1961-നുള്ളിൽ സാഹിത്യലോകത്തും നാടകലോകത്തും തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ. ഗോവിന്ദൻകുട്ടി 1961-ൽ ചലച്ചിത്ര മേഖലയിലേക്കു കടന്നു. ആ മേഖലയ്ക്കായി 24-ഓളം തിരക്കഥകൾ രചിക്കുകയും 200-ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1984-ൽ സിനിമാവേദി വിട്ട് പൂർണ്ണസമയ എഴുത്തുകാരനായി.അങ്ങനെ മൂന്നു നോവലുകൾ അദ്ദേഹം രചിച്ചു.

വടക്കൻ പാട്ടു കഥകൾ ജനമനസ്സുകളിലേക്കു പകർന്നു നൽകിയ സാഹിത്യകാരനും കൂടിയായിരുന്ന ഗോവിന്ദൻകുട്ടി വടക്കൻ പാട്ടിനെയും തെക്കൻ നാടോടിപ്പാട്ടിനെയും ആസ്പതമാക്കി – ‘വടക്കുനിന്നൊരു പെണ്ണ്’ എന്ന നോവൽ എഴുതിപ്പൂർത്തീകരിച്ച് മനോരാജ്യം പബ്ലിക്കേഷൻസിന്റെ ‘കൺമണി’ വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ഇത് കണ്ട് കൊച്ചിയിലെ പ്രസാധകരായ സി ഐ സി സി 1993-ൽ പുസ്തകമാക്കി. ഇത്തരമൊരു ആഖ്യാനം മലയാള നോവൽ സാഹിത്യ ശാഖയിൽ പ്രഥമവുമാണ്.

അതിനിടയിൽ രണ്ടു നോവലും കൂടി പൂർത്തീകരിച്ചു. കേരള സംസ്കാരത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ – പോർച്ചുഗീസിന്റെ കാലഘട്ടത്തിൽ കൊച്ചി രാജകുടുംബവുമായി ബന്ധപ്പെടുത്തി ഉരുതിരിഞ്ഞു വരുന്ന ഒരു കുട്ടിക്കൊമ്പന്റെ കഥയാണ് – ‘തടമ്പ്’ എന്ന ഈ സൃഷ്ടി. ഒടുവിലത്തെ നോവൽ ഗൂർഖകളെക്കുറിച്ചുളള ‘ഗൂർഖ’ എന്ന സൃഷ്ടിയും. ഇത് ഇന്ത്യൻ സാഹിത്യ ശാഖയിൽ ഗൂർഖകളെക്കുറിച്ചുള്ള ആദ്യത്തെ ആഖ്യാനവുമാണ്.

ഇത് രണ്ടും അദ്ദേഹം പുസ്തമാക്കുവാനായി തയ്യാറെടുപ്പു നടക്കുന്നതിനിടയിൽ ഈ നോവലുകൾ ചലച്ചിത്രമാക്കുവാൻ നിർമ്മാതാക്കളെത്തുകയും അങ്ങനെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് 1994 ആഗസ്റ്റ് 23-ന് അദ്ദേഹം വിട പറയുന്നത്. അദ്ദേഹത്തിനു പ്രസിദ്ധീകരിച്ചു കാണാൻ കഴിയാതെ പോയ ഈ രണ്ടു കൃതികൾ രണ്ടായിരാമാണ്ടിൽ അദ്ദേഹത്തിന്റെ മരണാനന്തരകൃതികളായി ജാമാതാവായ ഞാൻ പ്രസിദ്ധപ്പെടുത്തി. ‘തിടമ്പി’ന് മഹാകവി അക്കിത്തം അവർകളെക്കൊണ്ട് അവതാരിക എഴുതിപ്പിച്ചു. ഗൂർഖയ്ക്ക് പ്രമുഖ സാഹിത്യകാരനായ ശ്രീ. കെ. എൽ. മോഹനവർമ്മയെക്കൊണ്ടും. തിടമ്പിന്റെ അവതാരികയിൽ മഹാകവി അക്കിത്തം ഇങ്ങനെ കുറിച്ചു: ”എന്റെ ചിരന്തന സുഹൃത്തായ എൻ. ഗോവിന്ദൻകുട്ടി അദ്ദേഹത്തിന്റെ മരണാനന്തര പ്രസിദ്ധീകരണമായ ഈ നോവലിൽ പോലും ആദ്യകാല കൃതികളിലെന്നപോലെ മനുഷ്യ സ്നേഹത്തിലുറച്ചു നിൽക്കുന്നു എന്നു കാണുന്നതിലുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്.

