1980-ന്റെ അവസാനം;
തിരുവനന്തപുരം തമ്പാനൂർ റോഡ് സൈഡ് ;
ഞാനും പ്രസാദും.
പുസ്തക വില്പനയിലാണ് ഞങ്ങൾ. വഴിവക്കിൽ വിരിച്ചിട്ട ന്യൂസ് പേപ്പറിൽ നിരത്തിയ ലഘുലേഖകൾ, കമ്യൂണിസ്റ്റ് ആചാര്യരുടെ കൃതികൾ ,കോമ്രേഡ്, പ്രേരണ, സംക്രമണം തുടങ്ങിയ ആനുകാലികങ്ങൾ, സച്ചിദാനന്ദന്റേയും സിവിക്കിന്റെയും കെ ജി എസ്സിന്റെയും ചുള്ളിക്കാടിന്റെയും കവിതകൾ…..
അത് സാംസ്കാരിക വേദിയുടെ ഗ്ലാമർ കാലമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ജനങ്ങൾ ചികിത്സിച്ചതിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന കാലം. അതു കൊണ്ടു തന്നെ, ‘നക്സൽ പ്രസിദ്ധികരണങ്ങൾ’ എന്നു ഭീതിയോടെ പിറുപിറുത്ത് ഒഴിഞ്ഞു മാറുന്ന ആളുകൾ കുറവ്. ധാരാളം ലഘുലേഖകളും മറ്റു പുസ്തകങ്ങളും ചിലവായിക്കൊണ്ടിരുന്നു.
പുസ്തകങ്ങൾ കാണാനും മറിച്ചു നോക്കി പരിശോധിക്കാനും വാങ്ങാനുമൊക്കെ കൂടാറുണ്ടായിരുന്ന കൊച്ചു കൂട്ടത്തോട് ഞാനന്ന് പറയാറുണ്ടായിരുന്ന, ‘വിപ്ലവ സാഹിത്യ’ ഹാങ്ങോവറുള്ള വാക്കുകൾ, ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു :
“സാംസ്കാരികവേദി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള അതിശയോക്തി കലർന്ന വാർത്തകളും, ഭീതി പരത്തുന്നതരം ദുഷ്പ്രചരണങ്ങളും നിങ്ങൾ മാധ്യമങ്ങളിൽ നിന്നും അറിയാറുണ്ട്. ഡോക്ടർക്കെതിരെ നടന്ന ജനകീയ വിചാരണയെപ്പറ്റിയും, അക്രമ കൃത്യമെന്ന നിലയിലുള്ള വിവരങ്ങൾ ,നിങ്ങളുടെ മുമ്പിലെത്തിയിട്ടുണ്ടാകും. പക്ഷേ, ഇതു ചെയ്തവർക്ക് പറയാനുള്ളതെന്താണെന്ന് നിങ്ങൾ അറിയേണ്ടതല്ലെ? ഒരു മാധ്യമവും ഞങ്ങൾക്കതിന് സ്പേസ് തരാറില്ല. ഞങ്ങൾക്ക് പറയാനുള്ളതിതാ ഈ ലഘുലേഖകളിലുണ്ട്. ഞങ്ങളെ ഉത്തേജിപ്പിക്കുന്ന ചിന്താധാരകൾ ഈ പുസ്തകങ്ങളിലുണ്ട്. വാങ്ങു, വായിക്കു… വിമർശനങ്ങളുണ്ടെങ്കിൽ പറയൂ. നാളെയും ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും.ഇവിടെയല്ലെങ്കിൽ തൊട്ടടുത്തെവിടെയെങ്കിലും….”
…… ഒരകൽച്ചയും ആളുകളിൽ കണ്ടില്ല.അവർ ചിരിക്കും.വേദിയുടെ ഇടപെടലുകളെ അഭിനന്ദിക്കും. മനസു പറയുന്നതിനനുസരിച്ച് ചെയ്യാനാവാത്ത തങ്ങളുടെ പരിമിതികളെക്കുറിച്ച് ആത്മാർത്ഥമായിത്തന്നെ പരിതപിക്കും. ചിലപ്പോൾ ഞങ്ങളെ ഓരോ കാലിച്ചായ കുടിക്കാൻ ക്ഷണിക്കും .ഏറ്റവും വിലകുറവുള്ള ഒരു ലഘുലേഖയെങ്കിലും വാങ്ങും.
പ്രസാദ് ആ ആത്മാർത്ഥതകൾക്കുമുന്നിൽ ചിലപ്പോൾ വീണ്ടും വാചാലനാകാറുണ്ട്:
” ഞങ്ങൾ ഉപജീവനത്തിനു വേണ്ടിയല്ല ഈ പുസ്തക വില്പനക്ക് വന്നിരിക്കുന്നത്. എനിക്ക് വർക്ക്ഷോപ്പുപണിയാണ്. ഈ സഖാവ് ബാങ്കു ജോലിക്കാരനാണ്. നമ്മൾ അവരവരുടെ പണിമാത്രം ചെയ്ത്, അവരവരുടെ കാര്യം മാത്രം നോക്കി കഴിഞ്ഞാൽ പോരാത്ത ഒരു കാലമല്ലേയിത് – – ? തലകുത്തി നില്ക്കുന്ന നമ്മുടെ നാടിന്റെ അവസ്ഥകളെ നേരെ നിർത്താൻ ഒരു കൊച്ചു ശ്രമമെങ്കിലും നമുക്കു നടത്തേണ്ടേ….?”
