലിലൂടെയാണ് പുസ്തകം ചലനാത്മകമാകുന്നത്.അവയിൽത്തന്നെ;ഹിന്ദു-മുസ്ലീം ഐക്യം,ഹിന്ദുസമുദായത്തിലെ അടിച്ചമർത്തപ്പെട്ടവരും പിന്നോക്കക്കാരുമായ ജാതികളുടെയും ഗോത്രങ്ങളുടെ ഉദ്ധാരണം എന്നിവ ഏകരൂപമായ കാഴ്ചപ്പാടുകൾക്കൊണ്ട് ഇ.എം.എസ് ക്രമാനുഗതമായി സ്പഷ്ടമായ ആധികാരികതയോടെയെഴുതിച്ചേർക്കുന്നു.സ്വാതന്ത്യേതരയിന്ത്യയിലെ ഏകീകൃത രൂപമായ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പൊതു പരിപാടികൾ തന്നെയായിരുന്നു അക്കാലത്ത് പ്രോജ്ജ്വലങ്ങളെങ്കിലും അതിനുള്ളിൽ തന്നെയുണ്ടായിരുന്ന,ഗുപ്ത-മൗര്യ സാമ്രാജ്യ പുനരുജ്ജീവനേച്ഛുക്കളായ സവർണ ഹിന്ദു സമുദായത്തിന്റേയും ഡൽഹി സുൽത്താൻ വാഴ്ചയോ മുഗൾ വാഴ്ചയോ സ്വപ്നം കണ്ടിരുന്ന മുസ്ലീം സമുദായത്തിന്റെയും ഹിന്ദുവിലെത്തന്നെ ജാതിയിലും ഗോത്രങ്ങളിലുംപെട്ട നേതാക്കന്മാരുടെയും സ്വാതന്ത്ര്യക്കാഴ്ചപ്പാടുകൾ അവരവരുടേതായ വീക്ഷണ ഗതികളിൽ കെട്ടിയുയർത്തപ്പെട്ടവയാണെന്ന് ഗ്രന്ഥകാരൻ അസന്ദിഗ്ദമായി പ്രഖ്യാപിക്കുമ്പോൾ സ്വാതന്ത്ര്യത്തിനുമുമ്പുള്ള ദേശീയപ്രസ്ഥാനത്തിന്റെ രാഷ്ട്രീയാകാരത്തിൽ ജാതി-സമുദായങ്ങളുടെയും തദ്വാരാ മതങ്ങളുടെയും ശക്തമായ വേരോട്ടത്തിന്റെ സ്ഥിതിയും തൽഫലമായുണ്ടായ വൈഷമ്യങ്ങളെയും എടുത്തു കാണിക്കുക തന്നെയാണ് ചെയ്യുന്നത്.ഇങ്ങനെയുള്ള ദൃഢനിരീക്ഷണങ്ങളുടെ പിൻബലത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്ര പശ്ചാത്തലം ഇ.എം.എസ്.വ്യക്തമാക്കുന്നത് ശ്രദ്ധേയമാണ്.അത്;
   ”സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് എതിരായ തങ്ങളുടെ സമരത്തിൽ പ്രയോഗിക്കാവുന്ന ശക്തമായ ഒരായുധം ജാതീയതയിലും വർഗ്ഗീയതയിലും ഗോത്രചിന്തയിലും ഭാഷാവികാരത്തിലും മറ്റും ഉണ്ടെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ കണ്ടത് ഈ പശ്ചാത്തലത്തിലാണ്.ഹൈന്ദവമായ ഇന്ത്യൻ യൂണിയനും മുസ്ലീങ്ങളുടേതായ പാകിസ്ഥാനുമായി ഇന്ത്യയെ ആത്യന്തികമായി വിഭജിക്കുന്നതിൽ അവരുടെ അടവുകൾ ചെന്ന് കലാശിച്ചു.ജാതീയവും സാമുദായികവും മറ്റുമായ ഛിദ്രശക്തികളെ ഉപയോഗപ്പെടുത്തുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികളെ തികച്ചും ശരിയായ വിധത്തിൽ കുറ്റപ്പെടുത്തുമ്പോൾ തന്നെ,ജാതി, മത, സമുദായം, ഗോത്രം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കഴിവേകുന്ന ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവവിശേഷം യുഗങ്ങളായി നിലനിന്നിരുന്നുവെന്ന് ഗൗരവ ബോധമുള്ള ദേശീയ വാദികൾ അംഗീകരിക്കണം.
      1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്ര പശ്ചാത്തലം ഇതായിരുന്നു.” (ടി പുസ്തകം പുറം 7)രാജ്യ വിഭജനാനന്തര ഇന്ത്യയുടേയും അതിലേയ്ക്ക് വഴിതെളിച്ച സംഗതികളുടേയും രത്നച്ചുരുക്കമാണിത്.

