പതിനാറിലൂടെ പാറിനടക്കുന്ന കാലത്തെയൊരു വെള്ളിയാഴ്ച്ച പട്ടിക്കാട് നിന്നും ബസ്സിൽ പള്ളിക്കണ്ടത്തേക്ക് വരുമ്പോഴാണ് നവരംഗ് ടാക്കീസിൽ പുതിയ സിനിമയുടെ പോസ്റ്റർ കണ്ടത്. ബസ്സ് ഓടി കൊണ്ടിരിക്കുന്നതിനാൽ പോസ്റ്ററിൽ ‘TARZAN ‘ എന്നെഴുതിയത് ഒരു മിന്നായം പോലെയാണ് കണ്ടത്. ആക്ഷൻ മൂവികളോട് പ്രിയമുള്ള അക്കാലത്ത് ജാക്കി ചാനും അർനോൾഡ് ഷ്വാസ്‌നെഗറും, സിൽവർസ്റ്റർ സ്റ്റാലനുമൊക്കെയായിരുന്നു ഹീറോസ്. വല്ലപ്പോഴുമേ ഞങ്ങളുടെ നാട്ടിൽ ഇംഗ്ലീഷ് ആക്ഷൻ മൂവികൾ വരാറുള്ളൂ. അങ്ങനെ വരുന്ന സിനിമകൾ മിക്കതും കാണാറുമുണ്ട്. തൊട്ടടുത്ത വീട്ടിലെ സോജ്യേട്ടനാണ് (സോജേഷ്കുമാർ) സിനിമക്ക് പോകുവാൻ കൂട്ട്. സെക്കന്റ് ഷോയ്ക്ക് ആണ് കൂടുൽ പോവാറുള്ളത്.
അന്ന് ‘ടാർസന്റെ’ പോസ്റ്ററും കണ്ട് വീട്ടിലെത്തിയ ഞാൻ സോജ്യേട്ടനെ കണ്ട് സിനിമയുടെ കാര്യം പറഞ്ഞു. ആള് സെക്കന്റ് ഷോയ്ക്ക് പോവാനുള്ള പരിപാടികൾ പ്ലാനും ചെയ്തു. ഞാൻ തിരിച്ച് വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ച് എട്ടരയ്ക്ക് തന്നെ സിനിമക്കായി ഇറങ്ങി. പക്ഷേ ആ സമയത്താണ് സോജ്യേട്ടന്റെ വീട്ടിൽ അമ്മാവനോ മറ്റോ വിരുന്ന് വന്നത്. അതോടെ ആൾക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞു. നിരാശനായി സോജ്യേട്ടന്റെ വീട്ടിൽ നിന്നും തിരിച്ചു പോന്നെങ്കിലും ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി വരാതെ താഴെ റോഡിലേക്ക് ഇറങ്ങി.
ടാർസൺ മനസ്സിൽ മിന്നി തിളങ്ങി നിൽക്കുകയാണ്. സിനിമ കാണണമെന്ന മോഹം അതികലശലാവുന്നു. അല്പനേരം ആലോചിച്ചു. വീട്ടിൽ നിന്നും ഒന്നര കിലോമീറ്ററിലധികം ദൂരമുണ്ട് ഓല മേഞ്ഞ നവരംഗ് ടാക്കീസിലേക്ക്. അതിൽ ഒന്നേകാൽ കിലോമീറ്ററോളം വഴിവിളക്കൊന്നുമില്ലാത്ത മൺവഴിയാണ്. കയ്യിൽ ഒരു മൂന്ന് കട്ട എവറടി ടോർച്ചുണ്ട്. അതാണ് ധൈര്യം. ഒൻപതരയ്ക്ക് സെക്കന്റ് ഷോ തുടങ്ങും. സാധാരണ ഇംഗ്ലീഷ് ആക്ഷൻ സിനിമകൾ ഒന്നര-ഒന്നേ മുക്കാൽ മണിക്കൂറിൽ കൂടുൽ ദൈർഘ്യം ഉണ്ടാവാറില്ല. അടക്കാനാവാത്ത അഭിനിവേശം കൊണ്ട് സിനിമ കാണാൻ തന്നെ തീരുമാനിച്ചു. നേരെ തീയ്യേറ്ററിലേക്ക് വച്ചടിച്ചു. ഇടക്ക് ടോർച്ചിന് കത്താൻ ഒരു മടി. ടോർച്ചിന് ചെറിയ കംപ്ലൈന്റ് ഉണ്ടെന്ന് അച്ഛൻ സൂചിപ്പിച്ചത് ഓർമ്മ വന്നു. പക്ഷേ ഒന്ന് തട്ടിയാൽ കത്തുന്നുമുണ്ട്. എന്നാലും വലിയ കുഴപ്പമൊന്നും തോന്നിയില്ല.
