പണ്ട് വനവാസകാലത്ത് ദുർവാസാവ് മഹർഷി, പാണ്ഡവരെ കാണാൻ ചെന്നു. ഉച്ചനേരം കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞ് രണ്ടരയായിട്ടില്ല.
“ദീർഘയാത്രയിലാണ്. അഗതിക്കിതൊരു ഇടത്താവളമാണ്. ക്ഷീണമുണ്ട്. കുളിച്ച് വന്നിട്ടുണ്ണാം. ഉണ്ടിട്ടാവാം ഉപദേശം.”, എന്ന് പറഞ്ഞ് അടുത്ത് കണ്ട തോട്ടിൽ കുളിക്കാൻ പോകുന്ന മഹർഷിയെ നോക്കിയിരിക്കെ, നോക്കി നോക്കിയിരിക്കെ യുധിഷ്ഠിരൻ അകത്തേയ്ക്ക് വിളിച്ചു, “എടീയേ ദ്രൗപദിയേ ഇച്ചരെ കഞ്ഞിയെടുത്ത് വെച്ചെരെ. അങ്ങേര് ദാണ്ടെ വെശന്ന് കുത്തി വന്നേക്കുവാ. പാവം ഒണ്ട്. പപ്പടം ഒന്നാക്കണ്ട ഒന്നൊ രണ്ടൊ കൂടെ കാച്ചിയേരെ.”
യുധിഷ്ഠിരന്റ ഈ ആത്മവിശ്വാസത്തിന് പിന്നിലൊരു കാരണമുണ്ട്. അക്ഷയപാത്രം. എത്ര പേർക്ക് വേണേലും അതീന്ന് തിന്നാൻ കിട്ടും. കഞ്ഞി, പുഴുക്ക്, അസ്ത്രം, മുതിര, ചീരത്തോരൻ, കടുമാങ്ങാ അച്ചാറ്, അവൽ, പപ്പടം അങ്ങനെ എന്തൊ വേണമെന്ന് വെച്ചാ അത് പറഞ്ഞാ മതി ഉടനെ തന്നെ അത് കിട്ടും. പക്ഷേ ദ്രൗപദി തന്നെ പണയണം. അവസാനം ദ്രൗപദി കൂടി ഉണ്ടാൽ പിന്നെ ആ നേരത്തെ കൗണ്ടർ ക്ളോസ് ചേയ്ത് പാത്രം കുറച്ച് നേരം വിശ്രമിക്കും. അഞ്ച് തടിയന്മാരെയും അവരുടെ മേട് സഹിക്കുന്ന രണ്ട് തടിച്ചികളെയും പിന്നെ വലിഞ്ഞ് കേറി വരുന്ന ഇമ്മാതിരി ഊരുതെണ്ടികളെയും ഊട്ടുവാന്ന് പറഞ്ഞാ ഒരു പണിയാണല്ലൊ. മാജിക്കൽ റിയലിസം ആന്ന് വെച്ചാലും ഒരു പരിധിയുണ്ടല്ലൊ.
പക്ഷേ ദുർവാസാവ് വന്ന ആ നട്ടുച്ച കഴിഞ്ഞ രണ്ട് മണി രണ്ടരനേരം ദ്രൗപദി അവസാനത്തെ വറ്റും കൊത്തി തിന്ന് വെള്ളോം കുടിച്ച് പാത്രോം മോറി കെടന്ന് ഉറങ്ങുവാരുന്നു. അപ്പഴാണ് കോച്ചാട്ടൻ വിളിക്കുന്നത്. തിണ്ണേലോട്ട് ചെന്ന് ഭക്ഷണമില്ലെന്ന കാര്യം പറഞ്ഞപ്പ ഇനി എന്തൊ ചെയ്യും എന്ന് അറിയാതെ പുള്ളിക്കാരനും ഒരു വശമായി. രാജ്യമൊ മൂഞ്ചി, അഭിമാനബോധം കൂടി പോയാലൊ.
