ഓരോ പ്രവാസിയ്ക്കും, കുടുംബത്തിനും വേണ്ടി
സമർപ്പിക്കുന്നു…

പറയുവാനുണ്ട്, എനിയ്ക്കിനി നിന്നോട്..
പരിഭവം പേറുന്ന ദുഃഖസത്യം.
എന്നുള്ളിൽ വിറകായി ചൂടുപകർന്നു നീ
രുചിയേറും വിഭവം ഭുജിച്ചിടുന്നു.

നീയേകും ചൂടുകൾ കനലായി ചാരമായ്
ഞാനെന്റെ ഹൃത്തിൽ നിറച്ചുവെച്ചു.
സ്നേഹരുചിക്കൂട്ട് ഞാൻ നിനക്കേകുമ്പോൾ
ഉരുകുന്നു ഞാനും പ്രവാസിപോലെ.

ഭൂതവും ഭാവിയും വർത്തമാനവുമായി
മൂന്നുണ്ട് കല്ലുകളെന്റെ മേലെ.
ഞാനെത്ര ചൂടേറ്റു ക്ഷീണിച്ചു പോകിലും
അറിയുമോ നിൻ രുചിക്കൂട്ടു ക്ഷീണം?

ചിന്തിച്ചു നോക്കു നീ, ഓരോ പ്രവാസിയും
ഓരോ അടുപ്പിനെ പോലെയല്ലേ?
ചൂടേറ്റു പൊട്ടി തകരുന്നടുപ്പിന്റെ
നോവറിയുമോ രുചിച്ചിടുന്നോർ?

കാലാന്തരങ്ങളിൽ ചൂട് താങ്ങീടാതെ
ഓരോ അടുപ്പും തകർന്നിടും പോൽ..
അനുഭവചൂളയിലോരോ പ്രവാസിയും
അടുപ്പിനെ പോലെ കരഞ്ഞിടുന്നു. !!

മനോജ്‌ കാലടി

By ivayana