ഒൻപത് മണി കഴിഞ്ഞപ്പോഴേക്കും തിയ്യേറ്ററിൽ എത്തി. പക്ഷേ ഫസ്റ്റ് ഷോ അവസാനിച്ചിരുന്നില്ല. ‘അതെന്താവോ’ എന്ന് ചിന്തിച്ച് പോസ്റ്ററൊന്ന് നോക്കുവാൻ പോയി. തിയ്യേറ്ററിൽ ചെന്നാൽ പോസ്റ്ററിന്റെ മുൻപിൽ പോയി കുറച്ചു നേരം നോക്കി നിൽക്കുന്നതൊരു ശീലമാണ് (ഇന്നും ). അപ്പോഴാണ് പോസ്റ്റർ ശരിക്കും കണ്ടത്. വള്ളിയിൽ തൂങ്ങിയാടി നിൽക്കുന്ന ടാർസൻ. താഴെ നിരന്ന് നിൽക്കുന്ന കടുവയും ചിമ്പാൻസിയും ആനയും, അതിനിടയിൽ എഴുതിയിരിക്കുന്നു. ‘TARZAN’, ‘HINDI’, ‘COLOUR ‘. ദൈവമേ ഇത് ഹിന്ദി സിനിമ ആയിരുന്നോ…? കണക്ക് കൂട്ടലുകൾ പിഴച്ചു. ഹിന്ദി സിനിമകൾ കുറഞ്ഞത് മൂന്ന് മണിക്കൂർ ഉണ്ടാവും. കഴിയുമ്പോൾ പാതിരാത്രിയാവും. വീട്ടിലേക്ക് തിരിച്ചു പോയാലോ ..? പക്ഷെ ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാണ്. തിയ്യേറ്റർ പരിസരത്ത് വെറുതെ ചുറ്റി നടന്നു. പരിചയമുള്ള ആരെങ്കിലുമൊക്കെ സിനിമ കാണാൻ വന്നിട്ടുണ്ടോയെന്ന് നോക്കി. സാധാരണ ആരെങ്കിലുമൊക്കെ ഉണ്ടാവാറുണ്ട്. ഇന്ന് പക്ഷേ ആരെയും കാണുന്നില്ല.
