രചന : അഫ്സൽ ബഷീർ തൃക്കോമല ✍
മൃഗങ്ങളുടെ രക്ഷാധികാരി എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 4 നാണ് അന്താരാഷ്ട്ര മൃഗദിനം ആചരിക്കുന്നത്.പോളിഷ് വംശജനായ ജർമ്മൻ എഴുത്തുകാരനും മൃഗ സംരക്ഷണ പ്രവർത്തകനുമായിരുന്നു ഹെൻറിച്ച് സിമ്മർമാൻ ആണ് ലോക മൃഗദിനം (World Animal Day) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് , 1925 മാർച്ച് 24-ന് ജർമ്മനിയിലെ ബെർലിനിൽ സ്പോർട് പാലസിൽ ആദ്യത്തെ മൃഗദിന സമ്മേളനം സംഘടിപ്പിച്ചതും. മൃഗങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടിയ അദ്ദേഹം 1929-ൽ മൃഗ സമ്മേളനവും മൃഗ ദിനവും ഒക്ടോബർ 4-ലേക്ക് മാറ്റി.
1931 മെയ് മാസത്തിൽ ഫ്ലോറൻസ് ഇറ്റലിയിൽ നടന്ന ഇന്റർനാഷണൽ ആനിമൽ പ്രൊട്ടക്ഷൻ കോൺഗ്രസിന്റെ യോഗത്തിൽ, ഒക്ടോബർ 4 ലോക മൃഗദിനം സാർവത്രികമാക്കാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം ഏകകണ്ഠമായി ഒരു പ്രമേയമായി അംഗീകരിക്കുകയും ചെയ്തത് മുതലാണ് ലോക മൃഗ ദിനത്തിന്
ഔദ്യോഗിക മാനം കൈവന്നത് .വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടാൻ ആഗ്രഹിച്ച ഇറ്റലിയിലെഫ്ലോറൻസിൽ 1931-ൽ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കൺവെൻഷനിലാണ് ലോക മൃഗദിനം ആരംഭിച്ചതെന്ന വാദം
നിലനിൽക്കുന്നുണ്ടെങ്കിലും ചരിത്രപരമായി അത് തെറ്റാണന്നതാണ് വസ്തുത .
എന്നാൽ പല രാജ്യങ്ങളും മൃഗ ദിനം ആചരിക്കാൻ തുടങ്ങിയത് രണ്ടായിരാമാണ്ടിനു ശേഷമാണണന്നതും ശ്രദ്ധേയമാണ് . 2002 മുതൽ, ഫിന്നിഷ് അസോസിയേഷൻ ഓഫ് അനിമൽ പ്രൊട്ടക്ഷൻ അസോസിയേഷൻസ് (SEY) അനിമൽ വീക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചതും 2006ഒക്‌ടോബർ 27ന് പോളിഷ് പാർലമെന്റ് ഒക്‌ടോബർ 4 മൃഗദിനമായി ആചരിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ചതും ചില ഉദാഹരണങ്ങൾ മാത്രം .
2026-ലെ ലോക മൃഗ ദിനത്തിന്റെ ഔദ്യോഗിക സന്ദേശം “See the World Through Their Eyes” (അവരുടെയും കണ്ണുകളിലൂടെ ലോകത്തെ കാണുക) എന്നതാണ്
മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്ന് മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നതിന് പകരം, മൃഗങ്ങളും മറ്റു ജീവജാലങ്ങളും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ എങ്ങനെ അനുഭവിക്കുന്നു എന്ന് മനസ്സിലാക്കാൻ ഈ പ്രമേയത്തിന് കഴിയും.
ജിയോവന്നി ഡി പിയെട്രോ ഡി ബെർണഡോൺ എന്ന വിശുദ്ധ ഫ്രാൻസിസ് അസീസി 1182 ൽ ഇറ്റലിയിലെ അസീസിയിൽ ജനിച്ചു. ഫ്രാൻസിസ്കൻ സന്യാസസമൂഹങ്ങളുടെ സ്ഥാപകനായ അദ്ദേഹം മറ്റു ക്രൈസ്തവ വിശുദ്ധന്മാരിൽ നിന്നു വത്യസ്തനാക്കുന്നതു ചരാചരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്.എല്ലാ ജീവജാലങ്ങളോടും അടുത്തിടപഴകുകയും അവയോടു സംസാരിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി .
പക്ഷികൾ അദ്ദേഹത്തിന് സഹോദരിമാരും ചെന്നായ് സഹോദരനുമായിരുന്നു. ഒരു വനപ്രദേശത്ത് കലപില കൂട്ടിക്കൊണ്ടിരുന്ന പക്ഷികളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ച കഥ പ്രസിദ്ധമാണ്. “കൊച്ചു സഹോദരിമാരേ, നിങ്ങൾക്കു പറയാനുള്ളത് നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോ. ഇനി ഞാൻ പറയുന്നത് നിങ്ങളും ഒന്നു കേട്ടാലും”.എന്ന അദ്ദേഹത്തിന്റെ വാക്കുകളും കർഷകരുടെ ആട്ടിൻപ്പറ്റങ്ങളെ നിരന്തരം ആക്രമിച്ച് പ്രശ്നമുണ്ടാക്കിക്കൊണ്ടിരുന്ന ഒരു ചെന്നായുടെ ഭാഗം അദ്ദേഹം വാദിച്ചത് “സഹോദരൻ ചെന്നായ്ക്ക് വിശന്നിട്ടാണ്” ആ ചെന്നായ്ക്കു ഭക്ഷണം കൊടുക്കാൻ നിങ്ങൾ തയ്യാറാകണം എന്ന് പറഞ്ഞതും ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ജീവപ്രപഞ്ചത്തിനപ്പുറവും അദ്ദേഹത്തിന്റെ ഈ മൈത്രീഭാവം കടന്നു ചെന്നു. പ്രസിദ്ധമായ ഒരു സൂര്യകീർത്തനം (Canticle of Sun) അദ്ദേഹം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം അമ്മയും സഹോദരിയുമായ ഭൂമിയെ പ്രതിയും, സഹോദരനായ സൂര്യനെയും സഹോദരികളായ ചന്ദ്രനക്ഷത്രാദികളെയും പ്രതിയും, ആരേയും തന്റെ ആശ്ലേഷത്തിൽ നിന്നു ഒഴിവാക്കാത്ത സഹോദരി മരണത്തെ പ്രതിയും ദൈവത്തെ വാഴ്ത്തുന്നു എന്നതാണ് .കണ്ണിൽ തിമിരം ബാധിച്ച് അന്ധതയോടടുത്തെത്തിയ അദ്ദേഹത്തെ അന്നത്തെ വൈദ്യശാസ്ത്രവിധിയനുസരിച്ച് തീക്കനൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോൾ ചുട്ടുപഴുത്ത കനലിനെ അഭിവാദ്യം ചെയ്ത് : “അഗ്നീ, സഹോദരാ, ദൈവം നിന്നെ സുന്ദരനും, ശക്തനും, ഉപയോഗമുള്ളവനുമായി സൃഷ്ടിച്ചു. നീ എന്നോട് അല്പം സൗമ്യത കാട്ടുമല്ലോ.”എന്നാണ് .1226 ഒക്ടോബർ 3 നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. ഇറ്റാലിയൻ ചിത്രകാരനായ ജോട്ടോ(Giotto) വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കി വരച്ച ചിത്രങ്ങൾ ,പ്രഖ്യാത ഇറ്റാലിയൻ കവി ദാന്തേയുടെ ഡിവൈൻ കോമഡിയിൽ ജീവിതകഥ ഹ്രസ്വമായി വിവരിക്കുന്നതും .അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ ചേർന്ന ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ (Little Flowers of St. Francis) എന്ന സമാഹാരവും എല്ലാം പ്രസിദ്ധമാണ്.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യലോകം മനുഷ്യരുടേത് മാത്രമല്ല, ഒട്ടനവധി ജീവജാലങ്ങളുടേത് കൂടിയാണ്.അദ്ദേഹമാണ് ആദ്യമായി മലയാളത്തിൽ മറ്റു ജീവജാലങ്ങളെ സാഹിത്യത്തിൽ നിറച്ചത് .മനുഷ്യന് പ്രകൃതിയിലുള്ള അത്രതന്നെ അവകാശം മറ്റ് ജീവജാലങ്ങൾക്കുമുണ്ടെന്ന സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും മഹത്തായ ദർശനമാണ് അദ്ദേഹം തന്റെ കൃതികളിലൂടെ പങ്കുവെച്ചത്.പാത്തുമ്മയുടെ ആട് ,ഭൂമിയുടെ അവകാശികളിലെ ജീവികൾ, ന്റുപ്പൂപ്പാക്കൊരാനണ്ടാർന്ന്’ എന്നതിലെ ആന തുടങ്ങി സിംഹം, കടുവ, ആന, ചീറ്റപ്പുലി, കരടി, കരിമൂർഖൻ, വിഷപ്പാമ്പുകൾ, തേളുകൾ, വവ്വാലുകൾ, കാക്കകൾ, കുരുവികൾ, ഉറുമ്പുകൾ, ചിതലുകൾ… നമ്മളെപ്പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ ഇവർക്കും അവകാശമുണ്ട്. കാരണം, ദൈവത്തിന്റെ സൃഷ്ടികളായ ഭൂമിയുടെ അവകാശികളാണവർ.” ബഷീറിന്റെ ഈ ദർശനം മലയാള സാഹിത്യത്തിൽ എക്കാലവും സവിശേഷമായി നിലകൊള്ളുന്നു.
“ഒരഞ്ഞൂറു കൊല്ലങ്ങൾക്കുശേഷം ഭൂമിയിലുള്ള സർവ്വജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യർ കൊന്നൊടുക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും”.എന്ന ബഷീറിയൻ
വാക്ക് എത്ര അർത്ഥവത്താണ് .