അഭിമാനം പോയാലും കുഴപ്പമില്ല. അത് പെണ്ണുമ്പിള്ളയെ പണയം വെച്ച കാലത്തെ കപ്പല് കേറിയതാണ്. പക്ഷേ കുളിക്കാൻ പോയ പുളളി തിരിച്ച് വന്ന് കഞ്ഞിക്കിരുന്നിട്ട് കിട്ടിയില്ലേൽ വേറൊരു പാടുണ്ട്. ആളുഗ്രനാണ്. ശപിച്ചാൽ അച്ചട്ടാണ്. ശപിക്കുവേം ചെയ്യും. ഇനി ആരെ ശപിക്കണം എന്ന് നോക്കി നടക്കുവാണ്. ഇയാളൊക്കെ മിസ് കോളടിച്ച് മഹർഷിയായതാന്നൊ എന്ന് കൂടി സംശയിച്ച് പോവും.
ഇങ്ങനെ ഓരോന്ന് പറഞ്ഞും പപ്പനാവാ ഭഗവാനേ എന്ന് പ്രാർത്ഥിച്ചും പേടിച്ചും വിരണ്ടും ഇരിക്കുമ്പോൾ മച്ചുനൻ കൃഷ്ണൻ അത് വഴി കേറി വന്നിട്ടൊറ്റ ചോദ്യമാണ്.
“എന്നെ വിളിച്ചാരുന്നൊ.”
“ഇല്ല.”
“ഞാൻ കേട്ടാരുന്നല്ലൊ. കേട്ടേച്ചല്ലിയൊ വന്നെ.”
ദൈവങ്ങൾ സുഹൃത്തുക്കളായാലുള്ള ഒരു പ്രശ്നമാണ്. പപ്പനാവാ ഭഗവാനേ എന്ന് വിളിച്ചാലും ഓടിയിങ്ങ് പോരും. തൊല്ല ആണല്ലൊ. ദ്രൗപദി മനസിലോർത്തു. പണ്ട് സാരി തന്നത് ഓർത്തപ്പോൾ മനസ് വീണു.
“വന്നതല്ലിയൊ. ഇരുന്നാട്ടെ.”
“ഇരിക്കാൻ പോവല്ലിയൊ. എന്നാ തിന്നാൻ വല്ലോം തന്നാട്ടെ. വെശന്നിട്ടും മേലാ.” മിറ്റത്തൂന്ന് ഒരു പ്ലാവില എടുത്ത് കോട്ടി കൃഷ്ണൻ ഇരുന്നു.
“കുളിച്ചേച്ചും വാ.”
“ഇനി കുളിയൊക്കെ അങ്ങ് ദ്വാരകെ ചെന്നിട്ട്. വല്ലൊം തിന്നാൻ തന്നാട്ട്.”
“ഇത് നല്ല കൂത്ത്. ഇവിടെ ശാപം കിട്ടി കല്ലൊ മരവൊ ആയി പോമെന്ന് പേടിച്ചാണ് തന്റെ പേര് വിളിച്ച് പ്രാർത്ഥിച്ചത്. ഇതിപ്പ വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞ മാതിരിയായല്ലൊ. ഇവിടൊന്നുമിരിപ്പില്ല. അരി വെച്ച് വാർക്കാൻ സമയമെടുക്കും. ഇൻഡക്ഷൻ കുക്കർ കണ്ട് പിടിക്കാനിരിക്കുന്നതെ ഉള്ളൂ.” ദ്രൗപദി അവുതാ പറയുന്നതിനിടയിൽ ദുർവാസാവിന്റെ കാര്യം കൂടി വിശദീകരിച്ചു. രക്ഷിക്കണം.
“ഹേ പാണ്ഡവപത്നീ, നീ വെളുക്കാൻ തേച്ചിട്ടുണ്ടെങ്കിൽ അത് പാണ്ടാവത്തില്ലെന്ന് മാത്രമല്ല പാഴാവത്തുമില്ല. ടിന്നിലിച്ചിരി മിച്ചറിരിപ്പില്ലേ അതെട്.”