സമയം ഇഴഞ്ഞു നീങ്ങി. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ ഒൻപതര കഴിഞ്ഞു. ടിക്കറ്റ് കൊടുക്കലെല്ലാം കഴിഞ്ഞ് സിനിമ ആരംഭിച്ചപ്പോൾ ഒൻപതേ മുക്കാൽ. സ്‌ക്രീനിൽ ടാർസൺ തകർക്കുന്നുണ്ട്. പക്ഷെ മനസ്സ് അതിൽ ഉറച്ച് നിൽക്കുന്നില്ല. സിനിമ എപ്പോ കഴിയും എന്ന ചിന്ത കാരണം ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല. ഇടക്ക് രണ്ടോ മൂന്നോ വട്ടം റീല് പൊട്ടി, സിനിമ പിന്നേം വൈകി. ഇന്റർ വെല്ലിന് അടുത്ത് കൂടെ പോയ ചേട്ടന്റെ കാല് തട്ടി കയ്യിലിരുന്ന ടോർച്ച് നിലത്തു വീണു. ടോർച്ചെടുത്ത് ഞെക്കി നോക്കിയപ്പോൾ അത് കത്തുന്നില്ല. ടിക്കറ്റ് ചീന്തുന്ന ദാസേട്ടൻ എന്നെ ഒറ്റക്ക് കണ്ടപ്പോൾ ‘നിനക്ക് ഒറ്റക്ക് സിനിമക്ക് വരാനുള്ള ധൈര്യമായോ’ എന്ന് ചോദിച്ചതുമാണ്. അതുകൊണ്ട് അങ്ങേര് കാണുമെന്ന ജാള്യതയാൽ ഇടക്ക് വെച്ച് എഴുനേറ്റ് പോവാനും തോന്നിയില്ല. വെറുതേ വാച്ചിലേക്ക് നോക്കി കൊണ്ടിരുന്നു. പക്ഷേ സമയം നീങ്ങുന്നേയില്ല. അവസാനം സിനിമ കഴിഞ്ഞപ്പോൾ ഒരു മണിയാവാറായി. തിയ്യേറ്ററിന് പുറത്തിറങ്ങി. അധികം ആളുകളൊന്നും ഇല്ല. പലരും സൈക്കിളിൽ വന്നവരാണ്. ഡൈനാമും ഇട്ട് ലൈറ്റ് മിന്നിച്ച് അവരൊക്കെ വീടുകളിലേക്ക് പാഞ്ഞു.
കരിപ്പക്കുന്നത്തേക്കോ, കൂട്ടാലയിലേക്കോ ഉള്ള ആരെങ്കിലും ഉണ്ടോയെന്ന് ഒന്നുകൂടി ഞാൻ പരതി നോക്കി. ഇല്ല ആരും തന്നെയില്ല. എന്തായാലും അവിടെ നിന്നിട്ട് കാര്യമില്ല. പതുക്കെ റോഡിലേക്ക് ഇറങ്ങി. മുമ്പിൽ ചിലർ നടന്നു പോകുന്നുണ്ട്. പക്ഷേ എവിടേക്കുള്ളവരാണെന്ന് അറിയില്ല. ടോർച്ച് എന്തൊക്കെ ചെയ്തിട്ടും കത്തുന്നുമില്ല. നിവൃത്തിയില്ലാതെ മുന്നോട്ട് നടന്നു. പള്ളിക്കണ്ടം വരെ തെരുവ് വിളക്കുകളുണ്ട്. മുന്നിൽ നടക്കുന്നവർ പള്ളിക്കണ്ടം എത്തിയിട്ടും പീച്ചിക്കുള്ള വഴിയിലൂടെ നേരെയാണ് പോകുന്നത്. കരിപ്പക്കുന്നത്തേക്ക് പോകുവാൻ ആകെയുള്ളത് ഞാനും ഇരുട്ടും മാത്രം. പള്ളിക്കണ്ടത്ത് കുട്ടൻചേട്ടന്റെ പെട്ടിക്കടക്ക് സമീപം അല്പനേരം നിന്നു. കടയോട് ചേർന്നുള്ള വഴിവിളക്കിന് ചുറ്റും നിറയെ പ്രാണികൾ. അവയെ പിടിക്കാൻ പറന്ന് നടക്കുന്ന നരിച്ചീറുകൾ.