മനോഹരമായ ഈ തിടമ്പ് സിനിമയ്ക്ക് എന്ന് ഉദ്ദേശിച്ചെഴുതിയിട്ടുള്ളതാവണം. പക്ഷെ, സിനിമയ്ക്ക് തികച്ചും സമുചിതമായ ഈ കൃതി ഇരിപ്പറ വായനയ്ക്കും ഉപകരിക്കുന്നു, തികച്ചും. എന്റെ അനുഭവം അതാണ്. ഈ കൃതി അവതരിപ്പിക്കുക വഴി പരേതാത്മാവിന്റെ നിത്യശാന്തിക്കായി ഒരു തിലോദകമർപ്പിക്കുവാൻ കഴിയുന്നു എന്നതാണ് എന്റെ ഭാഗ്യം. ഞാനീ ഭാഗ്യ നിമിഷത്തിനു മുമ്പിൽ സവിനയം തല കുനിച്ചു നിൽക്കുന്നു. ‘തിടമ്പി’ന് അപ്രതീക്ഷിതമായ ഭാവി നേരുകയും ചെയ്യുന്നു. നോവൽ എന്ന നിലയ്ക്കു മാത്രമല്ല; സിനിമ എന്ന നിലയ്ക്കും.” ശ്രീ. കെ. എൽ. മോഹനവർമ്മ – ”രാത്രിയുറക്കം വിധിച്ചിട്ടില്ലാത്ത ഈ ഒരു കൂട്ടം മനുഷ്യർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്.

പകൽ ഒന്നു കണ്ണടയ്ക്കുവാൻ കടത്തിണ്ണ പോലും കിട്ടാതെ അലയുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ മോഹങ്ങളും മോഹഭംഗങ്ങളും കാണുക എന്നത് നമ്മുടെ പരിഷ്കൃത സമൂഹത്തിന്റെ ചുമതല കൂടിയല്ലേ, എന്ന ഒരു ചോദ്യം കൂടി നാം അസ്വസ്ഥരാകാത്ത വിധത്തിൽ എന്നാൽ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന രീതിയിൽ ഈ നോവൽ ഉയർത്തുന്നുണ്ട്. ഗോവിന്ദൻകുട്ടി ആദ്യ കാലം മുതൽ മർദ്ദിതരും അശരണരായവർക്കും വേണ്ടി ശബ്ദമുയർത്തുന്ന കലാകാരനായിരുന്നു. സ്വാഭാവികമായും ഈ പ്രേമ കഥയും വെറും സെന്റിമെന്റൽ തലത്തിൽ ഒതുക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള അദ്ദേഹത്തിനു കഴിയുകയില്ലല്ലോ. ഈ നോവലിന്റെ രചനയിലെ ലാളിത്യം ഏറെ ശ്രദ്ധേയമാണ്.

അതിസാധാരണ ങ്ങളെങ്കിലും സുന്ദരങ്ങളായ ചെറിയ ചെറിയ വാചകങ്ങളിലൂടെ ഒരു പനിനീർപ്പൂ ഇതൾ വിടരുന്ന ലാഘവത്തോടെയാണ് നോവൽ വികസിക്കുന്നത്. ആശയ ദാരിദ്ര്യം മൂലം കൃത്രിമത്വവും ദുരൂഹതയും കൂട്ടിക്കുഴച്ചുണ്ടാക്കുന്ന രീതി ഇക്കാലത്ത് ആധുനികം എന്നു പറയപ്പെടുന്ന പല കൃതികളുടെയും സവിശേഷതയാണ്. അവയെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ വേലിക്കെട്ടിനുള്ളിൽ തിരുകിയാൽ പെട്ടെന്ന് അവയ്ക്ക് ആഢ്യത്വവും ലഭിക്കും.