“അത് രാവിലെ നകുലൻ കൊച്ചാട്ടൻ ഇഡലിക്കൊപ്പം തിന്നു.”
“എന്നിട്ടവൻ എവിടെ.”
“കാടല്ലിയൊ ഓരോരുത്തരും ഓരൊ വഴിക്ക് വഴി തെറ്റി നടക്കുവാരിക്കും. പോയ് കുളിച്ചേച്ചും വാ. അന്നേരത്തേക്കും കഞ്ഞീം അച്ചാറും റെഡി മണി മുണ്ടക്കയം.”
“ഒടപ്പെറന്നോളേ പെരുങ്കള്ളീ അക്ഷയപാത്രമിരിന്നിട്ടല്ലേ ഈ പെരട്ടൊക്കെ.”
“ഞാനുണ്ടു പോയ്. കൈയ്യും കഴുകി.”
“പാത്രം കഴുകിയൊ.”
“കഴുകി.”
“നന്നായ് കഴുകിയൊ.”
“വെടിപ്പായ്. വെട്ടിത്തിളങ്ങും.”
“കൊണ്ട് വാ.”
ദ്രൗപദി കുലുക്കിത്താക്കത്താന്ന് അകത്തേക്ക് പോയപ്പോൾ യുധിഷ്ഠിരൻ നെറ്റിക്ക് മേലെ കൈ വെച്ച് ദുർവാസാവ് വരുന്നോന്ന് നോക്കി. കാണുന്നില്ല. ആള് പോയോ. ആറ്റിലൊഴുകി പോയോ. വഴീൽ നിന്ന് ആരേലും ശപിക്കുവാരിക്കുമൊ.
ദ്രൗപദി പാത്രം കൊണ്ടു വന്നു. കൃഷ്ണൻ അതെടുത്ത് നോക്കി. മുഖം നോക്കാൻ പാകം. പാത്രത്തിലേക്ക് മഷി മറിഞ്ഞതിന് സമം കവിഞ്ഞൊഴുകുന്ന സ്വരൂപം ദർശിച്ച ഭഗവാൻ താമരമൊട്ടുകളെ നാണിപ്പിക്കുന്ന തന്റെ നീണ്ടവിരലുകൾ കൊണ്ട് ഒരു ചെറിയ പാട് തോണ്ടിയെടുത്തു നാവിൽ വെച്ചു.
“ഇന്ന് ചീരത്തോരനാരുന്നു. അല്ലിയൊ.”
യുധിഷ്ഠിരനാണ് മറുപടി പറഞ്ഞത്. “ഇന്ന് ചേന മെഴുക്കുവരട്ടിയിരുന്നു. ചീരത്തോരൻ വെച്ചത് മിനിഞ്ഞാന്നാരുന്നു. അല്ലിയോടി.”
നിശബ്ദത.
പിന്നെ, വിദൂരതയിൽ നിന്നോണം ഒരു ഒച്ച, “ഒടപ്പെറന്നോളേ വയറ് നിറഞ്ഞു.”
ദ്രൗപദി ഒരു വളിച്ച ചിരി ചിരിച്ചു. യുധിഷ്ഠിരൻ രാത്രി ഉറക്കം പോയല്ലൊ എന്നോർത്ത് ഖിന്നനായ്. കൃഷ്ണൻ ഒരേമ്പക്കം കൂടി പാസാക്കി. അത് കേട്ട് ദേവൻമാർ പുഷ്പവൃഷ്ടി നടത്തി.
ഇതെല്ലാം ദിവ്യദൃഷ്ടിയിൽ കണ്ട് കൊണ്ടിരുന്ന് കുളിക്കാൻ മറന്ന ദുർവാസാവിനും വയറ് നിറഞ്ഞു. വയറ് നിറഞ്ഞ പാടെ അദ്ദേഹം തന്റെ യാത്ര തുടരുകയും ചെയ്തു. പുള്ളിക്ക് കുറച്ച് മാറി അത്യാവശ്യമായിട്ടൊരാളെ ശപിക്കാനുണ്ടാരുന്നു.

By ivayana