രചന : പവിത്രൻ തീക്കുനി

കരളിൽ കടൽ തെയ്യങ്ങൾ
ഉറഞ്ഞു തുള്ളിയ കാലത്തിന്
കനവിൽ പൂവിട്ട
ആത്മഹത്യകളുടെ
ഉത്സവത്തിന്
കവിതയിൽ നിന്നെ മാത്രം
വാറ്റിക്കുടിച്ച
ഏകാന്തതകൾക്ക്
മുറിച്ച് കടക്കാൻ
കഴിയാതെ പോയ
ദാഹകുരുക്കുകൾക്ക്
അപകട വളവുകളിൽ
ചേർത്തു പിടിച്ച
കറുത്തമിടിപ്പുകൾക്ക്
തൂവ്വമലയുടെ
ചരിവുകളിൽ
ജീവനോടെ കുഴിച്ചുമൂടിയ
കിതപ്പുകൾക്ക്
ഇപ്പോൾ
ഞാൻ വീണു കിടക്കുന്ന
പ്രണയത്തിന്റെ
കുഴൽക്കിണറിന്
പിണക്കങ്ങളുടെ
മഞ്ഞഭിത്തികളിൽ
ഞാത്തിയിട്ട
ഇരുണ്ട വെള്ളച്ചാട്ടങ്ങൾക്ക്
വാക്കുകളുടെ
വനാന്തരത്തിൽ
വെന്തുമരിച്ച
സ്വപ്ന സഞ്ചാരികൾക്ക്
നിലാവിനെ
ബലിച്ചോറായി
നേദിച്ച
കാത്തിരിപ്പുകൾക്ക്
പിന്നെ
ഒരിക്കലും കണ്ടുമുട്ടാത്ത
എനിക്കും
മഴയുടെ കൊത്തേറ്റ് മരിച്ച നിൻ്റെ മൗനങ്ങൾക്കും.

പവിത്രൻ തീക്കുനി

By ivayana