തന്റെ നോവൽ വായിക്കാനുള്ളതാണ് എന്നു വിശ്വസിക്കുന്ന ഗോവിന്ദൻകുട്ടിയ്ക്ക് ആശയ ദാരിദ്ര്യമില്ല. അനായാസവും അഭിരാമ്യവുമായ ആഖ്യാനശൈലി ഉണ്ടുതാനും. അതുകൊണ്ട് ആശയപ്രകാശനത്തിലും ഭാവാവിഷ്ക്കരണത്തിലും മലയാള ഭാഷയ്ക്കുളള അന്യൂനമായ ഭംഗി ഒരു നാടൻ പാട്ടിന്റെ ശാലീനതയോടെ ഈ നോവലിൽ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. നന്മയുടെ പ്രതീകമായി നമ്മുടെ ആദരവും സ്നേഹവും പിടിച്ചു പറ്റുന്ന രണ്ടു കഥാപാത്രങ്ങളുണ്ട് ഈ കഥയിൽ. എറണാകുളത്തെ ഗൂർഖ ജമേദാരായ ദ്വാര കേശും ഭാര്യ മലയാളി യായ ഗൗരിയും. ഭാര്യാഭർതൃബന്ധത്തിന്റെ ഇത്രയും സുന്ദരമായ മുഖം അപൂർവ്വമായി മാത്രമേ മലയാളം നോവലുകളിൽ എനിക്കു കാണാൻ സാധിച്ചിട്ടുള്ളു. ഇവർ വിതറുന്ന നന്മയുടെ വിത്തുകൾ നമ്മെ നാമറിയാതെ നല്ലവരാക്കാൻ ശക്തിയുള്ളവയാണ്. ഒരു നല്ല എഴുത്തുകാരന്റെ സിദ്ധി അയാൾക്ക് സ്വയം രൂപപ്പെടുത്തിയ ബാഹ്യശക്തികളെ അതിജീവിക്കാൻ കഴിവുള്ള ഒരു എഴുത്തു മനസ്സ് ഉണ്ടാകുക എന്നതാണ്.

ഈ നോവൽ അങ്ങനെ എഴുത്തു മനസ്സുള്ള ഒരു സാഹിത്യകാരന്റേതാണ്. അനായാസവും അഭിരാമവുമായ ആഖ്യാനശൈലിയിൽ ആപാദമധുരമായ ശില്പഭംഗിയോടെ മൃദുലമായ ഭാവങ്ങളും ഹൃദയബന്ധങ്ങളുടെ ആർദ്രവിശുദ്ധിയും സൂക്ഷ്മദൃഷ്ടിയോടെ പ്രതിഫലിപ്പിച്ചു കാണിക്കുന്ന ഈ നോവൽ വളരെയധികം സന്തോഷത്തോടും അഭിമാനത്തോടും കൂടി ഞാൻ മലയാള വായനക്കാരുടെ സമക്ഷത്തിൽ അവതരിപ്പിക്കുകയാണ്.”അടിക്കുറിപ്പ്‌: ‘ഗൂർഖ’ വായിച്ച് പ്രമുഖ സാഹിത്യകാരിയും കവയത്രിയുമായ ശ്രീമതി മാധവിക്കുട്ടി ഗോവിന്ദൻകുട്ടിയുടെ മകൾ രേഖയ്ക്ക് ഇങ്ങനെ എഴുതി: ”അച്ഛന്റെ കൃതികൾ പരിചിതങ്ങളാണ്. ഗുർഖയെ അനശ്വരനാക്കി. പാവം ഗുർഖ.”

പുസ്തകങ്ങൾക്ക് – 9495273791

By ivayana