അമേരിക്കൻ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസർ/ബയോടെക്കിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ബ്രിട്ടൻ. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങാന്‍ ആശുപത്രികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സിൻ നൽകണമെന്നത് സംബന്ധിച്ച് വാക്സിൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ നിന്ന് തെളിഞ്ഞതായി ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോൻ ടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സിന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി. 65 വയസിന് മുകളിലുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

By ivayana