രചന : ശ്രീകുമാർ എം പി

ദൈവപുത്രൻ പിറന്നു
ദിവ്യ ചൈതന്യം നിറഞ്ഞു!
മനസ്സിലൊരുക്കിയ
പുൽക്കൂടിനുള്ളിലായി
ദൈവപുത്രൻ പിറന്നു
ദിവ്യ ചൈതന്യം നിറഞ്ഞു !

ഇരുളിന്റെ ചിന്തക-
ളൊഴിഞ്ഞകന്നു
ഇരുളിന്റെ യിതളുകൾ
കൊഴിഞ്ഞു വീണു
ഇരുൾപ്പക്ഷി ചിറക-
ടിച്ചകന്നു പോയി
ഇടറുന്ന നെഞ്ചിന്റെ
ഇടയനായി
ഇടനെഞ്ചിൽ കരുത്തായാ
യുണ്ണി വിളങ്ങി
നിറദീപമവിടെ
തെളിഞ്ഞു നിന്നു
പരിമളമവിടെ
നിറഞ്ഞു നിന്നു
മധുരസംഗീതങ്ങ-
ളൊഴുകി വന്നു
പൊൻതാരകങ്ങൾ പ്രഭ
ചൊരിഞ്ഞു നിന്നു
ആത്മാനന്ദം പകർന്നു
നിത്യപ്രകാശം
തൂകി ഹൃദയമൊരു
ദേവാലയമായ്

ദൈവപുത്രൻ പിറന്നു
ദിവ്യചൈതന്യം നിറഞ്ഞു
മനസ്സിലൊരുക്കിയ
പുൽക്കൂടിനുള്ളിലായി
ദൈവപുത്രൻ പിറന്നു
ദിവ്യചൈതന്യം നിറഞ്ഞു.

By ivayana