ഉറ്റുനോക്കി ഞാനാ ഒറ്റനാണയത്തില്‍

വിഷുക്കൈനീട്ടം മിഴിഞ്ഞെന്‍റെയുളളില്‍.

ഓര്‍മ്മകളോടിക്കിതച്ചെത്തിയന്നേരം

എന്നോ മറന്ന ശീലുകളാടി ചുണ്ടില്‍.

അച്ഛനായമ്മയായ് നില്ക്കുന്നു മുന്നില്‍

നീയൊറ്റനാണയമേ, ഓതുന്നു സ്വസ്തി.

ആ നാണയത്തിന്‍ തിളങ്ങും മുഖത്തിലായ്

മിന്നുന്നു നൂറു നൂറു വദനാംബുജങ്ങള്‍!

കൊറോണയെപേടിച്ചു കഴിയുന്നു ഞാന്‍

ചില്ലുകൂട്ടിലെ പിടയും മത്സ്യമായി.!

ആ കണിക്കൊന്നകള്‍ പൂത്തിട്ടുണ്ടാകുമോ?

എന്‍ കുരുന്നുകള്‍ക്കും കിട്ടുമോ കൈനീട്ടം?

ആ വീട്ടിലെന്‍റെ പൈതങ്ങള്‍ക്കു കൂട്ടായി

അവര്‍ തന്‍ താതനുണ്ടെന്നാശ്വാസമഞ്ചം…

കേള്‍പ്പിക്കുമോ താതന്‍ വിഷുവിന്‍ വിശേഷം?

കൈനീട്ടങ്ങളവിടെ തുടരുന്നുണ്ടോ?

അവര്‍ക്ക് കണിയൊരുക്കാന്‍ കൂട്ടാകുമോ?

ഈ പ്രവാസിയമ്മ യൊരു തൂപ്പുകാരി.

നാടും വീടും വീട്ടുകാരുമകലെയായ്

അന്യ നാട്ടിലൊരു ജോലി ചെയ്യവേ,

കൊതിക്കുന്നു നാട്ടിലൊന്നണയുവാന്‍

ഗദ്ഗദങ്ങള്‍ നിറഞ്ഞ പെരു വഴികള്‍.

ഇന്ന് നോവിന്‍റെ വീണാഗാനങ്ങളുമായ്

തന്ത്രി മുറുക്കുന്നിതാ ഉളളിന്‍റെയുളളില്‍.

മുറിവേറ്റ ഹൃത്തിന്‍റെ ചാരു പടിയില്‍

ചാരിയിരുന്നിന്നു ചിന്തിച്ചുകൂട്ടുന്നു.

കൈനീട്ടങ്ങളെത്രയോ കിട്ടിയ ബാല്യകാലം

കൈനിറയെ കിട്ടിയ സ്നേഹമൂല്യങ്ങള്‍.

ഇന്ന് നരകയാതനയിവള്‍​ക്കെങ്കിലും

നാളെയുടെ വിഷുക്കൈനീട്ടമാണിവള്‍.

***********************************

വരദേശ്വരി. കെ.

By ivayana