കരിപ്പക്കുന്നിലേക്കുള്ള വഴിയിലേക്ക് നോക്കി. വഴിയൊരു ഇരുണ്ട തുരങ്കം പോലെ തോന്നിച്ചു. ചുറ്റും ഇരുട്ട് കട്ടപിടിച്ച് കിടക്കുന്നു. അണലികളും വെള്ളിക്കെട്ടനും യഥേഷ്ടമുള്ള സ്ഥലമാണ്. രാത്രിയവ ഇരതേടിയിറങ്ങും. ഒരു ടോർച്ചും വെട്ടുകത്തിയും ഉണ്ടെങ്കിൽ രാത്രി എവിടെപോവാനും നല്ല ധൈര്യമാണ്. ടോർച്ചിന്റെ വെളിച്ചത്തിൽ പാമ്പിനെ കാണാം. ഇനി പാമ്പോ പട്ടിയോ വന്നാൽ വെട്ടുകത്തികൊണ്ട് ഒരു തട്ട് കൊടുക്കാം. ഇരുമ്പ് വെട്ടുകത്തി കൊണ്ട് മറ്റൊരു ഗുണം കൂടി ഉണ്ട്. അത് അമ്മമ്മ പറഞ്ഞു തന്നിട്ടുള്ളതാണ്. പാതിരാത്രി കഴിഞ്ഞാലാണ് പ്രേതങ്ങളും, യക്ഷികളുമൊക്കെ പുറത്തിറങ്ങുന്നത്. ഇരുമ്പ് കയ്യിലുണ്ടെങ്കിൽ പ്രേതങ്ങൾ അടുക്കില്ലത്രേ. അമ്മമ്മയുടെ വിശ്വാസമാണ്.
ഇന്നിപ്പോൾ വെട്ടുകത്തിയുമില്ല, ടോർച്ച് കത്തുന്നുമില്ല. അപ്പോഴാണ് അന്ന് വെള്ളിയാഴ്ചകൂടി ആണല്ലോയെന്ന് ഞെട്ടലോടെ ഓർത്തത്. കേട്ടിട്ടുള്ള കഥകൾ അനുസരിച്ച് വെള്ളിയാഴ്ച അത്ര പന്തിയുമല്ല.
റോഡ് തീർത്തും വിജനമായി. വാച്ചിൽ സമയം ഒന്നേ പത്ത് കാണിച്ചു. ഇനി നിവൃത്തിയില്ല. മുന്നോട്ട് പോവുക തന്നെ. കൂരിരുട്ടാണ് മുൻപിൽ. ആ ഇരുട്ടിലേക്ക് കണ്ണ് തുറന്നു പിടിച്ച് കുറച്ച് നേരം നിന്നു. പതിയെ ഇരുട്ടിന്റെ കനം കുറഞ്ഞു. നേരിയ നാട്ടുവെളിച്ചം തെളിഞ്ഞു. എങ്കിലും പാമ്പിനെയോ മറ്റോ കാണാനുള്ള വെളിച്ചം ഉണ്ടായിരുന്നുമില്ല. ചെരിപ്പ് കൊണ്ട് ഭൂമിയിൽ ആഞ്ഞു ചവിട്ടി പതിയെ പതിയെ മുന്നോട്ട് പോയി. പാമ്പ് കടിച്ച് മരിച്ച പൗലോസേട്ടന്റെ വീട് കഴിഞ്ഞു. റോഡിന്റെ ഇരുവശത്തും പാടമാണ്. വീടുകൾ ഒന്നും തന്നെയില്ല. അല്ലെങ്കിലും പള്ളിക്കണ്ടത്ത് നിന്ന് എന്റെ വീടെത്തും വരെയുള്ള ഒന്നേകാൽ കിലോമീറ്റർ ദൂരത്ത് റോഡുവക്കിൽ ആകെയുള്ളത് അന്ന് പത്തോ പതിനൊന്നോ വീടുകൾ മാത്രമാണ്.
കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി. വെള്ളാനി മലയിൽ നിന്ന് മണലിപ്പുഴയിലേക്ക് വെള്ളമൊഴുകിവരുന്ന വല്യച്ചാൽ എത്തി. വെള്ളമൊഴുകുന്ന ശബ്ദം അല്പം ദൂരേന്ന് തന്നെ കേട്ടു. ചാലിന് കുറുകേയുള്ള പാലത്തിന്റെ കൈവരിയോട് ചേർന്ന് ആരോ നിൽക്കുന്നപോലെ. കത്താത്ത ടോർച്ച് ഓങ്ങി പിടിച്ച് അല്പംകൂടി അടുത്തുപോയി സൂക്ഷിച്ചു നോക്കി.. ഇല്ല ! ആരുമില്ല.. ! കൈവരിയിൽ പതിച്ചിട്ടുള്ള എന്തോ നോട്ടീസ് ആണ്. പിന്നെയും മുന്നോട്ട് പോയി. രാമാഷുടെ വീടിന്റെ പടിയിൽ കത്തുന്ന ഫിലമെന്റ് ബൾബിൽ നിന്നും നേരിയ വെട്ടം റോഡിലേക്ക് വീഴുന്നുണ്ട്. അവിടെ അല്പനേരം നിന്നു . ടോർച്ചിന്റെ തലപ്പ് മാറ്റി ബൾബ് ഊരിയെടുത്തു. ഒന്ന് തട്ടി വീണ്ടുമിട്ടു. ടോർച്ചിന്റെ സ്വിച്ച് ഞെക്കി. ഭാഗ്യം അത് കത്തുന്നു. പക്ഷേ രാമാഷുടെ വീടിനടുത്ത കയറ്റം എത്തിയപ്പോൾ ടോർച്ച് വീണ്ടും കെട്ടു .
സത്യത്തിൽ ഇനിയാണ് ഏറെ ഭയമുള്ള സ്ഥലം. കപ്യാരുടെ വീടിന് മുന്നിലൂടെ കരിപ്പക്കുന്നിന്റെ നെറുകയിൽ നിൽക്കുന്ന പള്ളിയിലേക്കുള്ള മൺവഴി നേർത്ത നാട്ടുവെളിച്ചത്തിൽ കാണാം. കുന്നിന് മുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പള്ളിക്ക് ചുറ്റും സെമിത്തേരികളാണ് . പള്ളിയുടെ സെമിത്തേരി കൂടാതെ പള്ളിക്ക് താഴെയുള്ള സ്ഥലം പല പെന്തക്കോസ്ത് സഭകളുടെയും ശവപ്പറമ്പുകളാണ്. ആ ശവപ്പറമ്പുകൾ കുന്നത്ത് നിന്നും താഴേക്കിറങ്ങിവന്ന്, കപ്യാരുടെ വീടും കഴിഞ്ഞ് കുറച്ചു കൂടി മുന്നോട്ടു പോയാൽ കാണുന്ന ചെറിയൊരു പാറമടയുടെ അടുത്ത് റോഡിനോട് തൊട്ടു കിടക്കുന്നു. പാറമടയുടെ സമീപം റോഡിനോട് ചേർന്ന്, എത്ര വെട്ടിയിട്ടും ഉണങ്ങി പോവാതെ എല്ലാ വർഷവും തളിർത്തു വരുന്ന കൊന്നമരം. . വള്ളിയമ്മ പണ്ട് വിഷം കഴിച്ച് മരിച്ചു കിടന്ന അതേ കൊന്നമരച്ചുവട് തന്നെ. അതിന് ശേഷം റോഡും കഴിഞ്ഞ് താഴെ ഇടതൂർന്ന ജാതിത്തോട്ടം. ഏറ്റവും ഭയം ഉളവാക്കുന്ന ഈ ഭാഗം കൂടി കടന്ന് വേണം വീട്ടിലെത്തുവാൻ. അവിടെ വച്ച് പലരും രാത്രിയിൽ പേടിച്ചിട്ടുണ്ട്. ഒരിക്കലൊരു പാതിരാത്രിയിൽ ജോയിചേട്ടനെ ഒരു കറുത്ത നായ ഓടിച്ചതും അദ്ദേഹം ഏറെനാൾ പനിച്ചുവിറച്ച് കിടന്നതും അമ്മയോ മറ്റോ പറഞ്ഞ് കേട്ടിട്ടുണ്ട്.