            ആദ്യ ദശകങ്ങളിലെ ആധുനിക സ്വാതന്ത്ര്യ സമര പ്രസ്ഥാനം പുനരുത്ഥാന വാദത്തിന്റേയും ആധുനിക മതേതരത്വത്തിന്റെയും സമ്മിശ്രരൂപമായിരുന്നെന്നു തുറന്നു സമ്മതിക്കാൻ ഇ.എം.എസ്.അല്പം പോലും മടി കാണിക്കുന്നില്ല. എന്നാൽ,പിന്നീടങ്ങോട്ടുവന്നപ്പോൾ അതിനുണ്ടായ അപചയങ്ങളുടെ ഏകദേശ രൂപമാണ് മുന്നേ പറഞ്ഞവയുടെ ആകെത്തുക.ഇതിനെക്കുറിച്ച് മറ്റൊരു തരത്തിൽ ചിന്തിക്കുമ്പോൾ,ജാതിയും സമുദായ ബോധവും അതതു തലങ്ങളിൽ വിഘടിത സ്വഭാവത്തിന് വഴിമരുന്നിടുന്നൊരു കാഴ്ച കാണാം.സമത്വാധിഷ്ഠിതമെന്ന ചിന്തയുടെയൊരു കിരണം പോലും അന്നത്തെയിന്ത്യയിൽ ഇവയ്ക്ക് രണ്ടിനുമിടയിൽ പതിഞ്ഞിട്ടുണ്ടായിരുന്നില്ലെന്ന് ഇ.എം.എസ്. പറയാതെ പറയുന്നുണ്ടിവിടെ.അത് പൂർണ്ണാർത്ഥത്തിൽ സത്യവുമാണ്.അദ്ദേഹത്തെപ്പോലൊരാൾ ഇവിടെ അവലംബിച്ച മൗനം വർത്തമാനകാല ഇന്ത്യയുടെ  സമീപ സമയങ്ങളിലെ,രാഷ്ട്രീയ വരേണ്യതയുടെ പൊളിച്ചെഴുത്തിന് ജാതി-സമുദായങ്ങളുടെ കാര്യത്തിൽ പുതിയ വ്യാഖ്യാനങ്ങൾ വേണ്ടിവരുമെന്ന ഉറപ്പിനെയാണ് കാണിക്കുന്നത്.പുസ്തകം പറയുന്നുണ്ട്;
  ”സാമുദായിക-ജാതി ബോധവും,അതാതിന്റേതായ സാമൂഹ്യ-സാംസ്കാരിക സംഘടനകളും രാഷ്ട്രീയ കക്ഷികളും,ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അഭിവാജ്യ ഭാഗങ്ങളായി.ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലെങ്കിലും ഇന്ത്യൻ സമൂഹത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ വിഭാഗങ്ങൾ സാമുദായികവും ജാതീയവുമായ ചേരികളായിത്തിരിഞ്ഞു.ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ജനങ്ങളെ സാമുദായിക-ജാതിഅടിസ്ഥാനത്തിൽ വിഭജിക്കാൻ അനുയോജ്യമായ പരിതഃസ്ഥിതിയായി അത്.
       അതിനാൽ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനം കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചതോടെ സാമുദായിക -ജാതിസംഘടനകളുടെ വ്യാപനത്തിനെതിരായ നീക്കമുണ്ടായി.പ്രത്യേക നിയോജക മണ്ഡലം എന്ന ആവശ്യമുന്നയിച്ച്,ബ്രിട്ടീഷ് ഭരണാധികാരികളുടെ പരസ്യമായ പിന്തുണയോടെ ആൾ ഇന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചത് സാമുദായിക-ജാതീയ-വിഭാഗീയതയുടെ ആരംഭം കുറിച്ചു” (പുറം-12).ഇ.എം.എസ്.അന്നിങ്ങനെ പറഞ്ഞത് പഴയ കഥ. ആ കഥയ്ക്ക് ഒരുടച്ചുവാർക്കൽ ഇന്നാവശ്യമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ”ബ്രിട്ടീഷ് ഭരണാധികാരികൾ” എന്നതിലെ ”ബ്രിട്ടീഷ് ” എന്നത് ഒഴിവാക്കുകയെന്നത് മാത്രമാണ് തൽസ്ഥാനത്ത് വരേണ്ടതെന്തെന്നൂഹിക്കാവുന്നതേയുള്ളൂ.ഇവിടെ അധികമായിച്ചേർക്കേണ്ടതൊരു മത നാമം മാത്രമാണ്.തുടർന്ന് നേരത്തേയുള്ളതിന്റെയും കൂട്ടിച്ചേർത്തതിന്റെയും അവാന്തര(വിഘടന)വിഭാഗങ്ങളുടെ പേരുകൾ കൂടിച്ചേർക്കുമ്പോൾ ചിത്രം പൂർണ്ണമായി! പുതിയ കാലമായി!!
അങ്ങനെ വരുമ്പോൾ അവിടെ ആവശ്യമില്ലാത്ത ഒരു വാക്ക് ‘മനുഷ്യൻ’ എന്നത് മാത്രമാണ്.! ഇനി ലക്ഷ്യത്തിലേയ്ക്ക് വരാം.ആപൽഘട്ടങ്ങളിൽ സമൂഹം ഓർമ്മയുടെ ഏഴയലത്തു പോലും ചേർത്തു നിർത്താത്തവയാണ് ജാതി,സമുദായം, മതം എന്നിവയെന്നാണ് ഫലശ്രുതി.മനുഷ്യൻ എന്ന ഒറ്റപ്പദത്തിന്റെ അർത്ഥ വ്യാപ്തിയിൽ ‘മാനുഷികത’യെന്ന അവസ്ഥ ജനിപ്പിക്കുന്ന പ്രകടനപരവും പ്രവർത്തനോന്മുഖവുമായ പരിവർത്തനത്തിന്റെ ചാക്രിക ചലനങ്ങളെ കണ്ടും കേട്ടും അനുഭവിച്ചു മറിയുന്ന മനുഷ്യനെക്കുറിച്ചു തന്നെയാണ്,തുടക്കത്തിൽ സൂചിപ്പിച്ച മുഖവുരയാവശ്യമില്ലാത്ത ത്രയക്ഷരി, വെറും നാല്പതു പുറങ്ങളിലൊതുങ്ങുന്ന ‘ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ’ യെന്ന പുസ്തകത്തിൽ പറഞ്ഞു വച്ചത്.
വിചാരങ്ങൾ (3).. സന്തോഷ്.എസ്. ചെറുമുട്

By ivayana