വായിച്ച ലഘുലേഖകളുടെയും . സർക്കുലറുകളുടേയും ആർജ്ജവത്തോടെ, സ്വയം മറന്ന് അയാളങ്ങനെ പറഞ്ഞു പറഞ്ഞു മുന്നേറുമ്പോൾ, ഞാൻ പ്രസിദ്ധീകരണങ്ങൾ കൊടുത്ത് ചില്ലറ വാങ്ങുന്ന തിരക്കിലായിരിക്കും.
ഒരിക്കൽ കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ പുസ്തകം നിരത്തി വില്ക്കാനിരിക്കവേ, ഞങ്ങളെക്കടന്നുപോയ ദമ്പതികളിലെ യുവതി, ഹസ്ബന്റിനെ അവിടെ നിർത്തി തിരിച്ചു വന്ന് കോമ്രേഡ് വാങ്ങിപ്പോയ സംഭവവുമുണ്ടായി. ഒരു സ്ത്രീയിൽ നിന്നുണ്ടായ ആ പ്രവൃത്തി ശരിക്കും ഞങ്ങളെ ഉത്തേജിതരാക്കിയതും ഓർമ്മിക്കുന്നു.
.
2019 -ന്റെ അവസാനം;
തൃശൂർ ആലപ്പാട് ഗ്രാമം;
കാർത്തികേയൻ…
ഓർമ്മകൾ കൂട്ടമായി വന്നെന്റെമേൽ കുത്തിമറിയുന്നു.
കുറെയൊക്കെ നാം മാറിയിട്ടുണ്ട്.
ബലം പ്രയോഗിച്ച് നാം നമ്മെത്തന്നെ മാറ്റാൻ ശ്രമിക്കുന്നുണ്ട്.
ലക്ഷ്യം മറന്നും വഴി മറന്നും സ്വയം മറന്നും ഒടുങ്ങാൻ കഴിയാതെ വരുമ്പോൾ,
പുതുവഴികളൊന്നും ലക്ഷ്യത്തെ അടുപ്പിക്കാതിരിക്കുമ്പോൾ,
നമുക്ക്, നമ്മുടെ വൃദ്ധയുവത്വങ്ങൾക്ക്,
ചില പഴമകൾ വീണ്ടെടുക്കേണ്ടി വരും.
എനിക്ക് തോന്നുന്നുണ്ട്, സമകാലിക പ്രസക്തിയുള്ള ലഘുലേഖകൾക്കും, സമാന്തര ആനുകാലികങ്ങൾക്കും, പുരോഗമനോന്മുഖമായ ( വികസനോന്മുഖമല്ല) സാഹിത്യരചനകൾക്കും ഇന്നും മനുഷ്യർ ദാഹിക്കുന്നുണ്ട്. ഒരുപാടു ചപ്പുചവറു ധവളിമകൾക്കിടയിൽ നിന്ന് ഇവ കണ്ടെടുക്കപ്പെടുന്നില്ല. അതിനാൽ വായന ഇന്നൊരു സമരമേയല്ല. നാം അല്പം സെലക്റ്റിവായാൽ, ഇന്നു നാം അനിവാര്യമായും നടത്തേണ്ട അsരിന്,
അനുയോജ്യമായ ആയുധങ്ങളാകാവുന്ന ആശയനിർഭരങ്ങളായ പുസ്തകങ്ങൾക്ക് ഒരു വേദിയുണ്ടാക്കാൻ തുനിഞ്ഞാൽ,
അതേറെ ഉചിതമാകും.
കൃത്യം ആ ചിന്തയുടെ സമയത്താണ് കാർത്തികേയന്റെ ഈ സംരംഭം അറിയുന്നത്. അഭിനന്ദനനങ്ങൾ!
സഹകരണമുണ്ടാകും.
കുറേ പുസ്തകങ്ങൾ നല്കാനുമാകും.
എത്രയും വേഗം തമ്മിൽ കാണാനും ശ്രമിക്കും
പത്തു തെരുവുയോഗങ്ങളേക്കാൾ കരുത്തുണ്ട് ഒരു തെരുവു നാടകത്തിന് എന്ന് ഞാൻ ഈയിടെ നിരന്തരം (വെറുതെയെങ്കിലും) കരുതിക്കൊണ്ടിരിക്കവേ, കുരിശിന്റെ വഴിയുടെ പുനരുജ്ജീവന ശ്രമത്തിലൂടെ കാർത്തികേയൻ വീണ്ടും ഉത്തേജിപ്പിക്കുന്നു.
“……..നാടക രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭകളേ, തട്ടുപൊളിപ്പൻ സ്റ്റേജു ഗോഷ്ഠികളോടു വിട പറയൂ ! പൊള്ളിക്കുന്ന ആവിഷ്ക്കാരങ്ങളുമായി ഈ തെരുവുകളിലേക്കു വരൂ……!” എന്നു പറയാൻ തോന്നിപ്പോകുന്നു.
ഒരുപാടു പ്രശ്നങ്ങൾ ! ഒരുപാടൊരുപാട് സന്നിഗ്ദതകൾ!
നമുക്ക് പ്രതിഷേധവഴികൾ കണ്ടെത്തിയേ പറ്റൂ —!
പുതിയതെങ്കിൽ പുതിയത്…
പഴയതെങ്കിൽ അവയും.
…….കാർത്തികേയനോടൊപ്പം!

By ivayana