കപ്യാരുടെ വീടിനു മുൻപിലും അല്പസമയം നിന്നു. ഹൃദയം പെരുമ്പറ കൊട്ടുന്നത് ഞാൻ അറിയുന്നുണ്ട്. അല്ലെങ്കിലും ഇങ്ങനെയുള്ളൊരിടത്ത് ഇരുട്ടിനെ ഭയമില്ലാതെയിരിക്കുമോ ? കപ്യാരുടെ വീട്ടിൽ, സണ്ണി ചേട്ടൻ മരിച്ചിട്ടും ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് ഫിലോമിനേച്ചി ഒറ്റക്ക് താമസിക്കുന്നുണ്ടല്ലോ എന്ന് ആലോചിച്ചു പോയി. ചെറിയ ധൈര്യം കിട്ടി. എന്തായാലും നിന്നിട്ട് കാര്യമില്ല. ഒറ്റയടി വെച്ച് മുന്നോട്ട് പോയി. ഇങ്ങനെ ഒരു സമയത്ത് ഈ വഴിക്ക് ആദ്യമാണ്. പണ്ടൊക്കെ സ്കൂൾ വിട്ട് വരുമ്പോൾ കപ്യാരുടെ വീട് കഴിഞ്ഞാൽ അബ്രഹാം ചേട്ടന്റെ വീട് എത്തുംവരെ ഞങ്ങൾ കുട്ടികൾ പേടിച്ചിട്ട് ഓടാറാണ് പതിവ്. ആ സ്ഥലത്താണ് പാതിരാത്രിക്ക് ഞാൻ . വീണ്ടും ഭയം മനസ്സിനെ പിടികൂടി. രാമാഷുടെ പറമ്പിൽ നിന്നും വവ്വാലുകളുടെയോ മറ്റോ ശബ്ദം. ശ്വാസമടക്കി ഞാൻ മുന്നോട്ട് നടന്നു. വള്ളിയമ്മ മരിച്ചകിടന്ന സ്ഥലം എത്തിയപ്പോഴാണ് പെട്ടന്നത് സംഭവിച്ചത്. കൊന്നമരത്തിന്റെ കടക്കൽ നിന്ന് ഒരു പൂച്ച കരഞ്ഞുകൊണ്ട് എന്റെ മുന്നിലേക്ക് ഒരൊറ്റ ചാട്ടം. ഒരു നിമിഷം ശ്വാസം നിലച്ച് നിന്നുപോയി. എങ്കിലും ആ സെക്കൻഡിൽ ഇടത് കൈകൊണ്ട് ടോർച്ചിന് ഒരു കൊട്ട് കൊടുത്ത് വലതുകയ്യിലെ തള്ളവിരൽ കൊണ്ട് അതിന്റെ സ്വിച്ചിൽ അമർത്തി ഞെക്കി. അത്ഭുതം. ടോർച്ച് കത്തി. ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ പൂച്ചയെ നോക്കി. ഓഹ്…കറുകറുത്ത പൂച്ചയല്ല. കറുപ്പും വെള്ളയും ഇടകലർന്ന നിറമുള്ളത്. പലപ്പോഴും പകൽസമയങ്ങളിൽ അബ്രഹാം ചേട്ടന്റെ വീട് മുൻപിൽ കണ്ടിട്ടുള്ള പൂച്ചയാണ്. ഒരു കുഞ്ഞു തവളയെയോ മറ്റോ പിടിക്കുവാൻ വേണ്ടി അത് ചാടിയതാണ്. ആശ്വാസത്തോടെ ഞാൻ മുന്നോട്ട് നടന്നു. പക്ഷേ ടോർച്ച് വീണ്ടും കെട്ടു. പിന്നേയും ദൂരമുണ്ട് വീട്ടിലേക്ക്. പക്ഷേ തപ്പി തടഞ്ഞ് ഒരു വിധം വീടെത്തി. പിറ്റേന്ന് അച്ഛനോട് വിവരം ഞാൻ പറഞ്ഞു. കൂടുതൽ ചീത്തയൊന്നും പറഞ്ഞില്ലെങ്കിലും വിവരക്കേട് ആവർത്തിക്കരുതെന്ന് മാത്രം പറഞ്ഞു. എന്തിനോടെങ്കിലുമുള്ള അഭിനിവേശമൊക്കെ നല്ലതാണെങ്കിലും അതിന്റെ പ്രലോഭനം കൊണ്ടുള്ള എടുത്തു ചാട്ടം നല്ലതല്ലെന്ന് ഞാനന്ന് പഠിച്ചു.
വർഷങ്ങളെത്ര കടന്നുപോയി. മണ്ണിട്ട വഴിയിൽ മെറ്റൽ വിരിച്ചു ടാറിട്ടു. പള്ളിക്കണ്ടത്തുനിന്നും എന്റെ വീടെത്തും വരേയ്ക്കും നിരവധി പുതിയ വീടുകൾ വന്നു. നവരംഗ് ടാക്കീസ് ഒരോർമ്മയായി. സിനിമ കാണാൻ നടന്നു പോയിരുന്ന കാലവും സ്മൃതികളിൽ മാത്രമായി.
എങ്കിലും ഇതൊക്കെ ഇപ്പോൾ ഓർക്കാൻ ഒരു കാരണമുണ്ട്. കഴിഞ്ഞ ആഴ്ച കരിപ്പക്കുന്നത്ത് പോയിരുന്നു. തിരികെ വരുമ്പോൾ, പണ്ട് സിനിമ കണ്ട് തിരിച്ചു വരുമ്പോൾ പൂച്ച കുറുകെ ചാടിയ, വള്ളിയമ്മ മരിച്ചു കിടന്നിരുന്ന ആ കൊന്നമരത്തിന്റെ ഭാഗത്തേക്ക് വെറുതെയൊന്ന് നോക്കി. എന്റെ അച്ഛന്റെ കുട്ടിക്കാലത്തെന്നോ ആണ് വള്ളിയമ്മ ആ കൊന്നമരചുവട്ടിൽ വിഷം കഴിച്ച് മരിച്ചു കിടന്നത്. കൊന്നമരം നിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ എത്രയോ വർഷങ്ങളായി ആ മരത്തിന്റെ തളിർപ്പുകൾ മുറിച്ചുകൊണ്ടിരിക്കുന്നു. തളിർപ്പുകൾ എങ്ങനെ മുറിച്ചു കളഞ്ഞാലും ഒരു മടുപ്പും കൂടാതെകൊന്നമരം വീണ്ടും വീണ്ടും തളിർക്കുന്നു. തലപ്പുകൾ മുറിക്കുന്ന തലമുറകൾ മാറുന്നു… എന്നിട്ടും കൊന്നമരം തളിർത്തുകൊണ്ടേയിരിക്കുന്നു.അതിന്റെ കാരണമെന്താണാവോ…?
ക്ലൈമാക്സിൽ പ്രേതത്തെ കാത്തിരുന്നവരോട്: സത്യത്തിൽ ഞാൻ പ്രേതങ്ങളെ ഇതുവരേയും കണ്ടിട്ടില്ല. അന്ന് ടോർച്ച് അടിച്ചപ്പോൾ അത് കത്തിയിരുന്നില്ല എങ്കിൽ ഒരു ഉഷാറ് പ്രേതകഥ ഞാൻ തന്നെ ഉണ്ടാക്കിയേനെ.
കെ വി വിനോഷ്